|    Jan 24 Tue, 2017 4:35 am

ഭരണപരിഷ്‌കാര കമ്മീഷന്‍: ചീഫ് സെക്രട്ടറിക്ക് വിഎസിന്റെ കത്ത്; ഇത് അവഹേളനം

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ പാലിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഭരണപരിഷ്‌കാര കമ്മീഷനെയും തന്നെയും അവഹേളിക്കുന്നുവെന്ന് എസ്എം വിജയാനന്ദിനു നല്‍കിയ കത്തില്‍ വിഎസ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മീഷന് ഓഫിസ് അനുവദിക്കണമെന്നും കവടിയാര്‍ ഹൗസ് ഔദ്യോഗികവസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് വിഎസിനെ ചൊടിപ്പിച്ചത്. ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരണം യാഥാര്‍ഥ്യമായെങ്കിലും ഓഫിസിനെയും ഔദ്യോഗികവസതിയെയുംചൊല്ലി ഉടലെടുത്തിരിക്കുന്ന വിവാദം സര്‍ക്കാരിന് വീണ്ടും തലവേദനയായി. താങ്കളും ഞാനും തമ്മില്‍ ആശയവിനിമയം നടന്നിട്ട് കുറേ നാളായെന്ന ആമുഖത്തോടെയാണ് കത്താരംഭിക്കുന്നത്. കമ്മീഷന്‍ രൂപീകരണ തീരുമാനം വന്നശേഷം സംസാരിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫിസാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. താങ്കളതു സമ്മതിച്ചതാണ്. ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിനു കടകവിരുദ്ധമായ തീരുമാനമാണ് മെംബര്‍ സെക്രട്ടറി അറിയിച്ചത്. ഐഎംജിയിലാണ് ഓഫിസെന്ന തീരുമാനം ഒന്നാം തിയ്യതി എടുത്തതാണെന്ന് ഉത്തരവില്‍ നിന്നു മനസ്സിലാക്കുന്നു. ആ തീരുമാനവും നാലുദിവസം വൈകിയാണ് അറിയിച്ചത്. ഇത് കമ്മീഷനോടുള്ള അവഹേളനവും അനാദരവുമാണ്. അതില്‍ അതൃപ്തിയുണ്ടെന്നും വിഎസ് ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ഈമാസം ഒന്നിനെടുത്ത തീരുമാനം വിഎസിനെ ഒറ്റവരി കത്തിലൂടെ മെംബര്‍ സെക്രട്ടറി സത്യജിത് രാജന്‍ അറിയിച്ചത് അഞ്ചിന് വൈകീട്ടാണ്. അതേസമയം, മുന്‍മുഖ്യമന്ത്രിയായ വിഎസിനെ സെക്രട്ടേറിയറ്റ് അനക്‌സിലിരുത്തുന്നത് അനൗചിത്യമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സൗകര്യം പരിഗണിച്ചാണ് അനക്‌സില്‍ നിന്ന് ഐഎംജിയില്‍ ഓഫിസ് നല്‍കിയത്. വിഎസിന് ഇഷ്ടമുള്ളിടത്ത് ഓഫിസും വസതിയും അനുവദിക്കാന്‍ തയ്യാറാണ്. മന്ത്രിമാരുടേതിനു തുല്യമായ വീടും സൗകര്യങ്ങളും ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനവും സ്റ്റാഫുകളെ നിശ്ചയിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളും ഇതുവരെ ചര്‍ച്ചചെയ്യാത്തതാണ് വിഎസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. മന്ത്രിമാര്‍ക്ക് 25 പേരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വിഎസിന് 15 പേരെയാണു നിശ്ചയിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ വിശ്വസ്തരായ സ്റ്റാഫുകളെ പുറത്തുനിര്‍ത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് വിഎസിന്റെ നിലപാട്.
കമ്മീഷന്‍ നിയമന നടപടികള്‍ നീളുന്നതിനെതിരേ വിഎസ് തന്റെ അതൃപ്തി കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കമ്മീഷന്‍ അധ്യക്ഷനായി എപ്പോള്‍ ചുമതലയേല്‍ക്കുമെന്ന ചോദ്യത്തോട് പ്രകോപനപരമായി പ്രതികരിച്ച വിഎസ്, അത് പ്രഖ്യാപിച്ചവര്‍തന്നെ പറയട്ടെയെന്നായിരുന്നു വിഎസിന്റെ മറുപടി. ഇതിനു പിന്നാലെയാണ് കമ്മീഷനോടു സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക