|    Nov 23 Thu, 2017 4:27 pm
FLASH NEWS

ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന പരാതിയുമായി ഭാര്യയും ബന്ധുക്കളും

Published : 13th August 2017 | Posted By: fsq

 

അഞ്ചല്‍: ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും രംഗത്ത്. കൊമ്പേറ്റിമല പ്രസ്സന്നഭവനില്‍ ബാബു (56)വിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 30നാണ് കുളത്തില്‍ മരണപ്പെട്ട നിലയില്‍ ബാബുവിനെ കണ്ടെത്തിയത്. ഭാര്യയും ബന്ധുക്കളും മരണത്തില്‍ സംശയം അന്നേ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പോലിസ് ഇത് ചെവികൊണ്ടില്ലെന്നും തുടര്‍ന്ന് അന്വേഷണം നടത്തിയില്ലന്നും ബാബുവിന്റെ ബന്ധുക്കള്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് ബാബു കുളത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ശവശരീരം പുറത്തെടുത്തപ്പോള്‍ ശരീരം നിറയെ മുറിവായിരുന്നു. മുഖത്തും, തലയുടെ പിറകുവശത്തും അടിയുടെ പാടുകള്‍ ഉണ്ടായിരുന്നവെന്നും ദൃക്‌സാക്ഷികളും പറയുന്നു. ഹരിജന്‍ സ്ത്രീയെ മര്‍ദിച്ച കേസില്‍  ബാബു ചിലര്‍ക്കെതിരേ ഒന്നാം സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യവും നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ബന്ധുവിനു ബ്ലഡ് കൊടുക്കാന്‍ പോകുന്നുവെന്നും രണ്ട് ദിവസ്സം കഴിഞ്ഞേ വരൂവെന്നും പറഞ്ഞാണ് ബാബു വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അറിയാന്‍ കഴിഞ്ഞത് കുളത്തില്‍ മരിച്ചു കിടക്കുന്നുവെന്ന വാര്‍ത്തയാണ്.  ഇത് പോലെ മൂന്ന് മരണങ്ങള്‍ ഇതിന് മുന്‍പ് ഈ സ്ഥലത്തു നടന്നിട്ടുണ്ടെന്നും തെളിയിയ്ക്കപ്പെട്ടിട്ടില്ലന്നും നാട്ടുകാര്‍ പറയുന്നു. വീണ് മരിക്കാനായി ആഴമുള്ള കുളവുമല്ലന്നും നാട്ടുകാര്‍ പറയുന്നു. ബാബുവിന്റെ തലയുടെ പിന്നില്‍ അടികൊണ്ടുള്ള  മുറിപ്പാടുകളുമുണ്ടായിരുന്നു.  എന്നാല്‍ പോലിസ് ഈ കേസ് ആത്മഹത്യ യാക്കി കേസ് തീര്‍ത്തുവെന്നാണ് ബന്ധുക്കളുടെപരാതി.  ബാബുവിന്റെ ഭാര്യ ഉഷയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു നിയമപോരാട്ടത്തിനു തയ്യാറാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക