|    Sep 24 Mon, 2018 11:49 pm
FLASH NEWS

ഭരണഘടനാ തത്ത്വങ്ങളില്‍ രാജ്യം മാതൃക: മന്ത്രി കെ ടി ജലീല്‍

Published : 28th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ഭരണഘടനാ തത്വങ്ങളില്‍ രാജ്യം ലോകത്തിനു മാതൃകയാണെന്ന് എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ റിപബ്ലിക്ദിന സന്ദേശത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ലോകത്തെ ബൃഹദ് ഭരണഘടനയുടെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യ അതിലെ പല ഭാഗങ്ങളും അമേരിക്ക, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, റഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്വാംശീകരിച്ചതാണ്. എന്നാല്‍, മതം, വിശ്വാസം, പൊതുസ്വാതന്ത്ര്യം, സ്ഥാനാരോഹണ യോഗ്യത തുടങ്ങിയ വിഷയങ്ങളില്‍ ഇവയില്‍ പല രാജ്യങ്ങളും വച്ചുപുലര്‍ത്തുന്ന പ്രതിലോമകരമായ യാതൊന്നും ഉള്‍പ്പെടുത്താതെ, അവയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ച് രാജ്യത്തെ ഓരോ പൗരനും തുല്യത ഉറപ്പുവരുത്തി സമ്പൂര്‍ണതയുള്ള ഭരണഘടന തയ്യാറാക്കിയ ശില്‍പികളെ അദ്ദേഹം അഭിനന്ദിച്ചു. പല രാജ്യങ്ങളും സാമ്രാജ്യത്വത്തിലേക്കോ പട്ടാള ഭരണത്തിലേക്കോ മാറിയപ്പോഴും എല്ലാവര്‍ക്കും തുല്യമായ അഭിപ്രായസ്വാതന്ത്ര്യവും അവസരവും നല്‍കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മുന്നില്‍ വേറിട്ടു നില്‍ക്കുന്നതിനെ ഫ്രഞ്ച് ചിന്തകനായ വോള്‍ട്ടയറെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നിങ്ങള്‍ പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെങ്കിലും നിങ്ങള്‍ക്കതു പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ മരണം വരെ പോരാടും’ എന്ന വോള്‍ട്ടയറുടെ ഉദ്ധരണി ജനാധിപത്യത്തില്‍ ഏറെ അര്‍ഥവത്താണ്. എതിരേ നില്‍ക്കുന്നവനെ സമഭാവനയോടെ കാണാന്‍ ഓരോരുത്തര്‍ക്കും കഴിയണം. എതിരഭിപ്രായങ്ങളുയരുന്ന സാഹചര്യങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ മനസ്സ് സജ്ജമായിരിക്കണം. പോലിസ്, പട്ടാളം എന്നീ സേനകള്‍ക്ക് ഒരേയൊരു സ്വത്വബോധമേ ഉണ്ടാകാവൂ- അത് ദേശീയതയായിരിക്കണം. മതത്തിന്റെയോ ജാതിയുടേയോ പാതയില്‍ സഞ്ചരിച്ചാല്‍ അതു രാജ്യത്തിന്റെ മതനിരപേക്ഷതയെയും അഖണ്ഡതയെയും ഭാവിയില്‍ തകര്‍ക്കും. സമീപകാലത്ത് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ചില വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജനാധിപത്യം ഒരു വ്യവസ്ഥയല്ല; മറിച്ച് ഒരു ചിന്താഗതിയും മനോഭാവവും സംസ്‌കാരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായ ഇഎംഎസും ഇതിനു മാതൃകകളാണ്. ജാതി-മത-വര്‍ഗ-വര്‍ണ-ദേശ- ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഓരോ വ്യക്തിയും ശ്രമിക്കണം. മതനിരപേക്ഷതയാണ് നമ്മുടെ മുഖമുദ്ര. വിശ്വാസം, മതം, ജാതി തുടങ്ങിയവ സ്വകാര്യതയാണ്. രാജ്യത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അതാണ് ലോകവും രാജ്യവും കേള്‍ക്കാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, ജില്ലാ പോലിസ് മേധാവി ശിവവിക്രം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നടന്‍ അബു സലീം, രാഷ്ട്രീയ- സാമൂഹിക-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ സംബന്ധിച്ചു. എആര്‍ ക്യാംപ് ഇന്‍സ്‌പെക്ടര്‍ ഷാജി അഗസ്റ്റി പരേഡ് കമാന്‍ഡറും എആര്‍ ക്യാംപ് എസ്‌ഐ പി സി രാജീവ് സെക്കന്റ് കമാന്‍ഡറുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss