|    Sep 26 Tue, 2017 7:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭരണത്തിന്റെ രണ്ടാംവാര്‍ഷികം; പ്രചാരണത്തിന് മോദി സര്‍ക്കാര്‍ ചെലവിട്ടത് 36 കോടി

Published : 17th October 2016 | Posted By: SMR

narendra-modi

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങള്‍ക്കായി ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പണം ചെലവിട്ടതിനെ വിമര്‍ശിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം, മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ പ്രചാരണത്തിനു ചെലവിട്ടത് 36 കോടിയിലധികം രൂപ.
എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കി ഡല്‍ഹിയില്‍ നടന്ന ഏക് നയീ സുബഹ് എന്ന പേരിലുള്ള ഏകദിന പ്രദര്‍ശനത്തിനും അതിന്റെ പ്രചാരണത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്ര ഭീമമായ തുക ചെലവിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ആറുമണിക്കൂര്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനായി മാധ്യമങ്ങളിലും മറ്റും നല്‍കിയ പരസ്യയിനത്തിലുമാണ് 36 കോടിയിലധികം രൂപ സര്‍ക്കാര്‍ പൊതു ഖജനാവില്‍നിന്നു ചെലവിട്ടത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡിഎവിപി) നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മെയ് 29ന് ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന് സമീപമാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നടന്നത്. ഇതിന്റെ മൊത്തം ചെലവ് 36,64,88,085 കോടി രൂപയാണെന്ന് ഡിഎവിപി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. പരിപാടിയുടെ പരസ്യയിനത്തില്‍ ചാനലുകള്‍ക്ക് 1.06 കോടി രൂപയും പത്രമാധ്യമങ്ങള്‍ക്ക് 35.59 കോടി രൂപയും നല്‍കി.
അതേസമയം, ഏക് നയീ സുബഹ് പരിപാടി സംപ്രേഷണം ചെയ്ത ഇനത്തില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് മാത്രം 92 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്ന് ദൂരദര്‍ശന്‍ നല്‍കിയ മറ്റൊരു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട മുഴുവന്‍ ദേശീയ മാധ്യമങ്ങള്‍ക്കും പ്രാദേശിക പത്രങ്ങള്‍ക്കും പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു.
സ്വച്ഛ് ഭാരത് അഭിയാന്‍, ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ, പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന, പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന, പ്രധാന്‍മന്ത്രി മുദ്ര യോജന എന്നീ പദ്ധതികളാണ് പരിപാടിയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയിരുന്നത്.
ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരുന്ന സമയത്തുതന്നെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷം നടത്താന്‍ ആറുമണിക്കൂര്‍ നേരത്തേക്ക് 36 കോടിയിലധികം രൂപ ചെലവിട്ടിരിക്കുന്നത്.
ഡല്‍ഹി സര്‍ക്കാര്‍ 2015-16 സാമ്പത്തികവര്‍ഷത്തില്‍ പരസ്യയിനത്തില്‍ 526 കോടി രൂപ മാറ്റിവച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക