|    Mar 30 Thu, 2017 8:17 am
FLASH NEWS

ഭരണപ്രതിസന്ധി; കാരായിമാരെ മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു

Published : 3rd February 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ജില്ലാ പഞ്ചായത്ത്, തലശ്ശേരി നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു ശേഷം ഭരണസമിതി അധ്യക്ഷന്‍മാരായി ഇരുവരും ചുമതലയേറ്റെങ്കിലും രണ്ടര മാസത്തിനിടെ സുപ്രധാനമായ യോഗങ്ങളില്‍ പോലും ഇരുവര്‍ക്കും പങ്കെടുക്കാനാവാത്തത് ഭരണപ്രതിസന്ധിക്കു കാരണമായിരുന്നു.
ഇരുവരും എറണാകുളം ജില്ല വിട്ടു പോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ ഹരജിയാണ് ഇന്നലെ ഹൈക്കോടതി തള്ളിയത്. ഇതോടെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും ഭരണപ്രതിസന്ധി രൂക്ഷമാവുമെന്ന് സിപിഎമ്മില്‍ തന്നെ അഭിപ്രായമുയര്‍ന്നു. കേസില്‍ ഇരുവരും നിരപരാധികളാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഎം ജില്ലാ നേതൃത്വം പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാക്കുമെന്ന സിബിഐയുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഇരുവരും ഗൂഢാലോചന മാത്രമല്ല, ഫസലിനെ കൊലപ്പെടുത്തിയവരെ ഒളിവില്‍ പാര്‍പ്പിക്കാനും കൊലപാതകം ആര്‍എസ്എസിനു മേല്‍ പഴിചാരാന്‍ ശ്രമിക്കുകയും ചെയ്തതായാണു സിബിഐ കണ്ടെത്തല്‍. ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന നേതാക്കളായ ഇരുവരെയും പ്രവര്‍ത്തനം ജില്ലയില്‍ തന്നെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇരുവരെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളില്‍ മല്‍സരിപ്പിച്ച് ജയിക്കുകയും ഇതുവഴി ഭരണസമിതി അധ്യക്ഷരാക്കുകയും ചെയ്താല്‍, ഭരണപ്രതിസന്ധിയുടെ പേരുപറഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഇതെല്ലാം അസ്ഥാനത്തായി. ഇതോടെയാണ്, ഇരുവരെയും നിലനിര്‍ത്തുന്നത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നു ഒരുവിഭാഗം അഭിപ്രായമുയര്‍ന്നത്. ഇക്കഴിഞ്ഞ നവംബര്‍ 18ന് പ്രസിഡന്റായി ചുമതലയേറ്റ ശേഷം മൂന്നുതവണ മാത്രമാണ് രാജന്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലെത്തിയത്. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട സമിതികളുടെയും സ്ഥാപനങ്ങളുടെയും ബില്ലുകള്‍ പാസ്സാക്കാന്‍ പ്രസിഡന്റിന്റെ ഒപ്പ് അത്യാവശ്യമാണ്. സ്‌കൂള്‍ ഫണ്ടുകളും സര്‍ക്കാര്‍ ആശുപത്രി ഫണ്ടുകളും പ്രസിഡന്റിന്റെ ഒപ്പ് ലഭിക്കാതെ മുടങ്ങിയിരുന്നു. പതിനഞ്ചോളം സ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുണ്ട്. ഇവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരും തുക പാസാകാത്തതിനാല്‍ ബുദ്ധിമുട്ടുന്നുണ്ട്. സാമൂഹികനീതി വകുപ്പിന്റെ വിവിധ ഗ്രാന്റുകള്‍ പാസാകണമെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒപ്പ് വേണം. മാര്‍ച്ച് മാസത്തിനകം പദ്ധതി വിഹിതം 65 ശതമാനമെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ ലാപ്‌സായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മാത്രമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യ പ്രോട്ടോകോള്‍ ലംഘിക്കുന്നതായും നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിച്ചതും പ്രോട്ടോകോള്‍ ലംഘിച്ച് ചില പരിപാടികള്‍ ഉദ്ഘാടനം ചെയ്തതും സിപിഎം പ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗങ്ങള്‍ തന്നെ പാര്‍ട്ടി യോഗങ്ങളിലും കാരായി രാജനെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാരായി രാജന്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യയോട് ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുള്ളത്. തലശ്ശേരി നഗരസഭയിലും സമാന സ്ഥിതിയാണുള്ളത്. ഭരണപ്രതിസന്ധിയുണ്ടാവുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ബാധിച്ചേക്കുമെന്ന ആശങ്കയും ചില നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ, കാരായിമാരെ തദ്സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ്, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കാരായി രാജന് ജില്ലയിലെത്താന്‍ തടസ്സമുണ്ടാവുകയാണെങ്കില്‍ കെ വി സുമേഷിനെ പ്രസിഡന്റാക്കാനായിരുന്നു സിപിഎം ഉദ്ദേശിച്ചിരുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടുത്തു ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണു സൂചന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day