|    Oct 18 Thu, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭവാനി ടീച്ചര്‍ യാത്രയായി, കണ്ണന്റെ ലോകത്തേക്ക്

Published : 12th September 2017 | Posted By: fsq

 

കല്‍പറ്റ: വാര്‍ധക്യത്തില്‍ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ അമ്മയാവുകയും പിന്നീട് കുട്ടിയുടെ അപ്രതീക്ഷിത മരണത്തില്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഭവാനി ടീച്ചര്‍ അന്തരിച്ചു. പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസിയായിരുന്ന ഭവാനി ടീച്ചര്‍ (76) ഇന്നലെ പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. മേപ്പാടി വിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ആറ്റുനോറ്റുണ്ടായ മകന്‍ കണ്ണന്‍ രണ്ടാം വയസ്സില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരണപ്പെട്ടതോടെയാണ് ബന്ധുക്കളില്‍ നിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ഭവാനി ടീച്ചര്‍ തീര്‍ത്തും ഒറ്റപ്പെടുന്നത്. ഒരായുസ്സില്‍ നേരിടാവുന്നതിലുമധികം വെല്ലുവിളികളെ അതിജീവിച്ച, മലയാളികളൊന്നാകെ അമ്മയെന്നു വിളിച്ച ആലപ്പുഴ സ്വദേശിനിയായ ഭവാനി ടീച്ചറാണ് ഓര്‍മയായത്. കണ്ണന്‍ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവാകുമായിരുന്നു അവന്‍. 62ാം വയസ്സിലാണ് മറ്റാരും മടിക്കുന്ന ആ പരീക്ഷണത്തിനു ടീച്ചര്‍ ഒരുങ്ങിയത്. ജന്മം നല്‍കിയ കുഞ്ഞ് മരിച്ചതോടെ ടീച്ചര്‍ ആകെ തളരുകയായിരുന്നു. കണ്ണന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വീണ്ടും ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു ആ അമ്മയ്ക്ക്. പിന്നീട് അഞ്ചു വര്‍ഷം മുമ്പ് വയനാട്ടിലെത്തിയ ഭവാനിയമ്മ മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടില്‍ കുട്ടികള്‍ക്ക് കണക്ക് ട്യൂഷനെടുത്തു. വയനാട്ടിലെ ആ പുതിയ തുടക്കത്തിനും അല്‍പായുസ്സായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ആ അമ്മ തളര്‍ന്നുവീണു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ കഴിഞ്ഞ ജനുവരിയിലാണ് കല്‍പറ്റ പിണങ്ങോട് പീസ് വില്ലേജ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ അമ്മയോടൊപ്പം ഒരുപാട് സുമനസ്സുകള്‍ കൂടി ചേര്‍ന്നപ്പോള്‍ കിടക്കയില്‍ നിന്നു വീല്‍ചെയറിലേക്ക് മാറാനായി. വെങ്ങപ്പള്ളിയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പീസ് വില്ലേജില്‍ വരുന്ന ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ താലോലിച്ച് ഭവാനിയമ്മ പുതിയ ജീവിതപടവുകള്‍ കയറുന്നതിനിടെ മൂന്നാഴ്ച മുമ്പ് വീണ്ടും അസുഖം മൂര്‍ഛിക്കുകയും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയുമായിരുന്നു. അവസാന കാലത്ത് ആ അമ്മയ്ക്ക് മക്കളായി മാറാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് പിണങ്ങോട് പീസ് പ്രവര്‍ത്തകര്‍. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിച്ചു മുന്നേറണമെന്നതായിരുന്നു 75കാരിയായ ഭവാനി ടീച്ചര്‍ അന്തേവാസികളോട് പറഞ്ഞിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss