|    Oct 18 Thu, 2018 6:58 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഭരണകൂടത്തിന്റെ കടമ ഓര്‍മിപ്പിക്കുന്ന കോടതി വിധി

Published : 11th September 2017 | Posted By: fsq

 

ഗോരക്ഷയുടെ പേരില്‍ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്ന അക്രമിസംഘങ്ങള്‍ക്ക് മൂക്കുകയറിടുന്നതിന് ശ്രദ്ധേയമായ ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായ സുപ്രിംകോടതി ഉത്തരവ്. ഹിന്ദുത്വശക്തികളുടെ അധികാരത്തിന്റെ തണലിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ അഴിഞ്ഞാട്ടം അരങ്ങേറുന്നത് എന്നത് അജ്ഞാതമല്ല. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭരണകൂടത്തിനുള്ള താക്കീതാണ് വിധി. സ്വന്തം കര്‍ത്തവ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നതിന് സുപ്രിംകോടതി വേണ്ടിവന്നുവെന്നത് ജനാധിപത്യ ഭരണകൂടത്തിന് ഒട്ടും അഭിമാനകരമായ കാര്യമല്ല.ഗോരക്ഷയുടെ പേരില്‍ കൊല്ലും കൊലയും നടത്തുന്ന അക്രമികളായ ആള്‍ക്കൂട്ടത്തെ നേരിടാനും അക്രമം നടക്കുമ്പോള്‍ സത്വരം നടപടി സ്വീകരിക്കാനും ഉന്നത പോലിസ് ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരായി നിയമിക്കുന്നതിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദേശിച്ചു. ജില്ലാ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ സന്നദ്ധമായിട്ടുണ്ട്. ഇതുസംബന്ധമായി സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അക്രമികളുടെ പേരില്‍ നടപടിയെടുക്കുക എന്നതില്‍ ഒതുക്കാതെ, അക്രമങ്ങള്‍ തടയുന്നതിന് ശ്രദ്ധചെലുത്തണമെന്നതിലാണ് കോടതി ഊന്നിയത്. 2015 സപ്തംബറില്‍ യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ അതിക്രമിച്ചുകയറി അടിച്ചുകൊന്നും മകനെ ജീവച്ഛവമാക്കിയും തുടക്കമിട്ട അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. രണ്ടു വര്‍ഷം കഴിയുമ്പോഴും കുറ്റവാളികള്‍ക്കെതിരേ കുറ്റം ചാര്‍ത്തിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ ക്ഷീരകര്‍ഷകനും കന്നുവ്യാപാരിയും മുതല്‍ വിദ്യാര്‍ഥിയായ ഹാഫിദ് ജുനൈദ് വരെ ജീവന്‍ ബലികഴിക്കേണ്ടിവന്നത് ഗോരക്ഷകരുടെ അക്രമങ്ങളിലാണ്. ഗോരക്ഷക മുദ്രയുള്ള അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ ഏപിലില്‍ കേന്ദ്രത്തിനും ചില സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചു മാസം കഴിയുമ്പോഴും സ്ഥിതിയില്‍ കാര്യമായ മാറ്റമില്ല എന്നല്ല, കൂടുതല്‍ ഗുരുതരവും വ്യാപകവുമായി അഴിഞ്ഞാട്ടം തുടരുകയാണ്. പല സംസ്ഥാനങ്ങളിലും ഗോരക്ഷക സംഘങ്ങള്‍ക്ക് നിയമപരമായ സാധുതയുമുണ്ട്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ കേവലം ക്രമസമാധാനപ്രശ്‌നം മാത്രമല്ല. ന്യൂനപക്ഷ വിരുദ്ധതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വശം കൂടി അതിലുണ്ട്. മിക്ക അക്രമങ്ങളിലും കാലികളെ മോഷ്ടിച്ചുവെന്നോ അറുത്തുവെന്നോ കുറ്റം ചുമത്തി ഇരകളുടെ പേരിലാണ് കേസെടുക്കുന്നത്. പശുവിനെ ആരാധിക്കുന്നതിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് സ്വീകാര്യമല്ലെന്ന് ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ഇതൊരു പൊയ്‌വാക്കായിരുന്നുവെന്നു കൂടിയാണ് സുപ്രിംകോടതി ഉത്തരവ് പറയാതെ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss