|    Feb 27 Mon, 2017 7:42 pm
FLASH NEWS

ഭവനരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തുക വര്‍ധിപ്പിക്കും

Published : 12th November 2016 | Posted By: SMR

പാലക്കാട്: ഭവനരഹിതരായ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണ തുക ഉടന്‍ വര്‍ധിപ്പിക്കുമെന്ന് നിയമ-സാസ്‌കാരിക പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍. നിലവില്‍ പട്ടണപ്രദേശത്ത് അഞ്ച് ലക്ഷവും ഗ്രാമ പ്രദേശങ്ങളില്‍ മൂന്ന് ലക്ഷവുമാണ് ഭവനനിര്‍മാണ തുക. ഈ വിഭാഗക്കാരില്‍ ഭൂരഹിതരായവര്‍ക്കുള്ള ഭൂമി വിലയ്ക്ക് വാങ്ങി നല്‍കും. ഇതിന് പണം പരിമിതമെങ്കില്‍ സര്‍ക്കാരിന്റെ മിച്ചഭൂമി കണ്ടെത്തി നല്‍കും.  പാലക്കാട് ടൗണ്‍ഹാളില്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക്  സ്വര്‍ണമെഡല്‍ വിതരണോദ്ഘാടനം നര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഒരു വര്‍ഷം 5000 പേര്‍ക്കെങ്കിലും ഭൂമി നല്‍കും. പിന്നാക്കക്കാരെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റുള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കും. ഒ.ഇ.സി വിദ്യാര്‍ഥി വിഭാഗത്തിന് ആനുകൂല്യമായി നല്‍കാനുള്ള 180 കോടിയുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കും. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇതിനായി മോഡല്‍ റെസിഡന്‍ഷല്‍ സ്‌ക്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. ബജറ്റ്് വിഹിതം ഉപയോഗിക്കാതെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ സംവിധാനം കണ്ടെത്തും. കിഫ്ബിയില്‍ നിന്നുള്ള തുക ചെലവഴിച്ച് ജില്ലയില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കും. പാലക്കാടിന് പുറമെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലും എം.ആര്‍.എസ്സുകള്‍ സ്ഥാപിക്കും. ഇതിനായി കിഫ്ബിയില്‍ നിന്നും 250 കോടി ചെലവഴിക്കും. അട്ടപ്പാടി കേന്ദ്രീകരിച്ചും എം.ആര്‍.എസ്, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകള്‍ നിര്‍മിക്കും. നിലവിലുള്ളവയുടെ നവീകരണവും തുടരും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നേരിട്ടറിയിക്കാമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗക്കാര്‍ക്കായി ജില്ലാ കേന്ദ്രങ്ങളിലും ഡയറക്ടറേറ്റിലും ഇന്റര്‍നെറ്റ് സൗകര്യത്തോടെ അപേക്ഷാഫോമും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്ന ഹെല്‍പ്‌ഡെസക്കുകള്‍ സ്ഥാപിക്കും. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. അഴിമതി, സ്വജനപക്ഷപാതം എന്നിവയില്ലാതെ ദരിദ്രര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കുള്ള പാലക്കാട് മെഡിക്കല്‍ കോളെജിന്റെ  ബാക്കിയുള്ള  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളെജില്‍ ആവശ്യമുള്ള തസ്തിക സൃഷ്ടിക്കും. അതുവഴി പാലക്കാട് ജില്ലാ മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് തൃപ്തികരമായ രീതിയില്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി..കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.  കെ ശാന്തകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശന്‍ , നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(വിദ്യാഭ്യാസം) വി എസ് മുഹമ്മദ് ഇബ്രാഹിം , സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം പ്രേംനവാസ് , ജില്ലാ പട്ടികജാതി ഓഫിസര്‍ എസ് നസീര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day