|    Feb 28 Tue, 2017 6:39 pm
FLASH NEWS

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ശരീരം തളര്‍ന്ന യുവതി നീതിതേടിയെത്തി

Published : 19th November 2016 | Posted By: SMR

കോട്ടയം: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നടത്തി. കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ധിക്കുന്നതായി കമ്മീഷനംഗം ഡോ. ജെ പ്രമീള ദേവി ചൂണ്ടിക്കാട്ടി. മനസു തുറന്ന് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്ക് വയ്ക്കാനുമുളള സാഹചര്യം ഇല്ലാത്തതാണ് പല കുടുംബ പ്രശ്‌നങ്ങളുടേയും അടിസ്ഥാന കാരണം. സ്ത്രീകളും പുരുഷന്മാരും വയോജനങ്ങളും കുട്ടികളും ഓരേ പോലെ നേരിടുന്ന പ്രശ്‌നമാണിതെന്ന് കമ്മീഷന്‍ വിലയിരുത്തി.നിരവധി പേരാണ് പരാതികളുമായി ഇന്നലെ അദാലത്തില്‍ എത്തിയത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനമെല്ലാം സഹിച്ച് ശരീരം തളര്‍ന്ന യുവതി ഒടുവില്‍ നീതി തേടി വനിതാ കമ്മിഷന്‍ അദാലത്തില്‍ എത്തിയത്  ദയനീയമായ കാഴ്ച്ചയായിരുന്നു. മദ്യപാനിയായ ഭര്‍ത്താവിന്റെ ചവിട്ടില്‍ ശരീരം തളര്‍ന്ന നിലയിലാണ്  33 വയസുള്ള യുവതി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിക്കാണ് ഈ ചെറുപ്രായത്തില്‍ ഇത്രയും വലിയ ദുരിതം ഏല്‍ക്കേണ്ടി വന്നത്. യുവത്വത്തില്‍ തന്നെ ജീവിതം കിടക്കയില്‍ ഒതുക്കിയ ഭര്‍ത്താവിനെതിരേയായിരുന്നു പരാതി. ആറു മാസമായി ഇവര്‍ തളര്‍ന്ന കിടപ്പാണ്. ഇവരുടെ ഭര്‍ത്താവ് സുമേഷ് ഒരു ദിവസം മദ്യപിച്ചെത്തിയപ്പോഴായിരുന്നു ദുരന്തത്തിന്റെ തുടക്കം. യുവതിയുടെ കാലിന്റെ അസ്ഥി മദ്യലഹരിയില്‍ ഇയാള്‍ തല്ലി ഒടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയെങ്കിലും പരസ്പര ഒത്തുതീര്‍പ്പിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ, സുമേഷിന്റെ അക്രമം അവിടെയും അവസാനിച്ചില്ല. വീണ്ടും മദ്യപിച്ചെത്തുന്ന ദിവസങ്ങളില്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതു പതിവാക്കി. നടുവിനും വയറിനും ചവിട്ടിയ സുമേഷ് ഭാര്യയെ വലിച്ചു മുറ്റത്തേക്ക് എറിഞ്ഞെന്നാണ് പരാതി. ആ വീഴ്ച്ചയില്‍ യുവതിയുടെ നടുവിന്റെ ഡിസ്‌ക് തകരുകയായിരുന്നു. പിന്നീട് എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ ഇവരുടെ ചികില്‍സയ്ക്ക് 25,000 രൂപയാണ് വേണ്ടി വരിക. രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ക്ക് ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വേദന കൊണ്ട് ഓരോ നിമിഷവും പുളയുന്ന ദയനീയ കാഴ്ച ആര്‍ക്കും കണ്ടു നില്‍ക്കാനാവില്ല. നിലവില്‍ സ്വന്തം വീട്ടിലാണ് യുവതിയുടെ താമസം. ഇപ്പോള്‍ അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഇവരെ നോക്കുന്നത്. ഭാര്യയോടുള്ള ക്രൂരത നിര്‍ത്തിയതോടെ സുമേഷിന്റെ ഇര സ്വന്തം മകളായി. അമ്മയില്ലാതെ ആ വീട്ടില്‍ ജീവിച്ച മകളോട് അസഭ്യമായി പെരുമാറാന്‍ തുടങ്ങിയതോടെ മകളും അമ്മയുടെ വീട്ടിലേക്കു താമസം മാറി. പഠനത്തില്‍ മുമ്പന്തിയില്‍ നിന്നിരുന്ന കുട്ടി ഇപ്പോള്‍ പഠനത്തില്‍ മന്ദഗതിയിലാണ്.സ്ത്രീയെ ശാരീരികമായി മര്‍ദ്ദിക്കുകയും ജീവിതം ദുരിത പൂര്‍ണമാക്കുകയും ചെയ്ത ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ കമ്മീഷന്‍ പോലിസിനു നിര്‍ദേശം നല്‍കി.60 കേസുകളാണ് മെഗാ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 35 കേസുകള്‍ തീര്‍പ്പാക്കി. 15 കേസുകള്‍ പോലിസിന്റെയും വനിതാ പ്രൊട്ടക്ഷന്‍ ഓഫിസറുടെയും അന്വേഷണ റിപോര്‍ട്ടിനായി അയച്ചു. 10 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day