|    Sep 26 Wed, 2018 12:09 pm
FLASH NEWS

ഭരണിക്കാവ്-മുണ്ടക്കയം നാലുവരിപ്പാത ; അലൈന്‍മെന്റിന് ഹെലികാം സര്‍വേയും

Published : 30th May 2017 | Posted By: fsq

 

കണമല: എരുമേലി വഴി 183 എ ദേശീയപാത നാലുവരിപ്പാതയാക്കി പുനര്‍നിര്‍മിക്കുന്നതിന് അലൈന്‍മെന്റ് തയ്യാറാക്കാന്‍ ഹെലികാം സര്‍വേ ആരംഭിക്കുന്നു. ഇടുങ്ങിയ ടൗണുകളായതിനാല്‍ എരുമേലിയും മുക്കൂട്ടുതറയും മുണ്ടക്കയവും ഒഴിവാക്കി സമീപത്തുകൂടി കടന്നുപോവുന്ന തരത്തില്‍ സമാന്തര ബൈപാസ് നിര്‍മിച്ചു ബന്ധിപ്പിക്കുന്ന പാതയാണ് പരിഗണനയിലുള്ളത്. അടുത്ത ആഴ്ചയോടെ കണമല-എരുമേലി-മുണ്ടക്കയം റൂട്ടില്‍ സര്‍വേ ആരംഭിക്കും. കണമലയില്‍ നിന്ന് മുണ്ടക്കയത്തിന് എളുപ്പമാര്‍ഗമായ റൂട്ട് കണ്ടെത്തി അലൈന്‍മെന്റ് തയ്യാറാക്കാനാണ് പ്രധാനമായും സര്‍വേ നടത്തുന്നത്. ജനവാസകേന്ദ്രങ്ങളും ടൗണുകളും പരമാവധി ഒഴിവാക്കിയാവും റൂട്ടും അലൈന്‍മെന്റും നിശ്ചയിക്കുകയെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാലുവരിപ്പാത നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ലഭിക്കുന്നത്, ദൂരക്കുറവുള്ള റൂട്ട്, പാതനിര്‍മാണത്തിന് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകത എന്നിവ പരിശോധിക്കുകയാണു സര്‍വേയുടെ ലക്ഷ്യം. 80 മീറ്റര്‍ ഉയരത്തില്‍ ഹെലിക്യാം ഉപയോഗിച്ചു ചിത്രങ്ങളെടുക്കും. കണമലയ്ക്കും മുണ്ടക്കയത്തിനുമിടയിലെ പ്രധാന ടൗണുകളായ മുക്കൂട്ടുതറയിലും എരുമേലിയിലും സ്ഥലപരിമിതി മൂലം നാലുവരിയാക്കുക പ്രായോഗികമല്ലെന്നാണു വിലയിരുത്തല്‍. നാലുവരിയാക്കിയാല്‍ നിലവിലെ ടൗണ്‍ നഷ്ടപ്പെടും. നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും വീടുകളും പൊളിച്ചുനീക്കേണ്ടിവരും. അയ്യപ്പഭക്തര്‍ ആചാരാനുഷ്ഠാനമായ പേട്ടതുള്ളല്‍ നടത്തുന്നത് എരുമേലി ടൗണ്‍ റോഡിലൂടെയാണ്. ഇതെല്ലാം മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടന കേന്ദ്രവും ശബരിമല പാത ഇതുവഴിയായതിനാലും ടൗണുകള്‍ക്ക് അടുത്തുകൂടി നാലുവരിപ്പാത കടന്നുപോവുന്ന വിധം ബൈപാസിന് റൂട്ട് തയ്യാറാക്കാനാണ് നീക്കം. രണ്ട് ടൗണുകള്‍ക്കുമടുത്തുള്ള സമാന്തരപാതകള്‍ നാലുവരിക്ക് അനുയോജ്യമാണോയെന്നു പരിശോധിക്കും. സമാന്തരപാതകളായ വെണ്‍കുറിഞ്ഞി, പേരൂര്‍തോട്, എംഇഎസ് റോഡുകള്‍ പരിശോധനയ്ക്കു വിധേയമാക്കും. എരുമേലി കൂടാതെ മുണ്ടക്കയം, മണ്ണാരക്കുളഞ്ഞി, ഓമല്ലൂര്‍, മൈലപ്ര, ആനന്ദപ്പളളി, എന്നിവിടങ്ങളിലും ബൈപാസിനു നിര്‍ദേശമുണ്ട്. ഇന്ത്യന്‍ ഹൈവേ ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വേ നടത്തുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വീടുകളും കടകളും നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എംപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലൈന്‍മെന്റ്് തയ്യാറാക്കലിന്റെ ഭാഗമായി ദേശീയപാതാ ഉദ്യോഗസ്ഥര്‍, സര്‍വേ സംഘം എന്നിവരുമായി എംപി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ശബരിമല പമ്പ പാതയിലെ ഇലവുങ്കലില്‍ നിന്നാണ് 183 എ ദേശീയപാത കണമലയിലെത്തുന്നത്. കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ നിന്നാരംഭിച്ച് കടമ്പനാട്, അടൂര്‍, തട്ട, കൈപ്പട്ടൂര്‍, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, വഴിയാണ് പാത ഇലവുങ്കലിലെത്തുക. ഇവിടെ നിന്ന് പമ്പയിലേക്കു ശബരിമല തീര്‍ത്ഥാടക പ്രാധാന്യം മുന്‍നിര്‍ത്തി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പാതയ്ക്ക് 116 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ കണമല മുതല്‍ മുണ്ടക്കയം വരെ 27.5 കിലോമീറ്ററാണ് ദൈര്‍ഘ്യം. കൊല്ലം ജില്ലയില്‍ ആറും പത്തനംതിട്ടയില്‍ 82.5 കിലോമീറ്ററുമാണ് പാത കടന്നുപോവുന്നത്. 2014 മാര്‍ച്ചില്‍ യുപിഎ മന്ത്രിസഭയുടെ കാലത്ത് ഉപരിതല ഗതാഗത മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസാണ് ആന്റോ ആന്റണി എംപിയുടെ നിവേദനം സ്വീകരിച്ച് പാതയ്ക്ക് അനുമതി നല്‍കിയത്.ആദ്യം ഭരണിക്കാവ് ഗവി-വണ്ടിപ്പെരിയാര്‍ പാതയായിരുന്നു ഉദ്ദേശിച്ചത്. വനഭൂമി കിട്ടില്ലെന്നുറപ്പായതോടെ ഗവി-വണ്ടിപ്പെരിയാര്‍ ഒഴിവാക്കി കണമല വഴി മുണ്ടക്കയമാക്കി പാതയുടെ റൂട്ട് പുനര്‍നിര്‍ണയിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss