|    Jul 19 Thu, 2018 5:57 am
FLASH NEWS

ഭരണ-പ്രതിപക്ഷാംഗങ്ങള്‍ എലിക്കുളം പഞ്ചായത്ത് ജീവനക്കാരെ ഘെരാവോ ചെയ്്തു

Published : 28th September 2017 | Posted By: fsq

 

പൊന്‍കുന്നം: എലിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റുകള്‍ നല്‍കാന്‍ കാലതാമസം വരുത്തുന്നെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെയും അസി. എന്‍ജിനീയറെയും അപേക്ഷകരും പ്രസിഡന്റും ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് ഘെരാവോ ചെയ്തു. ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു പ്രതിഷേധം. പുതിയ ബില്‍ഡിങ് പെര്‍മിറ്റിനായി നിരവധിപേര്‍ പഞ്ചായത്തില്‍ ഫീസടച്ച് മാസങ്ങള്‍ കാത്തിരുന്നിട്ടും പല തടസ്സവാദങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫിസില്‍ ഇന്നലെ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഒന്നുകില്‍ അടച്ച ഫീസ് തിരികെ നല്‍കുക, അല്ലെങ്കില്‍ പെര്‍മിറ്റ് നല്‍കുക എന്നീ ആവശ്യങ്ങളാണ് അപേക്ഷകര്‍ ഉന്നയിച്ചത്. ഇല്ലെങ്കില്‍ കാരണം എഴുതി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മല്ലികശേരി കൊല്ലംപറമ്പില്‍ മേരിക്കുട്ടി തോമസ്, തച്ചപ്പുഴ നരിയനാനി പൂവേലിക്കുന്നേല്‍ ജയിംസ്, എലിക്കുളം കുന്നേല്‍ സന്ധ്യ തുടങ്ങിയ അപേക്ഷകരും പ്രതിഷേധിക്കാന്‍ ഉണ്ടായിരുന്നു. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിച്ച ശേഷം ഓഫിസ് വിട്ടുപോയാല്‍ മതിയെന്ന നിലപാടില്‍ പ്രസിഡന്റ് എംപി സുമംഗലാദേവി, വൈസ് പ്രസിഡന്റ് മാത്യു ടി ആനിത്തോട്ടം, പ്രതിപക്ഷാംഗം ജോഷി കെ ആന്റണി എന്നിവരും അറിഞ്ഞുകേട്ടെത്തിയ നാട്ടുകാരും ചേര്‍ന്നതോടെ ഓഫിസ് സംഘര്‍ഷാവസ്ഥയിലായി. പലപ്പോഴും അസി. എന്‍ജിനീയര്‍ക്ക് വേണ്ടി വനിതാ ഓവര്‍സിയറാണു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണു പ്രതിഷേധക്കാരുടെ ആരോപണം. വിവരമറിഞ്ഞ് പൊന്‍കുന്നം പോലിസും സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കു പെര്‍മിറ്റ് നല്‍കിയതോടെയാണു പ്രശ്‌ന പരിഹാരമുണ്ടായത്. പഞ്ചായത്ത് ഭരണം മോശമെന്നു വരുത്താന്‍ ചില ജീവനക്കാര്‍ ശ്രമിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പ്രസിഡന്റ് ആരോപിച്ചു. ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാതെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss