|    Mar 20 Tue, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭയമകറ്റുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക: ഇഎം

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: ഭയമകറ്റുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ മുന്നിട്ടറങ്ങണമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇഎം അബ്ദുര്‍റഹ്മാന്‍. സ്വന്തം ചുമലുകളില്‍ നിന്ന് ഭയത്തിന്റെ രാഷ്ട്രീയം വലിച്ചെറിയാന്‍ ഓരോരുത്തരും തയ്യാറാവുമ്പോള്‍ മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാന തല സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിക്കുന്നവര്‍പോലും കുഞ്ഞാലി മരയ്ക്കാര്‍മാരുടെയും സാമൂതിരിയുടെയും പാരമ്പര്യം പറഞ്ഞ് മലയാളികളെ കൈയിലെടുക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്ന കരാള കാലത്ത് നാം അതിനെതിരേ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന സംഘപരിവാരം യഥാര്‍ഥത്തില്‍ വാസ്‌കോഡ ഗാമയുടെയും മറ്റ് അധിനിവേശ ചൂഷക ശക്തികളുടെയും അജണ്ടയാണ് ഇവിടെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഒരുമയിലും സൗഹൃദത്തിലും കഴിഞ്ഞിരുന്ന സമൂഹത്തെ ഭിന്നിപ്പിച്ചു സ്വന്തം കച്ചവട-അധികാര താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുകയായിരുന്നു അവര്‍. സാമൂതിരിയെ കുഞ്ഞാലി മരയ്ക്കാര്‍ക്കെതിരേ തിരിച്ചുവിട്ട പോര്‍ച്ചുഗീസുകാര്‍ യഥാര്‍ഥത്തില്‍ ഹിന്ദുക്കളെ മുസ്‌ലിംകളുടെ എതിര്‍ ചേരിയില്‍ നിര്‍ത്തുകയായിരുന്നു. അതേ തന്ത്രം ഇന്ന് ഇന്ത്യയിലുടനീളം ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരേ ഇളക്കിവിട്ടുകൊണ്ട് മോഹന്‍ ഭഗവതിന്റെയും നരേന്ദ്രമോദിയുടെയും നേതൃത്വത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ ആവര്‍ത്തിക്കുകയാണ്. വേട്ടക്കാരുടേതാണ് വെറുപ്പിന്റെ രാഷ്ട്രീയം. ഭയത്തിന്റെ രാഷ്ട്രീയമായാണ് ഇരകളിലേക്ക് അത് കടന്നു കയറുന്നത്. ഭയം വളര്‍ത്തുന്നു എന്നതിനേക്കാള്‍ ഗുരുതരമായ കാര്യം ദലിതരും മുസ്‌ലിംകളും വിവിധ തലങ്ങളിലും ഭാവങ്ങളിലും ഭയത്തിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ്. സാമാന്യജനങ്ങളേക്കാള്‍ അവരുടെ പ്രസ്ഥാനങ്ങളും നേതാക്കളുമാണ് ഭയത്തിന്റെയും ക്ഷമാപണത്തിന്റെയുമൊക്കെയായ ഈ അടിമത്തത്തിന് വിധേയരായിട്ടുള്ളത്.
കുറ്റകരമായ നിശ്ശബ്ദതയോ അതിലുപരി കുനിയാന്‍ കല്‍പിക്കുമ്പോള്‍ മുട്ടിലിഴയുന്ന വിധേയത്വ നിലപാടോ അവരില്‍ ഏറിവരികയാണ്. സംഘപരിവാരം ജനകീയ പ്രതിരോധത്തെ മാത്രമല്ല, സാകിര്‍ നായിക് വിഷയത്തില്‍ ആദര്‍ശ പ്രബോധനത്തെയും ബീഫ് വിഷയത്തില്‍ കണ്ടതുപോലെ ഭക്ഷണ സ്വാതന്ത്ര്യത്തെയും അനുവദിക്കുകയില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. സൂഫി ഇസ്‌ലാം, സലഫി ഇസ്‌ലാം, മിതവാദ ഇസ്‌ലാം, തീവ്രവാദ ഇസ്‌ലാം തുടങ്ങിയ ഭിന്നിപ്പിന്റെ ദ്വന്ദങ്ങള്‍ വര്‍ഗീയ ഫാഷിസം മുസ്‌ലിംകള്‍ക്കിടയില്‍  പ്രതിഷ്ഠിക്കുമ്പോള്‍ അതേറ്റെടുക്കുന്നവര്‍ സമുദായത്തെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതിന് നിമിത്തമാവുകയാണ്. നേതൃത്വത്തില്‍ തുടങ്ങി താഴെതട്ടില്‍വരെ ഭയവും ഒപ്പം ശൈഥില്യവും വ്യാപിക്കുന്നത് സമുദായ ശാക്തീകരണത്തിന്റെ മുഴുവന്‍ വഴികളും അടഞ്ഞുപോവുന്നതിനെ ഉപകരിക്കുകയുള്ളൂ. മര്‍ദിത ജനവിഭാഗങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ ഈ ഗര്‍ത്തത്തില്‍ ഇനിയും താഴ്ന്നുപോവാതെ പുറത്തുകടത്തി അന്തസ്സും അഭിമാനവും നിര്‍ഭയത്വമുള്ളവരുമായി ശാക്തീകരിച്ചുകൊണ്ടല്ലാതെ വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാനാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും അതു കടന്നുപോവുന്ന കാലത്തിന്റെയും മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിയാനും സധീരം അത് ഏറ്റെടുത്ത് പ്രതിലോമ ശക്തികള്‍ക്കെതിരേ പൊരുതാനുമുള്ള ആര്‍ജവവുമാണ് അതിനെ മറ്റു സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തേജസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അസഹിഷ്ണുത നാടു വാഴുമ്പോള്‍ പുസ്തകം ഡോ. ആനന്ദ് തെല്‍തുംദെ എ വാസുവിന് നല്‍കി പ്രകാശനം ചെയ്തു.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗവും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ മുഫ്തി സയ്യിദ് ബാഖിര്‍ അര്‍ഷദ്, 2002ല്‍ ഗുജറാത്തില്‍ ഫാഷിസ്റ്റുകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്—സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി, പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംദെ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുന്ന പ്രമുഖ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍, മുന്നണികളുടെ പിന്‍ബലമില്ലാതെ നിയമസഭയിലെത്തിയ പി സി ജോര്‍ജ് എംഎല്‍എ, പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, സെക്രട്ടറി ബി നൗഷാദ്,  സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരായ എ വാസു, രൂപേഷ്‌കുമാര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വോളന്റിയര്‍ മാര്‍ച്ചും ലക്ഷം പേര്‍ അണിനിരന്ന റാലിയും നടന്നു. സമ്മേളനാനന്തരം ഒരു കപ്പല്‍ വിജയഗാഥ എന്ന നാടകവും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss