|    May 28 Sun, 2017 4:07 pm
FLASH NEWS

ഭരണഘടനാ വിരുദ്ധം: കെയുഡബ്ല്യുജെ

Published : 29th July 2016 | Posted By: SMR

കൊച്ചി: കോടതി റിപോര്‍ട്ടിങ് വിലക്കാനുള്ള അഭിഭാഷകരുടെ നീക്കം കോടതിയുടെ എല്ലാ നിയമ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും ജുഡീഷ്യല്‍ എമര്‍ജന്‍സിയിലേക്ക് പോവുന്ന അവസ്ഥയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
കോടതി റിപോര്‍ട്ടിങ് വിലക്കുന്ന അഭിഭാഷകരെ മാധ്യമ പ്രവര്‍ത്തകസമൂഹം ബഹിഷ്‌കരിക്കും. എന്നാല്‍, കോടതി റിപോര്‍ട്ടിങില്‍ നിന്ന് ഒരു തരത്തിലും പിന്‍മാറില്ല. കോടതി നടപടികളും വിചാരണയും ഏത് പൗരനും വീക്ഷിക്കാന്‍ അവകാശമുണ്ട്. മാധ്യമപ്രവര്‍ത്തനം കോടതിയില്‍ അനുവദിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് കോടതിയില്‍ മാധ്യമ റിപോര്‍ട്ടിങ്. ഇത് തടയുന്ന അഭിഭാഷകര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ന്യായാധിപന്‍മാര്‍ തയ്യാറാവണം.
മാധ്യമ ഉടമകളും എഡിറ്റര്‍മാരും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മാധ്യമ വിലക്കിനെതിരേ രംഗത്തുവരാന്‍ പ്രമുഖ മലയാള പത്ര മാനേജിങ് എഡിറ്റര്‍ കൂടിയായ ഐഎന്‍എസ് പ്രസിഡന്റ് തയ്യാറാവണം. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ കാണാനുള്ള ശ്രമങ്ങള്‍ യൂനിയന്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇതില്‍നിന്ന് ചീഫ് ജസ്റ്റിസ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഗവര്‍ണറും ആക്റ്റിങ് ചീഫ് ജസ്റ്റിസും രാഷ്ട്രീയ നേതൃത്വവും തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി നാരായണന്‍, വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കോടിയേരിയുമായി ചര്‍ച്ച നടത്തി
കൊച്ചി: കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വിലക്കുകള്‍ നീക്കാന്‍ വേണ്ടവിധത്തില്‍ ഇടപെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ യൂനിയന്‍ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡ് പി എ അബ്ദുല്‍ഗഫൂര്‍, വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാനകമ്മിറ്റി അംഗം ഡി ദിലീപ്, ഏറണാകുളം ജില്ലാപ്രസിഡ് കെ രവികുമാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. കോടതിയില്‍ നിര്‍ഭയമായി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവണമെന്നും ഇതിന് നേരത്തേ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ എല്ലാം തുടരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ഉത്തരവാദപ്പെട്ടവര്‍ മടിച്ചുനില്‍ക്കരുത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day