|    Apr 22 Sun, 2018 5:03 am
FLASH NEWS
Home   >  Fortnightly   >  

ഭരണകൂടം സര്‍വകലാശാലകള്‍ക്കെതിരേ

Published : 2nd March 2016 | Posted By: sdq

Abvp JNU

മുഹമ്മദ് സാബിത്‌


പാര്‍ലമെന്റ്
അക്രമക്കേസില്‍ കുറ്റക്കാരനെന്ന് ഭരണകൂടം നിശ്ചയിച്ച് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒമ്പതിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സര്‍ഗാത്മകമായ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചതിന്റെയും നടപ്പാക്കിയതിന്റെയും രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. കശ്മീര്‍ വിഷയത്തില്‍ ഭരണകൂടത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ആഖ്യാനങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന കാമ്പസിലെ തീവ്ര ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു പരിപാടിയുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി, കാമ്പസില്‍ ഒരു പരിപാടി നടത്തിയതിന്റെ പേരില്‍ പിന്നീട് പോലീസ് നേരിട്ട് ഇടപെടുന്നതാണ് കണ്ടത്. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനെത്തന്നെ പരിപാടിയില്‍ ദേശവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ടായിരുന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും വിവാദമായ ഇന്ത്യന്‍ ശിക്ഷാ നിയമം 124എ അനുസരിച്ച് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പോലീസ് നടപടി യാദൃശ്ചികമല്ലെന്നതിന് തെളിവുകള്‍ പുറത്ത് വരാന്‍ തുടങ്ങി. ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം ജെഎന്‍യു ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഒപ്പം സംഭവത്തിലെ എബിവിപിയുടെ ആസൂത്രണങ്ങളെ കുറിച്ചും. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നീ ജെഎന്‍യു വിദ്യാര്‍ഥികളെ കുറിച്ച് മനസ്സിലാക്കിയാല്‍ തന്നെ തിരിച്ചറിയാം ആരെയൊക്കെയാണ് രാജ്യം ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നതെന്ന്. ബിഹാറിലെ വളരെ ദരിദ്രവും കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളതുമായ കുടുംബത്തില്‍ നിന്നുമാണ് കനയ്യ കുമാര്‍ വരുന്നത്. കുടുംബത്തിന്റെ രാഷ്ട്രീയം കനയ്യ തന്റെ വിദ്യാര്‍ഥി ആക്ടിവിസത്തിലേക്കും സന്നിവേശിപ്പിച്ചു. ജെഎന്‍യു കനയ്യക്ക് പുതിയ അവസരങ്ങള്‍ നല്‍കി. ആത്മാര്‍ഥതയും kanayya-blurbഊഷ്മളവുമായ പെരുമാറ്റവും കൃത്യമായ രാഷ്ട്രീയ നിലപാടുകളും കൈമുതലാക്കി കനയ്യ ജെഎന്‍യു അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു. തന്റെ വാദങ്ങളെ ലളിതമായും ആത്മവിശ്വാസത്തോടെയും ആര്‍ജവത്തോടെയും അവതരിപ്പിക്കാന്‍ കഴിയുന്ന കനയ്യ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ഇതര സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി. കനയ്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ഉമര്‍ ഖാലിദാകട്ടെ കനയ്യയെക്കാള്‍ തീവ്രഗതിക്കാരനായ കമ്യൂണിസ്റ്റാണ്.

വ്യവസ്ഥാപിതമായ ഏത് ആശയത്തെയും എന്ന പോലെ ഉമര്‍ പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സ്വയം ചേര്‍ത്തു പിടിക്കുന്നില്ല. ഏതൊരു വിഷയത്തിലും സാധാരണക്കാരന്റെയും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും പക്ഷം പിടിക്കുക എന്നതാണ് ഉമറിന്റെ രാഷ്ട്രീയം.  ഉമര്‍ മത വിശ്വാസത്തെ ചോദ്യം ചെയ്യുകയും അങ്ങനെ അറിയപ്പെടുന്ന മുസ്്‌ലിം കുടുംബത്തിലെ ഏക നിരീശ്വര വാദിയായി മാറുകയും ചെയ്തു. ഉമറിന്റെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ എസ്.ക്യൂ.ആര്‍ ഇല്യാസിന് തന്റെ മകനെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണയെ കുറിച്ച് ആശങ്കകള്‍ ഏറെയാണ്. കനയ്യയില്‍ നിന്ന് വ്യത്യസ്തമായി ഒരു മുസ്്‌ലിം പേരുള്ളത് കൊണ്ടാണ് ഉമര്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ വിചാരണ ചെയ്യപ്പെടുന്നത് എന്ന് അദ്ദേഹം കരുതുന്നു. മാത്രമല്ല സിമിയുമായി ബന്ധപ്പെട്ട തന്റെ ഭൂതകാലവും ഇസ്്‌ലാമിക ജീവിതശൈലിയുമായി ഒത്തു പോകാത്ത ഉമറിനെ ‘ഇസ്്‌ലാമിക തീവ്രവാദി’യായി മുദ്ര കുത്താന്‍ കാരണമാണെന്നും ഇല്യാസ് കരുതുന്നു. ഫേസ്ബുക്കിലും മറ്റും സഖാക്കളേ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന ഉമര്‍ നിരീശ്വര വാദിയും ഇടതുപക്ഷക്കാരനുമാണെന്ന് തന്നെയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. എന്നിട്ടും ഉമര്‍ ഒരു ഇസ്്‌ലാമിക തീവ്രവാദിയാകുന്നത് എങ്ങനെയെന്ന ചോദ്യം ഇസ്്‌ലാമുമായി ബന്ധപ്പെട്ട ഏതൊന്നിനെയും എങ്ങനെയാണ് ഭീകരവാദവുമായി മുഖ്യധാരാ മാധ്യമങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നതെന്നതിലേക്കാണ് വെളിച്ചം വീശുന്നത്. സഹോദരനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ മൂലം ആശങ്കയോടെയാണ് ജീവിക്കുന്നതെന്നു പറയുന്നു ഉമറിന്റെ വിദ്യാര്‍ഥിനിയായ സഹോദരി. ജാര്‍ഖണ്ടിലെ ഗോത്രവിഭാഗങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഉമര്‍ അക്കാദമികമായി വളരെ ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നു. umar-blurbജെഎന്‍യുവിലെ മിക്ക ആക്ടിവിസ്റ്റുകളുടെയും പൊതു സ്വഭാവമാണിത്. അവരില്‍ പലര്‍ക്കും പഠനത്തിന്റെ ഒരു ഭാഗമാണ് ആക്ടിവിസം. രണ്ടും അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. അക്കാദമിക രംഗത്ത് മിടുക്കനായ ഉമറിന് അമേരിക്കയിലെ പ്രശസ്തമായ യേല്‍ സര്‍വകലാശാലയില്‍  ഗവേഷണത്തിന് അവസരം ലഭിച്ചതാണ്. താന്‍ ജീവിതമായി കൊണ്ട് നടക്കുന്ന വിദ്യാര്‍ഥി ആക്ടിവിസത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട ഒരു അക്കാദമിക ലോകം ഉമറിന് ആവശ്യമില്ലായിരുന്നു. തന്റെ ഈ പ്രകൃതം കാരണം കുടുംബത്തിനകത്തു നിന്നും പുറത്തു നിന്നും ഉമറിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അറിയപ്പെടുന്ന ഇസ്്‌ലാമിക- രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ പിതാവുമായി ഉമര്‍ പലപ്പോഴും ചൂടേറിയ വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു.എന്നാല്‍ ചില ‘ദേശീയ’ മാധ്യമങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഉമറിനെതിരെ നടത്തുന്ന പ്രചരണം അപകടകരവും ആശങ്കാജനകവുമാണ്. ദ ഹിന്ദു അടക്കമുള്ള ചില മാധ്യമങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യതയെ പറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷെ, ഉമര്‍ പാകിസ്ഥാനില്‍ പോയിരുന്നു, ജെഎന്‍യുവിലെ പരിപാടിക്ക് കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു, സമാനപരിപാടികള്‍ രാജ്യത്തെ മറ്റ് കാമ്പസുകളിലും സംഘടിപ്പിക്കാന്‍ ഉമര്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരുന്നു തുടങ്ങിയ വാര്‍ത്തകള്‍ ഈ വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ എന്ത് പ്രത്യാഘാതമാണുണ്ടാക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കനയ്യക്കുണ്ടാവാതിരുന്ന ഈ പ്രശ്‌നം ഉമറിനെ തേടി വന്നത് രാജ്യത്തെ മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ മതവുമായി വലിയ ബന്ധം പുലര്‍ത്താത്തവരാണെങ്കില്‍ പോലും നേരിടേണ്ടി വരുന്ന വിചിത്രമായ സ്ഥിതിവിശേഷത്തെ കുറിച്ചാണ് വാചാലമാകുന്നത്.ജെഎന്‍യു വിവാദം മറ്റ് പല കാര്യങ്ങള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്നു. രാജ്യത്തെ, പ്രത്യേകിച്ച് തലസ്ഥാനത്തെ, മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊണ്ട് മുമ്പില്ലാത്ത വിധത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളാണ് ഈ വിഷയം കാരണം ഉണ്ടായത്. എന്നാല്‍ പലരും ചൂണ്ടിക്കാണിച്ചത് പോലെ, ഇതേ മാധ്യമപ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നിട്ടാണ് ദേശീയതയെയും ദേശദ്രോഹത്തെയും കുറിച്ചുള്ള തികച്ചും വികലമായ ധാരണ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടുള്ളത്. ഹിന്ദുത്വമാണ് ഇന്ത്യന്‍ ദേശീയതയെന്ന  തെറ്റിദ്ധാരണ അന്ധരാക്കിയ, തീവ്രമായ ഹിന്ദുത്വ, ആശയങ്ങളാല്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട അക്രമാസക്തരാണ് അവര്‍ അഭിഭാഷകരായിട്ട്കൂടി  കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ അഴിഞ്ഞാടിയത്. സുപ്രീം കോടതി ഇടപെട്ടതിന് ശേഷവും  വീണ്ടും കീഴ്‌ക്കോടതിയില്‍ അക്രമം അഴിച്ച് വിടാന്‍ ഈ അഭിഭാഷകര്‍ ധൈര്യം കാണിച്ചുവെന്നത് തികച്ചും ഞെട്ടലുളവാക്കുന്നതായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഒരു വന്‍ സംഘം അതിന്റെ തലേദിവസം അക്രമത്തില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ഈ അഭിഭാഷകരെയും അവരുടെ നേതാക്കന്മാരെയും സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമുളള സംഭവമായിരുന്നില്ല. ഏതായാലും ജെഎന്‍യുവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളെ വേറിട്ടു കാണുക സാധ്യമല്ല. സര്‍വകലാശാലകളെയും അതിലൂടെ രാജ്യത്തിന്റെ ബൗദ്ധീക വ്യവഹാരങ്ങളെയും കൈപ്പിടിയില്‍ ഒതുക്കുക എന്ന ഹിന്ദുത്വ ആശയങ്ങളാല്‍ ഭരിക്കപ്പെടുന്ന ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമായി ജെഎന്‍യു വിവാദത്തെ മനസ്സിലാക്കണം. സര്‍വകലാശാലകളുടെ ഭരണ തലത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ പ്രതിഷ്ഠിക്കാനും  അവിടെ നിന്നുയര്‍ന്നു വരുന്ന  എതിര്‍സ്വരങ്ങളെയും വിമര്‍ശനങ്ങളെയും എന്ത് വില കൊടുത്തും നിശബ്ദമാക്കാനും രാഷ്ട്രീയാധികാരം ദുരുപയോഗപ്പെടുത്തുകയാണ്. എതിര്‍ ശബ്ദങ്ങള്‍ മുഴക്കുന്നത് പിന്നോക്ക സമുദായങ്ങളില്‍ നിന്നോ മുസ്്‌ലിം സമുദായത്തില്‍ നിന്നോ ഉള്ള വിദ്യാര്‍ഥികളാവുമ്പോള്‍ തങ്ങളുടെ ജോലി എളുപ്പമാകുമെന്ന് ഇവര്‍ കരുതുന്നു. രോഹിത് വെമുലയും വെമുലയോടൊപ്പം സര്‍വകലാശാലയും കേന്ദ്ര സര്‍ക്കാരും നോട്ടമിട്ട വിദ്യാര്‍ഥികളും ജെഎന്‍യുവിലെ ഉമര്‍ ഖാലിദും ഇങ്ങനെ എളുപ്പത്തില്‍ കെണിയില്‍ വീഴ്ത്താവുന്നവരാണ്. ദേശവിരുദ്ധര്‍ എന്ന വിശേഷണം എളുപ്പത്തില്‍ ചേരുന്ന വിഭാഗങ്ങളാണിവര്‍.ജെഎന്‍യു വിവാദം പുകഞ്ഞതോടെ രോഹിത് വെമുലയും വെമുല ഉയര്‍ത്തിയ പ്രശ്‌നങ്ങളും എങ്ങനെയാണ് മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായത് എന്ന് വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ദൗര്‍ബല്യം ബോധ്യമാകുന്നു. തങ്ങളുടെ ഇടപെടല്‍ മൂലം പരിക്ക് പറ്റിയ വിദ്യാര്‍ഥികളും സര്‍വകലാശാലകളും അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നാണ് ഭരണകൂടത്തെ നയിക്കുന്ന ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ ഇടമുറിയാത്ത സമരം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ബാധ്യതയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss