|    Mar 23 Fri, 2018 11:00 am

ഭരണത്തുടര്‍ച്ചയില്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കും: സൗമിനി ജെയിന്‍

Published : 20th November 2015 | Posted By: SMR

കൊച്ചി: ഭരണത്തുടര്‍ച്ച ലഭിച്ചതിനാല്‍ കഴിഞ്ഞ ഭരണസമിതി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതും തുടരുന്നതുമായ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കാണ് ഇത്തവണത്തെ ഭരണ സമിതി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത 98 നഗരങ്ങളില്‍ ഒന്നായ കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ അന്തിമപട്ടികയിലെ 20 ല്‍ ഒന്നാവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ഡിസംബ ര്‍ പകുതിയോടെ സമര്‍പ്പിക്കാനുള്ള പ്രൊജക്ടട് വര്‍ക്കുകള്‍ നടക്കുകയാണെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.
എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വെള്ളക്കെട്ട് രഹിത നഗരം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ കനാലുകളും കാനകളും പുനര്‍ നിര്‍മ്മിക്കും. ഭവന രഹിതര്‍ക്ക് വീട്, നഗരത്തില്‍ വന്നുപോകുന്ന സ്ത്രീകള്‍ക്കായി ടോയ്‌ലറ്റ് സംവിധാനം എന്നിവയും നടപ്പാക്കും. ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനുള്ള പ്ലാന്റ് നിര്‍മാണം ഒരുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.
പശ്ചിമ കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്താനുള്ള പുതിയ ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ തന്നെ ബോട്ട് സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പശ്ചിമകൊച്ചിക്ക് പ്രത്യേക പരിഗണന നല്‍കിയായിരിക്കും വിസകന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിനായി സീവേജ്, ഡ്രെയിനേജ് പദ്ധതികളില്‍ പ്രഥമസ്ഥാനം പശ്ചിമകൊച്ചിക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി.
തെരുവ് നായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള നഗരസഭയുടെ എബിസി പ്രോഗ്രാം വഴി ആയിരം നായ്ക്കളെ ഇതിനകം വന്ദ്യംകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലെ പരമാര ക്ഷേത്രത്തിന് സമീപമുള്ള ലിബ്ര കെട്ടിട സമുച്ഛയം പുനരുദ്ധരിച്ച് സ്ത്രീകള്‍ നടത്തുന്ന ഹോട്ടലോ ഹോസ്റ്റലോ ആയി പ്രാവര്‍ത്തികമാക്കും.
കൊച്ചി മെട്രോ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് ഡിം—എംആര്‍സി അറിയിച്ചിട്ടുള്ളതായും സൗമിനി ജെയിന്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരുടെയും സഹകരണത്തോടെ കൊച്ചിയുടെ വികസനം നടപ്പാക്കി ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോവാനാണ് ആഗ്രഹമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss