|    Apr 21 Sat, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭയപ്പെടുത്തി ഞങ്ങളെ നിശ്ശബ്ദരാക്കാനാവില്ല: ഉമര്‍ ഖാലിദ്

Published : 23rd February 2016 | Posted By: swapna en

ഉമര്‍ ഖാലിദ് ജെഎന്‍യുവില്‍ നടത്തിയ പ്രസംഗത്തിന്റെ
പ്രസക്ത ഭാഗങ്ങള്‍

എന്റെ പേര് ഉമര്‍ ഖാലിദ് എന്നു തന്നെയാണ്. പക്ഷേ, ഞാനൊരു തീവ്രവാദിയല്ല. ഈ പോരാട്ടം നാം ഓരോരുത്തരുടെയും അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. ഈ വിശ്വവിദ്യാലയത്തിന്റെ മാത്രമല്ല, ഭാരതത്തിലെ ഓരോ സര്‍വകലാശാലകളുടെയും നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. അതിലുപരി ഈ സമൂഹത്തിനായുള്ള പോരാട്ടമാണ്. എതിര്‍പ്പിന്റെ പോരാട്ടത്തിന്റെ ഈ ശബ്ദങ്ങളുയര്‍ന്നില്ലെങ്കില്‍ ഈ സമൂഹത്തിന്റെ ഭാവി എന്താകുമെന്നത് ആശങ്കാജനകമാണ്.
കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കകം എന്നെക്കുറിച്ച് എനിക്കു പോലും നാളിതുവരെ അജ്ഞാതമായിരുന്ന പല വിവരങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്റെ കൈവശം പാസ്‌പോര്‍ട്ടില്ല, എന്നിട്ടും രണ്ടുതവണ ഞാന്‍ പാകിസ്താനില്‍ പോയി തിരിച്ചുവന്നവനാണെന്നാണ് പറയപ്പെടുന്നത്. മറ്റൊരു വസ്തുത ഞാന്‍ ഒരു സുപ്രധാന ആസൂത്രകനാണെന്നാണ്. പത്തോ പതിനെട്ടോ സര്‍വകലാശാലകളെ കോര്‍ത്തിണക്കി ഇത്തരമൊരു നീക്കത്തിന് ഞാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവത്രേ. സത്യത്തില്‍ എനിക്ക് ഇത്ര സ്വാധീനമുണ്ടെന്ന് എനിക്കു തന്നെ മനസ്സിലായത് ഇതു കേട്ടപ്പോഴാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ എണ്ണൂറോളം ഫോണ്‍ കോളുകള്‍ നടത്തിയെന്ന് വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ക്ക് ഒരു തെളിവിന്റെയും ആവശ്യമില്ല. ഇതിനൊന്നും നിങ്ങള്‍ക്ക് നാണമില്ലേ എന്ന് അവരോട് ചോദിക്കുന്നത് നാം നമ്മെ തന്നെ വിഡ്ഢികളാക്കുന്നതിന് തുല്യമായിരിക്കും. ഇതാണ് ശരിയായ മാധ്യമ വിചാരണ. ജെയ്‌ശെ മുഹമ്മദുമായി ഒരു ബന്ധവുമില്ലെന്ന് സര്‍ക്കാരും ഐബിയും വ്യക്തമാക്കിയിട്ടും ഒരു ക്ഷമാപണമോ തെറ്റുതിരുത്തലോ ഉണ്ടായിട്ടില്ല. ഇതെല്ലാം കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. എന്റെ പേര് തങ്ങളുടെ സംഘടനയുമായി ചേര്‍ത്തുവച്ചു എന്ന് തിരിച്ചറിഞ്ഞാല്‍ ജെയ്‌ശെ മുഹമ്മദ് ആര്‍എസ്എസ് കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തും.
ഏതു രീതിയിലാണ് വ്യാജ വാര്‍ത്തകള്‍ ഒഴുകിയത്. ഇതിനെല്ലാം ശേഷവും തങ്ങള്‍ രക്ഷപ്പെടുമെന്നാണ് ഇതിനു പിന്നിലെ മാധ്യമങ്ങള്‍ കരുതുന്നതെങ്കില്‍ ലളിതമായി പറയട്ടെ, അത് നടക്കില്ല. നിങ്ങള്‍ ആദിവാസിയെ മാവോവാദികളെന്ന് ചിത്രീകരിച്ചും മുസല്‍മാനെ തീവ്രവാദിയാക്കിയും മാധ്യമ വിചാരണ നടത്തി മുന്നേറിയിട്ടുണ്ടാവാം. പ്രതികരിക്കാന്‍ ഇരകള്‍ക്ക് ഒരുപക്ഷേ കഴിഞ്ഞു കാണില്ല, ഇരകളോടൊത്തു നില്‍ക്കാന്‍ ആരും ഉണ്ടാകാനുമിടയില്ല. എന്നാല്‍, ഇത്തവണ നിങ്ങള്‍ വിചാരിക്കാത്ത കുഴിയിലാണ് പെട്ടത്്. ജെഎന്‍യു പ്രതിഷേധാഗ്‌നിക്ക് മുന്നില്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. തെറ്റായ കഥകളുമായി വേട്ടയാടിയവരോടെല്ലാം ഓരോ മാധ്യമത്തിനും മറുപടി പറയേണ്ടതായും തെറ്റ് തിരുത്തേണ്ടതായും വരും.
എനിക്കൊരിക്കലും എന്നെക്കുറിച്ച് ഓര്‍ത്ത് ആശങ്കയോ ഭയമോ ഉണ്ടായിരുന്നില്ല, കാരണം നിങ്ങള്‍ ആയിരങ്ങളുടെ പിന്തുണ എന്നും കൂടെയുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പിതാവിന്റെയും സഹോദരിയുടെയും പ്രതികരണം കേട്ടപ്പോഴാണ് ആശങ്ക ജനിച്ചത്. എന്റെ സഹോദരിമാരുടെ ഫേസ്ബുക്ക് പേജിലും മറ്റും സംഘപരിവാരക്കാര്‍ ഭീഷണി മുഴക്കാന്‍ തുടങ്ങി. ചിലര്‍ ബലാല്‍ക്കാരം ചെയ്യുമെന്ന് പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റു ചിലരുടെ ഭീഷണി. എല്ലാറ്റിനും ന്യായീകരണവുമായി ഭാരത് മാതാ കീ ജയ് എന്നതും കൂടി കണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത് കാണ്ഠമാലില്‍ കന്യാസ്ത്രീയെ ബലാല്‍ക്കാരം ചെയ്ത ബജ്‌റംഗ് ദള്‍ അക്രമികള്‍ ആര്‍ത്തുവിളിച്ചതും ഇതേ ഭാരത് മാതാ കീ ജയ് എന്നായിരുന്നുവെന്നാണ്. സഖാവ് കനയ്യ പറഞ്ഞത് ആവര്‍ത്തിക്കട്ടെ. ഇത് നിങ്ങളുടെ ഭാരത മാത. ഞങ്ങളുടെ ഭാരത മാത അതല്ല. അത് തുറന്നുപറയുന്നതില്‍ യാതൊരു മടിയുമില്ലതാനും.
കഴിഞ്ഞ ഏഴു വര്‍ഷമായി ജെഎന്‍യു രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഒരിക്കല്‍ പോലും മുസ്‌ലിമാണെന്ന് സ്വയം ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നെ അങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ചിത്രീകരിച്ചിട്ടില്ല. ഇത്തരം വേട്ടയാടല്‍ കേവലം മുസല്‍മാനെതിരേ മാത്രമല്ല, സമൂഹത്തിലെ അടിത്തട്ടിലുള്ള കീഴാളവിഭാഗമെന്ന് മുദ്രകുത്തപ്പെട്ടവരൊക്കെ ഇതിന്റെ ഇരകളാണ്. ആദിവാസികളായാലും ദലിതരായാലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ പത്തു ദിവസങ്ങളിലാണ് ഞാ ന്‍ ഒരു മുസല്‍മാനാണെന്ന ചിന്ത എനിക്കു തന്നെ ഉണ്ടായത്. ഇത് ഏറെ ലജ്ജാവഹമായ കാര്യമാണ്. ചിലര്‍ എന്നെ പാകിസ്താന്റെ ചാരന്‍ എന്ന നിലയിലാണ് ചിത്രീകരിച്ചത്. എനിക്ക് അവരോട് ഒന്നേ പറയാനുള്ളു. പ്രിയ സുഹൃത്തേ, പാക് കവി പാടിയതു പോലെ ഇന്ത്യയും എന്റേതാണ്, പാകിസ്താനും എന്റേതാണ്. ഈ രണ്ടു നാടുകള്‍ക്കിടയില്‍ അമേരിക്കയുണ്ട്. നിങ്ങള്‍ അമേരിക്കയുടെ ഏജന്റാണ്. ഇവിടെ അമേരിക്കയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സമ്പത്തിനെ സേവനതല്‍പ്പരരായ യുവജനതയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സമര്‍പ്പിക്കുന്ന ഒരു സര്‍ക്കാരുണ്ട്. വിദ്യാഭ്യാസ മേഖലയെ വില്‍ക്കുന്നു. അവരാണ് നമ്മളെ ദേശഭക്തി പഠിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ദേശവിരുദ്ധരെന്ന് അവര്‍ മുദ്രകുത്തിയവര്‍ക്ക് കീഴില്‍ ലോകം അണിനിരക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാവില്ല. മനുഷ്യന്റെ നിലനില്‍പ്പിനും അസ്തിത്വത്തിനുമായുള്ള പോരാട്ടത്തിനായി ലോകത്തെ എല്ലാ ദേശവിരുദ്ധരും (നിങ്ങളുടെ ഭാഷയിലെ) ഒന്നിക്കും, അതിനവര്‍ക്ക് അതിരുകളില്ല, ആകാശങ്ങളില്ല. ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരേ ഭരണകൂടങ്ങള്‍ക്കെതിരേ ലോകത്തിന്റെ എല്ലാ വശത്തുനിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നുവരും. ഇത്തരം മോശം ഇടപെടലുകള്‍ ഞങ്ങളെ തളര്‍ത്തില്ല, ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല.
സുഹൃത്തുക്കളേ, കൈയി ല്‍ അധികാരവും പോലിസും മാധ്യമങ്ങളുമുണ്ടെങ്കിലും ഇവര്‍ ഭീരുക്കളാണ്. അവര്‍ നമ്മെ ഭയക്കുന്നു. നമ്മള്‍ ചിന്തിക്കുന്നവരാണ്, പ്രവര്‍ത്തിക്കുന്നവരാണ് എന്ന സത്യത്തെ അവര്‍ ഭയക്കുന്നു. ഇന്ന് ഈ രാജ്യത്ത് ഏറ്റവും എളുപ്പമുള്ള കാര്യം ദേശവിരുദ്ധനാവുക എന്നതാണ്. നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയോ ആ നിമിഷം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടും. ഭയപ്പെടുത്തി ഞങ്ങളെ നിശ്ശബ്ദരാക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങളേതോ മായാലോകത്താണ്. ഞാന്‍ ആവര്‍ത്തിക്കുന്നു, നേരത്തേ പറഞ്ഞ പോലെ കരുത്തുറ്റ ഒരു വിശ്വവിദ്യാലയത്തോടാണ് നിങ്ങള്‍ പോരാടാനിറങ്ങിയിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss