|    Apr 21 Sat, 2018 11:07 pm
FLASH NEWS

ഭരണസമിതിയിലെ ചിലര്‍ രാജിക്കൊരുങ്ങുന്നു; ജില്ലാ ബാങ്ക് യുഡിഎഫിന് നഷ്ടമായേക്കും

Published : 6th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലാ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായേക്കും. കോണ്‍ഗ്രസ്സിലെ പി വി ബാലചന്ദ്രന്‍ പ്രസിഡന്റായ ഭരണസമിതിയിലെ അംഗങ്ങളില്‍ ചിലര്‍ രാജിക്കൊരുങ്ങുന്ന സാഹചര്യത്തിലാണിത്. സിഎംപിയിലെ ടി മോഹനന്‍, പാറപ്പുറം ജോസ് എന്നിവര്‍ അടുത്തദിവസം രാജിവയ്ക്കുമെന്നാണ് സൂചന. ജില്ലാ ബാങ്കിന്റെ രണ്ടംഗ സംഘങ്ങളുടെ ഭരണസമിതികള്‍ ജോയിന്റ് രജിസ്ട്രാര്‍ ചൊവ്വാഴ്ച പിരിച്ചുവിട്ടിട്ടുണ്ട്. പനമരം എസ്‌സി-എസ്ടി വനിത മള്‍ട്ടി പര്‍പസ് സഹകരണ സംഘം, പനമരം പൗള്‍ട്രി ഫാം ആന്റ് പ്രോസസിങ് സഹകരണ സംഘം ഭരണസമിതികളാണ് ക്വാറം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടത്. സിഎംപിയിലെ നിര്‍മല പേരാറ്റുകുന്ന്, രജനി സന്തോഷ് എന്നിവരാണ് ഈ സംഘങ്ങളെ ജില്ലാ ബാങ്ക് ഭരണസമിതിയില്‍ പ്രതിനിധാനം ചെയ്തിരുന്നത്. ഭരണസമിതികള്‍ പിരിച്ചുവിട്ടതോടെ ഇവര്‍ക്ക് ജില്ലാ ബാങ്ക പ്രാതിനിധ്യം ഇല്ലാതായി. നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നും തിരഞ്ഞെടുക്കപ്പെട്ട 18ഉം അടക്കം 21 ഡയറക്ടര്‍മാരാണ് 2013ല്‍ നിലവില്‍വന്ന ജില്ലാ ബാങ്ക് ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ കോണ്‍ഗ്രസ്സിലെ സി കെ നാണു അന്തരിച്ചു. ഇതേ പാര്‍ട്ടിയിലെ എന്‍ എം വിജയന്‍, കെ കെ ഗോപിനാഥന്‍, മുസ്‌ലിം ലീഗിലെ ഡി അബ്ദുല്ല എന്നിവര്‍ക്ക് സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ഭരണസമിതി പ്രാതിനിധ്യം നഷ്ടമായി. കോണ്‍ഗ്രസ്സിലെ പി വി ബാലചന്ദ്രന്‍, കെ വി പോക്കര്‍ ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, എന്‍ ആര്‍ സോമന്‍, വി എം പൗലോസുകുട്ടി, സി കെ ഗോപാലകൃഷ്ണന്‍, ശകുന്തള ഷണ്‍മുഖന്‍, സിഎംപിയിലെ ടി മോഹനന്‍, ജോസ് പാറപ്പുറം, സി എം ബാബു, മുസ്‌ലിം ലീഗിലെ പി ബാലന്‍, കേരള കോണ്‍ഗ്രസ്-എമ്മിലെ കെ ജെ ദേവസ്യ എന്നിവരാണ് ഭരണസമിതിയില്‍ ഇപ്പോഴുള്ളത്. ബോര്‍ഡിലെ ആകെ അംഗങ്ങളില്‍ കുറഞ്ഞത് 50 ശതമാനത്തിന്റെ സാന്നിധ്യമാണ് ക്വാറം തികയുന്നതിനു ആവശ്യം. ഭരണസമിതിയില്‍ അവശേഷിക്കുന്ന 12 പേരും ബോര്‍ഡ് യോഗത്തിനെത്തിയാല്‍ ക്വാറം തികയും. എന്നാല്‍, ഇന്നലെ ചേരാനിരുന്ന ജില്ലാ ബാങ്ക് ഭരണസമിതി യോഗത്തിന് പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് യോഗത്തിനെത്തിയത്. ക്വാറം തികയത്താത്തിനെ തുടര്‍ന്ന് യോഗം മാറ്റിവച്ചു. ഡയറക്ടര്‍മാരുടെ ഒഴിവുകളില്‍ നാമനിര്‍ദേശം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു നിശ്ചയിച്ച യോഗമാണ് മാറ്റിയത്. സിഎംപിക്കാരില്‍ ടി മോഹനനും ജോസ് പാറപ്പുറവും രാജിയ്‌വക്കുന്നതോടെ ബോര്‍ഡ് ചേര്‍ന്ന് തീരുമാനങ്ങളെടുക്കുന്നതിനുള്ള ക്വാറം ജില്ലാ ബാങ്ക് ഭരണസമിതിയില്‍ ഇല്ലാതാവും. ഇതോടെ  ഭരണസമിതി സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിടുന്നതിനു വഴിയൊരുങ്ങും. ഭരണസമിതിയിലെ സിഎംപി പ്രതിനിധികളില്‍ സി എം ബാബു ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് സൂചന. ഇന്നലെ യോഗത്തിനെത്തിയ അദ്ദേഹം മിനുട്‌സില്‍ ഒപ്പിടുകയുണ്ടായി. കേരള കോണ്‍ഗ്രസ്-എമ്മിലെ കെ ജെ ദേവസ്യയും ഡയറക്ടര്‍ സ്ഥാനം വിടുമെന്നാണ് അറിയുന്നത്. യുഡിഎഫ് ടിക്കറ്റില്‍ ഭരണസമിതിയിലെത്തിയ അദ്ദേഹം നിലവില്‍ മുന്നണിയുടെ ഭാഗമല്ല. സുല്‍ത്താന്‍ ബത്തേരി നഗരസഭ കേരള കോണ്‍ഗ്രസ്-എം പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നത്. ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയുമായി ധാരണയിലെത്തിയാണ് ടി മോഹനനും ജോസ് പാറപ്പുറവും ജില്ലാ ബാങ്ക് ഡയറക്ടര്‍  സ്ഥാനം ഒഴിയുന്നതെന്നാണ് അങ്ങാടിപ്പാട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss