|    Aug 21 Mon, 2017 8:06 am
FLASH NEWS

ഭരണപരാജയങ്ങളെ വിഭാഗീയതകൊണ്ട് മറച്ചുവയ്ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎല്‍എ

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: ഭരണപരാജയങ്ങളെ വിഭാഗീയതകൊണ്ട് മറച്ചുവെയ്ക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ ആരോപിച്ചു. ബി.ജെ.പിയുടെ അഴിമതി, കോഴ, കള്ളപ്പണം, കള്ളനോട്ട് എന്നിവയ്‌ക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെഡ്‌റൂമില്‍ കള്ളനോട്ടടിക്കുന്ന ബി.ജെ.പിക്കാരാണ് രാജ്യസ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍മാര്‍ ചമഞ്ഞ് നടക്കുന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ബി. ജെ.പിയുടെ 33 നേതാക്കളാണ് ഇതുവരെ കള്ളനോട്ടടിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. എല്‍.കെ.ജി മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് വരെ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങുകയാണ്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.പി.എ സര്‍ക്കാരിനെതിരെ വാളെടുത്ത ദേശീയമാധ്യമങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി പുറത്തുവരുമ്പോള്‍ നിശബ്ദരാണ്. ബി.ജെ.പിയുടെ ഏറാന്‍മൂളികളായി ദേശീയ മാധ്യമങ്ങള്‍ മാറിയെന്നും അദ്ദേഹം ആരോപിച്ചു. കൊടുത്ത വാര്‍ത്തകള്‍ പോലും ബി.ജെ.പിക്ക് വേണ്ടി പിന്‍വലിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഭരണത്തിലെ നെറികേടുകള്‍ ജനങ്ങള്‍ അറിയാതിരിക്കാനുള്ള ജാഗ്രതയാണ് ബി.ജെ.പി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇതിനെ കോണ്‍ഗ്രസ് ചെറുത്ത് തോല്‍പ്പിക്കും. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും പരസ്പരസഹായകസംഘങ്ങളായി മാറി. കോവളം കൊട്ടാരം വിറ്റതിന്റെ ജാള്യത മറയ്ക്കാനാണ് സി.പി.എം ബി.ജെ.പി ഓഫീസ് ആക്രമിച്ചത്. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന വാര്‍ത്ത മറച്ചുവെയ്ക്കുന്നതിനാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട് ആക്രമിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞ കടക്ക് പുറത്ത് എന്ന വാചകം കേരളത്തിലെ ജനങ്ങള്‍ പിണറായിയോട് പറയുന്ന കാലം വരുമെന്നും ഷാഫി പറഞ്ഞു. ഡി. സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണ ന്‍, ടി.വി ചന്ദ്രമോഹന്‍, എം.കെ പോള്‍സണ്‍, എം.പി ഭാസ്‌കരന്‍ നായര്‍, എം.പി വിന്‍സെന്റ്,  ഐ.പി പോള്‍, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക