|    Apr 26 Thu, 2018 1:55 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഭരണഘടനയെ കാറ്റില്‍ പറത്തുന്നത്

Published : 29th March 2016 | Posted By: RKN

ഭരണഘടനാപരമായ മര്യാദകളെ കാറ്റില്‍പ്പറത്തി തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന പരിപാടി കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിച്ച് അവിടെ തങ്ങളുടെ ഒരു പാവസര്‍ക്കാരിനെ വാഴിക്കുന്നതില്‍ നരേന്ദ്ര മോദി, അമിത്ഷാ കൂട്ടുകെട്ട് വിജയിക്കുകയുണ്ടായി. ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടു കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ജനാധിപത്യ വിരുദ്ധമായ അട്ടിമറിപ്പണിയുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസ്സില്‍ ആഭ്യന്തര ഭിന്നതകള്‍ നിലനില്‍ക്കുന്ന മണിപ്പൂര്‍ സര്‍ക്കാരിനു നേരെയായിരിക്കും അവരുടെ അടുത്ത ആക്രമണം എന്ന കാര്യവും വ്യക്തമാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷിക്കകത്തെ പടലപ്പിണക്കവും വിമത ചേരികളും ബിജെപിക്ക് തങ്ങളുടെ കുതിരക്കച്ചവടം നടപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്കെതിരേ വിമത എംഎല്‍എമാരെ ഇളക്കിവിടുകയാണ് ബിജെപി ചെയ്തത്. തുടര്‍ന്നു തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു ഭരണസ്തംഭനം സംബന്ധിച്ച റിപോര്‍ട്ട് വരുത്തുകയും അത് ഉപയോഗിച്ചു രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയുമാണ് രണ്ടിടത്തും അവര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അച്ചടക്കമോ രാഷ്ട്രീയ ലക്ഷ്യബോധമോ ഇല്ലാത്ത ഒരു സംഘം അധികാരമോഹികളുടെ കൂടാരമായി തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്ന് അവര്‍ രക്ഷനേടാന്‍ സാധ്യതയും കുറവാണ്. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഭിന്നതകളെ ഉപയോഗിച്ചു ഭരണഘടനാപരമായ അട്ടിമറിപ്പണി സംഘടിപ്പിക്കുന്നത് അന്തസ്സുള്ള ഒരു കേന്ദ്രഭരണകൂടത്തിനും ഭൂഷണമല്ല. 1957ല്‍ കേരളത്തിലെ ഭൂരിപക്ഷമുള്ള ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് ഭരണഘടനയുടെ 356ാം വകുപ്പിന്റെ ദുരുപയോഗം കേന്ദ്ര ഭരണാധികാരികള്‍ ആരംഭിച്ചത്. അത് ഇന്നും തുടരുന്നു എന്നത് ഖേദകരം തന്നെ. ഇത്തരം അട്ടിമറികള്‍ തടയാന്‍ ശക്തമായ നടപടികള്‍ സുപ്രിംകോടതി ബൊമ്മെ കേസില്‍ സ്വീകരിക്കുകയുണ്ടായി. നിയമസഭയിലെ ശക്തിപരീക്ഷണം മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണഘടനാപരമായ പോംവഴി എന്നാണ് ആ കേസില്‍ സുപ്രിം കോടതി പറഞ്ഞത്. പക്ഷേ, അരുണാചല്‍ പ്രദേശിലെന്ന പോലെ ഉത്തരാഖണ്ഡിലും നിയമസഭയില്‍ ശക്തി തെളിയിക്കാനുള്ള അവസരം നിലവിലുള്ള മുഖ്യമന്ത്രിക്കു നല്‍കാതെ മന്ത്രിസഭയെ പിരിച്ചുവിടുന്ന പണിയാണു കേന്ദ്രം ചെയ്തിരിക്കുന്നത്. തര്‍ക്കത്തില്‍ ഏകപക്ഷീയമായി ഇടപെട്ടുകൊണ്ട് നിയമസഭാ സ്പീക്കര്‍മാര്‍ വിമത എംഎല്‍എമാരെ സഭായോഗത്തിനു തൊട്ടുമുമ്പ് അയോഗ്യരാക്കിയ നടപടിയാണ് ഇത്തരം ഒരു നീക്കത്തിനു കേന്ദ്ര സര്‍ക്കാരിനു പഴുത് ഒരുക്കിയത്. തീര്‍ച്ചയായും സ്പീക്കര്‍മാരുടെ നടപടികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഗൗരവമുള്ള പരിശോധന അര്‍ഹിക്കുന്നതാണ്. അരുണാചല്‍ പ്രദേശ് സംഭവത്തില്‍ ഈ വിഷയകമായ ഒരു കേസ് ഇപ്പോള്‍ സുപ്രിം കോടതിയുടെ മുമ്പിലുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി ഇടപെടല്‍ അടിയന്തരമാണ് എന്നു വ്യക്തമാവുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss