|    Jun 18 Mon, 2018 7:30 am
FLASH NEWS

ഭരണ കക്ഷിയുടെ പ്രാദേശിക ഗ്രൂപ്പ് പോര്‌ ; പ്രേംനസീര്‍ സ്മൃതിസായാഹ്നം അനിശ്ചിതത്വത്തില്‍

Published : 2nd August 2017 | Posted By: fsq

 

എം എം അന്‍സാര്‍

കഴക്കൂട്ടം: ഭരണകക്ഷിയുടെ പ്രാദേശിക ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പ്രേംനസീര്‍ സ്മൃതിസായാഹ്നം അനിശ്ചിതത്വത്തിലേക്ക്. പഞ്ചായത്ത് ഭരണസമിതിയുടെയും പൗരാവലിയുടെയും നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പ്രശസ്തരായ ചലച്ചിത്ര താരങ്ങളെയും കലാ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ ശാര്‍ക്കര മൈതാനിയില്‍ വളരെ വിപുലമായാണ് സ്മൃതിസായാഹ്നം നടത്തിവന്നത്. എന്നാല്‍ ഈ വര്‍ഷം ഏറെ വൈകിപ്പിച്ച് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പേരിന് വേണ്ടി പരിപാടി നടത്തി തടിയൂരാനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തിയതെന്നാണ് ആക്ഷേപം. ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തും പ്രദേശത്തെ വിവിധ സംഘടനകളും ചേര്‍ന്നുള്ള പൗരാവലിയുമാണ് പരിപാടിക്ക് ചുക്കാന്‍പിടിക്കുന്നത്. എന്നാല്‍ ഇക്കുറി ഏഴ് മാസം വൈകിപ്പിച്ചാണ് പരിപാടി നടത്താന്‍ സംഘാടകര്‍ രംഗത്തെത്തിയത്. ഇത്രയും വൈകിയതിന് പഞ്ചായത്തും പൗരാവലിയും ഒരുപോലെ കാരണക്കാരെന്നും അക്ഷേപമുണ്ട്. എല്ലാ വര്‍ഷവും സ്മൃതിസായാഹ്ന ചടങ്ങില്‍ ചലച്ചിത്രരംഗത്തെ പ്രമുഖരില്‍ ഒരാളെ തിരഞ്ഞെടുത്ത് പ്രേംനസീര്‍ പുരസ്‌കാരവും നല്‍കാറുണ്ട്. പുരസ്‌കാര തുകയായ 50,000 രൂപയും ശില്‍പവും പഞ്ചായത്താണ് നല്‍കുന്നത്. ബാക്കി പരിപാടിക്ക് ആവശ്യമായ മറ്റു ഫണ്ട് പഞ്ചായത്തും പൗരാവലിയും സംയുക്തമായി ചേര്‍ന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് നിര്‍വഹിക്കുന്നത്. ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്താറുള്ള ചിറയിന്‍കീഴ് ജലോല്‍സവത്തിന് മുമ്പ് സ്മൃതിസായാഹ്നവും പുരസ്‌കാര വിതരണവും നടത്താനും പുരസ്‌കാരം ചലച്ചിത്ര താരം ടി പി മാധവന് നല്‍കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ വിവരം മാധ്യമങ്ങളെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എല്ലാ വര്‍ഷവും പൗരാവലിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. തങ്ങളെ അറിയിക്കാതെ പഞ്ചായത്ത് ഏക പക്ഷീയമായി പ്രഖ്യാപിച്ച് പുരസ്‌കാര ജേതാവിനെ ചൊല്ലി പൗരാവലി കഴിഞ്ഞദിവസം അടിയന്തര യോഗം ചേരുകയും ആഗസ്ത് 15ന് സ്മൃതിസായാഹ്നം നടത്താനും ഒരു പഴയകാല ചലച്ചിത്രനടിക്ക് പുരസ്‌കാരം നല്‍കാനും തീരുമാനിച്ചതായാണ് അറിയുന്നത്. ഈ തീരുമാനമെടുത്ത പൗരാവലിയുടെ യോഗത്തില്‍ പഞ്ചായത്ത് അധികൃതരും പങ്കെടുത്തിരുന്നു. ഇതു ജനങ്ങളില്‍ ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. നാളിത് വരെയില്ലാത്ത അധികൃതരുടെ ഈ നീക്ക് പോക്കിന് പിന്നില്‍ സ്മൃതിസായാഹ്നം എന്ന മഹാനടന്റെ ഓര്‍മപുതുക്കലിന് കളങ്കംവരുത്താനുള്ള ശ്രമമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാതെ വേണ്ടരീതിയില്‍ പരിഹരിക്കാനുള്ള കഠിനശ്രമം പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ച ജേതാവിന് തന്നെ പുരസ്‌കാരം നല്‍്കാനുള്ള ചര്‍ച്ചകളും ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. പൗരാവലിയും പഞ്ചായത്തും സംയുക്തമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് ചിറയിന്‍കീഴ് ജലോല്‍സവം എല്ലാ വര്‍ഷവും നടത്തുന്നത്. ഏറെ ചെലവ് വരുന്ന ജലോല്‍സവത്തിന് ഇനി ഒരു മാസമാണുള്ളത്. ഇതിനിടയില്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന സ്മൃതിസായാഹ്നവും പുരസ്‌കാര വിതരണവും അലങ്കോലമാവാനാണ് സാധ്യത. എന്നാല്‍ പഞ്ചായത്ത് അധികൃതരും പൗരാവലിയും പറയുന്നത് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ശാര്‍ക്കര മൈതാനിയില്‍ തന്നെ പരിപാടി വിപുലമായി നടത്തുമെന്നാണ്. സിപിഎമ്മിന്റെ നേതൃത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ് പൗരാവലിയും രണ്ടു തട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.വര്‍ഷങ്ങളായി മുടങ്ങി കിടന്ന ജലോല്‍സവം എല്‍ഡിഎഫ് സര്‍ക്കാരാണ് പുനരാരംഭിച്ചത്. സ്മൃതിസായാഹ്നവും ജലോല്‍സവും ഏറെനാളായി ഭംഗിയായാണ് നടന്നുവരുന്നത്. രണ്ട് മൂന്ന് വര്‍ഷമായി നടത്തിപ്പില്‍ നിരവധി പാളിച്ചകളും തട്ടിക്കൂട്ട് പരിപാടിയുമായി മാറിയെന്നും നാട്ടുകാരില്‍ ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss