|    Jun 19 Tue, 2018 10:45 am
FLASH NEWS

ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നുകൂടരുത് : മന്ത്രി ഡോ. കെ ടി ജലീല്‍

Published : 5th August 2017 | Posted By: fsq

 

കോട്ടയം: നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നല്‍കുന്നതിനു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി  ജലീല്‍. പാറത്തോട് പഞ്ചായത്ത് ഓഫിസ് സമുച്ചയം രണ്ടാം നിലയുടെയും പഞ്ചായത്തിലെ ജലനിധി രണ്ടാംഘട്ടത്തിന്റെയും ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള സിം കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത 70,000 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി വരുന്ന സാഹചര്യത്തില്‍ അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. പരാതികളും ആക്ഷേപങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തണം. അടുത്ത വര്‍ഷം 90,000 ക്ലേശ കുടുംബങ്ങളെ സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ പെടുത്തി വീടുകള്‍ നല്‍കും. ലൈഫ് പദ്ധതി പ്രകാരം നാലു ലക്ഷം രൂപയാണ് ഒരു ഭവനത്തിനു നിര്‍മാണച്ചെലവായി നിശ്ചയിച്ചിട്ടുള്ളത്. പല സ്‌കീമുകളില്‍ പണി പൂര്‍ത്തിയായിട്ടില്ലാത്ത വീടുകള്‍ക്ക് ഇതുവരെ നല്‍കിയ തുക കഴിച്ച് ബാക്കി തുക നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ മാത്രമേ നാടിന്റെ വികസനം സാധ്യമാവുകയുള്ളു.സാധാരണ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് മിക്ക പഞ്ചായത്തുകളും പദ്ധതി അംഗീകാരം നേടുന്നത്. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നുതുടങ്ങി. ഈ വര്‍ഷം മെയ് 31നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നേടണം. നിര്‍ദേശം പാലിക്കാതിരുന്ന രണ്ടു പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരേ വകുപ്പുതല നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള സിം കാര്‍ഡുകളുടെ വിതരണോദ്ഘാടനം ബിഎസ്എന്‍എല്‍ കോട്ടയം ജനറല്‍ മാനേജര്‍ സാജു ജോര്‍ജില്‍ നിന്ന് ഏറ്റുവാങ്ങി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ് ജ്യോല്‍സനാമോള്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അദ്ദേഹം ആദരിച്ചു. പി സി ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുടുംബശ്രീ സിഡിഎസ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി എം ഹനീഫ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍ ജെ കുര്യാക്കോസ് ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss