|    Nov 13 Tue, 2018 9:54 pm
FLASH NEWS

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സൈബര്‍ പോരാളികള്‍ക്ക് പിടിവീഴും

Published : 30th April 2018 | Posted By: kasim kzm

നഹാസ് എം നിസ്താര്‍
മലപ്പുറം: സാമൂഹിക മാധ്യമങ്ങളില്‍ തുറന്ന അഭിപ്രായപ്രകടനങ്ങളുമായി കടന്നുവരുന്ന സൈബര്‍ പോരാളികളെ ഒതുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വരുന്നു. രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായപ്രകടനത്തിലൂടെ പൊതുസമൂഹത്തില്‍ ഭരണകൂടങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരെ നിയന്ത്രിക്കാനാണു നീക്കം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍കെതിരേയും രാജ്യത്തെ വിവിധ സംഭവങ്ങളെയും കുറിച്ച് അഭിപ്രായപ്രകടനം നടത്തുക വഴി രാജ്യത്ത് അരക്ഷിതാവസ്ഥയും ജനരോഷവും സൃഷ്ടിക്കുമെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിനു പിന്നില്‍. ഉദ്യോഗസ്ഥ അനാസ്ഥ, ഭരണകൂട നടപടികള്‍, നിയമലംഘനങ്ങള്‍, ജനപ്രതിനിധികളുടെ പൊള്ളത്തരങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതികള്‍, രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തല്‍സമയം ചര്‍ച്ച ചെയ്യുന്നത്. വ്യക്തികള്‍ക്കെതിരേ വരുന്ന ആക്ഷേപങ്ങളെ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന്റെ പരിധിയില്‍പെടുത്തി കേസെടുക്കാമെങ്കിലും സര്‍ക്കാറിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വിവിധ സംഭവങ്ങളിലെ നടപടികള്‍ക്കെതിരെയും വരുന്ന അഭിപ്രായങ്ങളെ നിയന്ത്രണ വിധേയമാക്കാനായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് ഏത് കാര്യത്തിലും അഭിപ്രായപ്രകടനവുമായി വരുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ നീക്കം നടത്തുന്നത്.
ഇതിനായി അഭ്യന്തര വകുപ്പ്  നിര്‍ദേശങ്ങള്‍ തേടിയതായാണ് വിവരം. കശ്മീരില്‍ പെണ്‍കുട്ടിയെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് രാജ്യത്ത്്് സാമൂഹിക മാധ്യമത്തില്‍ ഉയര്‍ന്ന ഭരണ വിരുദ്ധതയ്ക്ക് മറുപടി പറയാന്‍ സര്‍ക്കാറിനായില്ല. പുതിയ നീക്കം വഴി സാധാരണ ജനങ്ങളിലേക്ക് വേഗത്തില്‍ ഭരണവിരുദ്ധവികാരം എത്തിക്കുന്നത് നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തെറ്റായ വാര്‍ത്തകള്‍ക്കും, അപവാദങ്ങള്‍ക്കുമെതിരേ നടപടി തുടങ്ങും. പിന്നീട് അഭിപ്രായപ്രകടനങ്ങളിലെല്ലാം അപവാദങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വ്യക്തിസ്വാന്തന്ത്ര്യവും നിയന്ത്രിക്കും. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ സാമുഹികമാധ്യമങ്ങളിലെ സൈബര്‍ വിങുകളെയും, സ്ഥിരം സാമൂഹിക മാധ്യമത്തില്‍ ഇടപെടുന്നവരെയും നിയമത്തിനു വിധേയമാക്കും. പ്രത്യക്ഷത്തില്‍ നിയന്ത്രണങ്ങള്‍ രാജ്യസുരക്ഷയുടെ ഭാഗമാണെന്ന് തോന്നുമെങ്കിലും സൈബര്‍ വിങ്ങുകളെ നിയന്ത്രിക്കുക വഴി ഭരണകൂടത്തിനെതിരേയുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ച ഉയരാതിരിക്കാനുള്ള തന്ത്രമാണു പുതിയ നീക്കമെന്ന്്് സോഷ്യല്‍ മീഡിയാ കൂട്ടായ്മകള്‍ അഭിപ്രായപെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹികമാധ്യമ നിയന്ത്രണങ്ങളെ സംസ്ഥാന സര്‍ക്കാരും പിന്തുടര്‍ന്നേക്കുമെന്നാണറിയുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് പോലിസ് നടത്തുന്ന അറസ്റ്റുകള്‍ക്കുശേഷം ഇത്തരം ഇടപെടലുകള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് പോലിസ് നിരീക്ഷണം. അതേ സമയം, കശ്മീര്‍ സംഭവത്തിനുശേഷം വിവിധ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടാന്‍ പ്രത്യേകം സൈബര്‍ വിങുകളും, സൈബര്‍ പോരാളികളെയും സജീവമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss