|    May 29 Mon, 2017 5:05 pm
FLASH NEWS

ഭര്‍തൃമതിക്കു നേരെ ആസിഡ് ആക്രമണം: യുവാവ് അറസ്റ്റില്‍

Published : 15th August 2016 | Posted By: SMR

മാനന്തവാടി: വിവാഹാഭ്യാര്‍ഥന നിരസിച്ച ഭര്‍തൃമതിക്ക് നേരെ ആസിഡ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് തൊട്ടില്‍പ്പാലം പൂതംപാറ ചൂരണി സ്വദേശി മതിലകത്ത് മെല്‍വിന്‍ ജോസഫി(24)നെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിനിയായ 30കാരിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെയും ആക്രമണം തടയുന്നതിനിടെ പരിക്കേറ്റ മാതാപിതാക്കളെയും മാനനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയെ പിന്നീടെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി. മെക്കാനിക് ജോലിക്കാരനായ മെല്‍വിന്‍ പൂതംപാറയില്‍ നിന്നു വാങ്ങിയ ആസിഡുമായി യുവതിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ ആസിഡ് തെറിച്ച് മെല്‍വിനും നിസ്സാര പൊള്ളലേറ്റു. രണ്ടു കുട്ടികളുടെ മാതാവായ യുവതി ഏതാനും വര്‍ഷമായി ഭര്‍ത്താവില്‍ നിന്നു അകന്നുകഴിയുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുപേക്ഷിച്ച യുവതിയുമായി മെല്‍വിന്‍ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പല തവണ ഇയാള്‍ യുവതിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ പലപ്പോഴായി ലക്ഷക്കണക്കിന് രൂപ യുവതിയും കുടുംബാംഗങ്ങളും കൈപ്പറ്റിയതായും പ്രതി പോലിസിനോട് പറഞ്ഞു. രണ്ടു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമെല്ലാം ഇവര്‍ കൈക്കലാക്കിയത്രേ. എന്നാല്‍, വിവാഹത്തിനോ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനോ തയ്യാറായില്ല.
ഇതിലുള്ള പ്രതികാരം തീര്‍ക്കാനായിരുന്നു കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. കൃത്യത്തിനു ശേഷം ഇയാള്‍ മാനന്തവാടി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മാനന്തവാടി സിഐയുടെ ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി സിഐ എം ഡി സുനിലാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇന്നു മാനന്തവാടി സിജെഎം കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day