|    Jan 17 Tue, 2017 8:30 am
FLASH NEWS

ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍  138 പുതിയ തസ്തികകള്‍

Published : 28th January 2016 | Posted By: SMR

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിനു കീഴില്‍ 138 അധിക തസ്തികകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഫിനാന്‍സ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ ഓരോ തസ്തിക സൃഷ്ടിക്കും. ഫുഡ്‌സേഫ്റ്റി ഓഫിസര്‍- 5, ക്ലാര്‍ക്ക്- 99, ഓഫിസ് അറ്റന്‍ഡന്റ്- 30 എന്നീ തസ്തികകളും സൃഷ്ടിക്കും. പട്ടികവര്‍ഗ വികസന വകുപ്പിലെ 108 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഓരോ’ആയ’തസ്തിക വീതം സൃഷ്ടിച്ചു. അതത് പ്രദേശത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വനിതകളെ ഇവിടെ നിയമിക്കും.
സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളില്‍നിന്നും ബിഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്റ്റൈപന്റ് 6,000 രൂപ സ്റ്റാഫ് നഴ്‌സിന്റെ ശമ്പളത്തിന് തുല്യമായ 13,900 രൂപയായി വര്‍ധിപ്പിച്ചു. ഏകാധ്യാപകരുടെ ദിവസവേതനം 500 രൂപയായി വര്‍ധിപ്പിച്ചു.
കാസര്‍കോഡ് ജില്ലയിലെ പുളിക്കല്‍ മള്‍ട്ടിഗ്രേഡ് ലേണിങ് സെന്ററിനെ ലോവര്‍ പ്രൈമറി സ്‌കൂളാക്കി ഉയര്‍ത്തുന്നതിന് കെട്ടിടം നിര്‍മിക്കുന്നതിനായി ഹോസ്ദുര്‍ഗ് താലൂക്കില്‍ പെരിയ വില്ലേജില്‍ 1.33 ഹെക്ടര്‍ (3.3 ഏക്കര്‍) റവന്യൂ ഭൂമി പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചു. കാസര്‍കോഡ് ജില്ലയിലെ സീതംഗോളി ഐടിഐ നിര്‍മാണത്തിനായി മഞ്ചേശ്വരം താലൂക്കില്‍ പുത്തിഗെ വില്ലേജില്‍ 1.3 ഏക്കര്‍ ഭൂമി അനുവദിച്ചു.
കാറ്റാടിനിലയം സ്ഥാപിക്കുന്നതിന് ഇടുക്കി ജില്ലയില്‍ ഉടുമ്പുഞ്ചോല താലൂക്കില്‍ പാറത്തോട് വില്ലേജില്‍ അനര്‍ട്ടിന് അനുവദിച്ച 149.53 ഹെക്ടര്‍ ഭൂമിയുടെ കരുതല്‍ നിക്ഷേപം, പാട്ടക്കുടിശ്ശിക എന്നിവ എഴുതിത്തള്ളും. കൊച്ചി മെട്രോയ്ക്കു വേണ്ടി 88 സെന്റ് ഭൂമി വിട്ടുനല്‍കിയ എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിന് പകരമായി കലൂരില്‍ ജിസിഡിഎയുടെ 74 സെന്റും സര്‍ക്കാരിന്റെ കൈവശമുള്ള 14 സെന്റും നല്‍കും.
കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് 25 ലക്ഷം അനുവദിച്ചു. ആറന്മുള-ഹരിപ്പാട് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എംഎല്‍എ ആയിരുന്ന കെ കെ ശ്രീനിവാസന്റെ സ്മാരകം ജന്മനാട്ടില്‍ പണിയുന്നതിന് 10 ലക്ഷം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക