|    Dec 12 Tue, 2017 10:10 am
Home   >  Todays Paper  >  Page 1  >  

ഭക്ഷ്യസുരക്ഷാ നിയമം ആറു മാസത്തിനകം നടപ്പാക്കും

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ആറു മാസത്തിനകം സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. അധിക അരിവിഹിതം കേന്ദ്രം തടഞ്ഞ സാഹചര്യത്തിലാണിത്. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിന് താലൂക്കുതല റാങ്കിങിനു പകരം സംസ്ഥാനതല റാങ്കിങ് നടത്താനും തീരുമാനമായി.
പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറിനകം വിതരണം ചെയ്യും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,54,80,040 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമീണമേഖലയില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്. താലൂക്കുതല റാങ്കിങ് പ്രകാരം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയതുമൂലം അര്‍ഹരായ പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി  അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനു റാങ്കിങ് സംവിധാനം സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
2012 ഏപ്രില്‍ 27ലെ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നിന്നൊഴിവാകും. ഈ മാനദണ്ഡപ്രകാരം ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ പട്ടികയില്‍ നിന്നു പുറത്താവും. ഇവരെ കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
ഭക്ഷ്യധാന്യങ്ങളുടെ സുഗമമായ വിതരണത്തിന്  ബ്ലോക്കുതലത്തില്‍ രണ്ടു സംഭരണശാലകള്‍ നിര്‍മിക്കും. റേഷന്‍ മൊത്തവ്യാപാര ശാലകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി സപ്ലൈകോയെ ഏല്‍പിക്കും.  റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി വിതരണം മുഖേന റേഷന്‍കടകളില്‍ എത്തിക്കുന്നതിന്റെ മേല്‍നോട്ടം സപ്ലൈകോയെ ഏല്‍പിക്കാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക