|    Oct 23 Mon, 2017 12:48 am
Home   >  Todays Paper  >  Page 5  >  

ഭരണപക്ഷം സമ്മര്‍ദത്തില്‍; ആയുധത്തിന് മൂര്‍ച്ച കൂട്ടി പ്രതിപക്ഷം

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജനെതിരേ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് തീരുമാനമെടുത്തതോടെ ഭരണപക്ഷത്തിന്റെ നില കൂടുതല്‍ പരുങ്ങലിലേക്ക്. അതേസമയം, സ്വാശ്രയവിഷയത്തിനു പുറമെ വീണുകിട്ടിയ ആയുധത്തിന് മൂര്‍ച്ചകൂട്ടി വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. വിജിലന്‍സ് അന്വേഷണം നിയമനടപടിയുടെ ഭാഗമായി മാത്രമാണ് കാണുന്നതെന്നും രാജി മാത്രമാണ് പ്രശ്‌നപരിഹാരമെന്നുമാണ് പ്രതിപക്ഷ നിലപാട്.
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ നിയമസഭാ സമ്മേളനം നീണ്ട അവധി—ക്കുശേഷം 17ന് വീണ്ടും ചേരാനിരിക്കുകയാണ്. ബന്ധുനിയമനത്തില്‍ പ്രതിപക്ഷം പ്രക്ഷോഭവുമായി നീങ്ങുമെന്ന് ഉറപ്പായതോടെ നിയമസഭാതലത്തിലും പ്രതിഷേധം അലയടിക്കും. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍നിന്നു ധനമന്ത്രി കെ എം മാണി രാജിവച്ചതിനു സമാനമായി അതേ മാര്‍ഗത്തിലൂടെ തന്നെ ഇ പി ജയരാജന്‍ രാജിവയ്ക്കും വരെ വിഷയം സജീവമാക്കി നിര്‍ത്തണമെന്നാണ് യുഡിഎഫ് ധാരണ.
നിയമനവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നത് ശരിയല്ലെന്നും ജയരാജന്‍ നേരത്തേ തന്നെ രാജിവയ്‌ക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇ പി ജയരാജന്‍ രാജിവയ്ക്കണമെന്നാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പ്രതികരിച്ചത്. വിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദ വിഷയങ്ങള്‍ സജീവമായി നില്‍ക്കെ നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് 17ന് രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. സ്വാശ്രയവിഷയത്തില്‍ എംഎല്‍എമാരുടെ നിരാഹാരസമരം തുടരണോ എന്നതുള്‍പ്പെടെ നിയമന വിവാദത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക