|    Jun 20 Wed, 2018 7:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭവന നിര്‍മാണ ബോര്‍ഡ് : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാലാവധി നീട്ടും

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഭവന നിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമൂലമുണ്ടാവുന്ന സാമ്പത്തിക ബാധ്യത ഭവനനിര്‍മാണ ബോര്‍ഡ് ഏറ്റെടുക്കാനും തീരുമാനമായി. കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2016 ജനുവരി 20ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 10ാം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും. എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിക്കുകയും പിഎസ്‌സി മുഖേന സ്ഥിരനിയമനം, പ്രസവാവധി, അധ്യയന വര്‍ഷാവസാനം എന്നീ കാരണങ്ങളാല്‍ 179 ദിവസം സേവനം പൂര്‍ത്തീകരിക്കാനാവാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍നിയമനം നല്‍കും. സാമൂഹികനീതി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത 157 അംഗ പരിമിതര്‍ക്ക് 2,677 സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ ഇതുവരെ നികത്തപ്പെടാത്ത ഒഴിവുകളില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിയമനം നല്‍കുക. കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിക്കും. സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന് ദേശീയ പട്ടികവര്‍ഗ ധനകാര്യവികസന കോര്‍പറേഷനില്‍നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് നിലവിലെ സര്‍ക്കാര്‍ ഗ്യാരന്റി മൂന്നുകോടിയില്‍നിന്നും ആറുകോടി രൂപയാക്കി വര്‍ധിപ്പിക്കും. കൃഷിവകുപ്പിന്റെയും പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സിനും ലഭ്യമാക്കും. കൃഷി വകുപ്പും പട്ടികജാതി-വര്‍ഗ വകുപ്പും ലഭ്യമാക്കുന്ന തോട്ടണ്ടി മാര്‍ക്കറ്റ് വില നല്‍കി വാങ്ങുന്നതിന് കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സിനും അനുമതി നല്‍കും. കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അഞ്ച് മാനേജീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോഡ് സേഫ്റ്റി, ഡയറക്ടര്‍ റോഡ് യൂസര്‍ സേഫ്റ്റി, ഡയറക്ടര്‍ ഗവണ്‍മെന്റ് സപ്പോര്‍ട്ട് ആന്റ് കമ്മ്യൂണിറ്റി ലെയ്‌സണ്‍, ഡയറക്ടര്‍ ഡാറ്റാ അനാലിസിസ് ആന്റ് പെര്‍ഫോമന്‍സ് മോണിറ്ററിങ്, ഡയറക്ടര്‍ കാംപയിന്‍സ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. ഔഷധസസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും. അക്കൗണ്ടന്റ് ജനറല്‍ ഓഫിസ് നിര്‍മാണത്തിനായി തിരുവനന്തപുരം താലൂക്കില്‍ തൈക്കാട് വില്ലേജില്‍ ബ്ലോക്ക് 129ല്‍ റീസര്‍വേ 22ല്‍പ്പെട്ട 22.77 ആര്‍ ഭൂമി സൗജന്യമായി നല്‍കാനും തീരുമാനമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss