|    Jun 22 Fri, 2018 7:04 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഭരണക്കാരും ഐപിസി 120(ബി)യും

Published : 14th July 2017 | Posted By: fsq

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 (ബി) വകുപ്പ് ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിനുള്ളതാണ്. നിയമത്തിലെ താരപദവിയുള്ള ഒരു വകുപ്പാണിത്. പ്രതികളെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ വളരെ പ്രയാസം. സ്വന്തമായി ഒരു നിലനില്‍പ്പ് ഇല്ലാത്ത വകുപ്പാണിത്. ഈ വകുപ്പ് മാത്രം ചേര്‍ത്ത് ഒരാളെ കുറ്റവാളിയാക്കാന്‍ പറ്റില്ല. മറ്റു വകുപ്പുകളുടെ സപ്പോര്‍ട്ട് ഇതിന് ആവശ്യമാണ്. കുറ്റകൃത്യം ചെയ്യുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണിത്. കുറ്റം തെളിഞ്ഞാല്‍ കുറ്റകൃത്യം ചെയ്തവര്‍ക്കു ലഭിക്കുന്ന അതേ ശിക്ഷ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടവര്‍ക്കും ലഭിക്കും. അതുകൊണ്ട് കുറ്റകൃത്യങ്ങളുടെ വകുപ്പു കൂടി ചേര്‍ത്തുകൊണ്ടാണു ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പ് ചേര്‍ക്കുക.  വമ്പന്‍മാര്‍ ഉള്‍പ്പെട്ട പല പ്രമാദമായ കേസുകളുടെയും ഗൂഢാലോചന രാഷ്ട്രീയ-ഭരണ സ്വാധീനത്താല്‍ ഒഴിവാകുന്നു. അപ്പോള്‍ ഈ വകുപ്പിന്റെ പ്രയോജനം ഇല്ലാതാവുന്നു. കുറ്റകൃത്യം നേരിട്ടു നിര്‍വഹിച്ച യഥാര്‍ഥ പ്രതികളുടെ മൊഴികളില്‍നിന്നാണു ഗൂഢാലോചനാ കുറ്റം തെളിയുന്നത്. ശാസ്ത്രീയമായ ചോദ്യംചെയ്യല്‍ രീതി തന്നെ ഇതിനായി നിലവിലുണ്ട്. നമ്മുടെ രാജ്യത്തെ നിയമചരിത്രത്തില്‍ കൊലപാതകം, മര്‍ദനം, തട്ടിക്കൊണ്ടുപോവല്‍, പണാപഹരണം, അഴിമതി എന്നീ കുറ്റങ്ങള്‍ക്കാണ് അധികവും ഗൂഢാലോചന നടന്നതായി തെളിയിക്കപ്പെട്ടത്. ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ കേസുകള്‍ അപൂര്‍വമാണ്. ഗൂഢാലോചനാ കുറ്റം തെളിയിക്കപ്പെട്ടവയാണെങ്കില്‍ വളരെ കുറവും. ഇവിടെ നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ ഗൂഢാലോചനാ അന്വേഷണത്തിനു തുമ്പുണ്ടാക്കിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഈ കേസും അതിന്റെ വിധിയും ഇന്ത്യന്‍ നിയമചരിത്രത്തില്‍ വലിയ പ്രസക്തിയുള്ളതായിരിക്കും. ഒന്നരക്കോടി രൂപ പ്രതിഫലം ഉറപ്പിച്ച്, വളരെ ആസൂത്രിതമായി ഗൂഢാലോചന നടത്തി കുറ്റകൃത്യം നിര്‍വഹിച്ച ഈ കേസ് ദേശീയതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. സൂപ്പര്‍താരം ദിലീപിന്റെ അറസ്റ്റിലേക്കും കൂടുതല്‍ അന്വേഷണത്തിലേക്കും അന്വേഷണസംഘത്തിനു നീങ്ങാന്‍ കഴിഞ്ഞു എന്നതാണ് ഈ കേസിന്റെ സവിശേഷത. സര്‍ക്കാരിന്റെയും പോലിസ് വകുപ്പിന്റെയും പരിപൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചതുകൊണ്ടുമാത്രമാണിത്. ഗൂഢാലോചന തെളിയിക്കപ്പെടാന്‍ അനിതരസാധാരണമായ ബുദ്ധിശക്തിയുള്ള പോലിസ് ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. ഇക്കാര്യത്തില്‍ അതുണ്ടായി എന്നതാണു മറ്റൊരു നേട്ടം. കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിന് പ്രതികളെ പിടികൂടാന്‍ കഴിയില്ല. സംശയത്തിന്റെ ആനുകൂല്യം മുഴുവന്‍ പ്രതികള്‍ക്ക് കിട്ടുന്നതായതുകൊണ്ട് നേരിയ കൈപ്പിഴപോലും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കും. അതിനാല്‍ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തുകൊണ്ടു മാത്രമേ കുറ്റംചുമത്താന്‍ കഴിയുകയുള്ളൂ. നടന്‍ ദിലീപിന്റെ കാര്യത്തില്‍ ഇരട്ട ജാഗ്രത കാണിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു ജനങ്ങള്‍ അതീവ താല്‍പര്യത്തോടെ കാണുന്ന കേസായതിനാല്‍ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിന് ആധുനികമായ എല്ലാ മാര്‍ഗങ്ങളും അന്വേഷണസംഘം സ്വീകരിച്ചിട്ടുണ്ടാവും. മലയാള സിനിമാലോകത്തെ മാഫിയാസംഘങ്ങളെക്കുറിച്ച് നേരത്തേ തന്നെ അറിവുള്ളതിനാല്‍ അന്വേഷണസംഘത്തിന് എളുപ്പത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചു. മലയാള സിനിമാവ്യവസായത്തിലെ അരുതായ്മകളും പണാധിപത്യവും എല്ലാം ഇതിനു മുമ്പ് പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലെ ഗൂഢാലോചന പൂര്‍ണമായി പുറത്തുവരുന്നതോടെ ഇരുളിലേക്ക് മറഞ്ഞുപോയ മറ്റു പല പ്രമാദമായ കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പലതും അന്വേഷിക്കാന്‍ പോലിസിനു ഒരു ധൈര്യം കിട്ടും! എന്നാല്‍, സിനിമയ്ക്കുള്ളില്‍ നടമാടിയ പല വൃത്തികേടുകള്‍ക്കു പിന്നിലും പ്രമുഖരായ പല രാഷ്ട്രീയനേതാക്കളുടെയും പിന്‍ബലം ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യവുമാണ്. സിനിമാലോകത്ത് നിര്‍ണായകമായ സ്വാധീനമുള്ള എത്രയോ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഇവിടെയുണ്ട്. ചില പ്രമുഖ രാഷ്ട്രീയനേതാക്കളുടെ മക്കളും സിനിമാരംഗത്ത് നിലയുറപ്പിച്ചവരാണ്. അതുകൊണ്ട് സിനിമയിലെ അധോലോകം രാഷ്ട്രീയക്കാര്‍ക്കു കൂടി പങ്കാളിത്തമുള്ളതാണെന്നു മനസ്സിലാക്കണം. സിനിമയിലെ അനാശാസ്യ പ്രവണതകള്‍ ഇല്ലാതാക്കണമെങ്കില്‍ രാഷ്ട്രീയക്കാരെയും അധികാരപദവികളില്‍ ഉള്ളവരെയും ഒഴിവാക്കണം. താരസംഘടനകളുടെ പ്രവര്‍ത്തനം ജനാധിപത്യരീതിയിലായിരിക്കണം. അടുത്തകാലം വരെ താരരാജാവായി വാണ ദിലീപിനെ കൂക്കിവിളിക്കുന്നവരും കല്ലെറിയുന്നവരും നല്ലൊരു സിനിമാസംസ്‌കാരം ഇവിടെ രൂപപ്പെട്ടുവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണ്. ഈ കേസിലെ ഗൂഢാലോചനകള്‍ മുഴുവന്‍ പുറത്തുവന്നാലെ ഇതിെനാക്കെ ഒരു തുടക്കമിടാന്‍ കഴിയൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss