|    Nov 23 Thu, 2017 11:13 am
FLASH NEWS

ഭക്ഷ്യ സുരക്ഷാ നിയമം: മുന്‍ഗണനാ ലിസ്റ്റിനെതിരേ വ്യാപക പരാതി

Published : 26th October 2016 | Posted By: SMR

കാളികാവ്: ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നടപടിക്രമങ്ങള്‍ എങ്ങുമെത്താതെ അധികൃതര്‍. ആശങ്കയും ആവലാധികളുമായി പട്ടിണിപ്പാവങ്ങള്‍. ധൃതിയില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ലിസ്റ്റില്‍ തെറ്റുകളുടെ പ്രളയം. ഭക്ഷ്യ സുരക്ഷാ നിയമം അവധാനതയോടെ നടപ്പാക്കാന്‍ കേന്ദ്രം അനുവദിച്ച സമയം മൂന്നു വര്‍ഷമാണ്. എന്നാല്‍, പദ്ധതിയോട് മുഖംതിരിച്ചു നിന്ന അധികൃതരാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. നേരത്തെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന അര്‍ഹരായ ആയിരങ്ങള്‍ പുറത്തായപ്പോള്‍ കാറും വീടും ഭൂമിയുമുള്ളവര്‍ ഒട്ടേറെപ്പേര്‍ മുന്‍ഗണനാ ലിസ്റ്റില്‍ കയറിക്കൂടി. സര്‍ക്കാരിന്റെ പിടിപ്പുകേടും നിരുത്തരവാദിത്വവുമാണ് പാവങ്ങളുടെ വയറ്റത്തടിക്കാന്‍ ഇടയാക്കിയത്. ഒക്ടോബര്‍ 30നകം ലിസ്റ്റ് നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഇതേ തുടര്‍ന്നാണ് കൃത്യതയില്ലാതെ പേരുകള്‍ വെട്ടിമാറ്റിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നിര്‍ബ്ബന്ധിതരായത്. ഇപ്പോള്‍ സ്വീകരിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വളരെ കുറച്ച് ദിവസങ്ങളാണുള്ളത്. അതിനാല്‍ അത്തിമ ലിസ്റ്റും കുറ്റമറ്റതാവുമെന്ന് കരുതാനാവില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയോട് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് കേന്ദ്രം അരിവിഹിതം വെട്ടിക്കുറക്കാനിടയാക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് കേന്ദ്രം ലക്ഷ്യമാക്കുന്നത്. എന്നാല്‍, എത്ര പേരെ പദ്ധതിയില്‍നിന്ന് അകറ്റാനാവും എന്നതാണ് സര്‍ക്കാര്‍ സമീപനം. 1996ല്‍ നിലവില്‍ വന്ന ബിപിഎല്‍ ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ലിസ്റ്റും പുറത്തിറക്കിയത്. അതിനു ശേഷം നല്‍കിയ ആയിരക്കണക്കിനു കാര്‍ഡുകള്‍ യാതൊരു പരിശോധനയും നടത്താതെ എപിഎല്‍ ആക്കിയാണ് നല്‍കിയത്. സുതാര്യകേരളം പദ്ധതിയില്‍ സമര്‍പ്പിച്ച അമ്പതിനായിരത്തോളം അപേക്ഷകള്‍ ഇപ്പോഴും തീര്‍പ്പാവാതെ കിടക്കുകയാണ്. തല ചായ്ക്കാന്‍ ഇടമില്ലാത്തവരും ആദിവാസികളടക്കമുള്ള പരമദരിദ്രരും ഇപ്പോഴും ലിസ്റ്റിനു പുറത്താവാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണ്. ഇപ്പോള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കാര്‍ഡുകളും പഞ്ചായത്തുതല സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധയ്ക്ക് വിധേയമാക്കിയാലേ കുറ്റമറ്റതാവു എന്നും അഭിപ്രായമുയര്‍ത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക