|    Jun 19 Tue, 2018 9:53 pm

ഭക്ഷ്യസുരക്ഷാ നിയമം : മുന്‍ഗണനാ പട്ടികയില്‍നിന്ന് 5,226 കാര്‍ഡുകള്‍ നീക്കം ചെയ്തു

Published : 21st January 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ കരടുപട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹമായ 5,226 പേരുടെ റേഷന്‍ കാര്‍ഡുകള്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തതായി ജില്ലാ സപ്ലൈ ഓഫിസര്‍ പി കെ വല്‍സല അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് മുന്‍ഗണന ഇതര പട്ടികയില്‍ തുടരാന്‍ കഴിയും. 31 നകം പട്ടികയില്‍നിന്ന് സ്വയം ഒഴിഞ്ഞുപോവാത്ത അനര്‍ഹര്‍ക്കെതിരേ ഒരു വര്‍ഷംവരെ തടവു ശിക്ഷയും പിഴയും ചുമത്തുന്ന നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഇതിനു പുറമെ റേഷന്‍ കാര്‍ഡ് റദ്ദാക്കുക, സൗജന്യമായി വാങ്ങിയ അരിയുടെ മാര്‍ക്കറ്റ് വില ഈടാക്കുക തുടങ്ങിയ നടപടികളും നേരിടേണ്ടിവരും. ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍ നടത്തിയ അന്വേഷണത്തിലാണ് അനര്‍ഹരെ കണ്ടെത്തിയത്. കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷനര്‍, ആദായ നികുതി നല്‍കുന്നവര്‍, നാലുചക്ര വാഹന (600 സിസി) മുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിലും കൂടിയ അളവില്‍ വീടുള്ളവര്‍, 25,000 രൂപ മാസ വരുമാനമുള്ളവര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്. മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഉള്‍പ്പെടുന്ന ആരെങ്കിലും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ ഒഴിവാകുന്നതിന് നടപടി സ്വീകരിക്കണം. ഇത്തരം ആളുകള്‍ ജനുവരി 31നകം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കിയാണ് പട്ടികയില്‍ നിന്ന് ഒഴിവാകേണ്ടത്. 31ന് ശേഷവും ഒഴിവായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss