|    Mar 18 Sun, 2018 9:57 am
FLASH NEWS

ഭക്ഷ്യസംസ്‌കരണ-യന്ത്ര പ്രദര്‍ശന മേളയ്ക്ക് തുടക്കമായി

Published : 10th August 2017 | Posted By: fsq

 

അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്കമഹോല്‍സവത്തിന്റെ ഭക്ഷ്യ സംസ്‌കരണ യന്ത്രപ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ചക്കമഹോല്‍സവത്തിന്റെ ഒദ്യോഗിക ഉദ്ഘാടനം 12നു രാവിലെ 9.30ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കര്‍ഷകക്ഷേമ മന്ത്രി പി സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തോടനുബന്ധിച്ച് ജില്ലയിലെ കാര്‍ഷികോല്‍പന്നങ്ങള്‍ മൂല്യവര്‍ധനം നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികളുടെ പ്രദര്‍ശനമേളയ്ക്കും വ്യവസായ പ്രദര്‍ശന മേളയ്ക്കും തുടക്കമായി. വൈവിധ്യമാര്‍ന്ന യന്ത്രങ്ങളുടെ 30 സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. ജില്ലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ സംസ്‌കരിച്ച് ഭക്ഷ്യോല്‍പന്നങ്ങളാക്കി പാക്ക് ചെയ്ത് വിപണനം ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങളാണ് ജില്ലാ വ്യവസായ കേന്ദ്രം മേളയില്‍ എത്തിച്ചിട്ടുള്ളത്. യന്ത്രനിര്‍മാതാക്കള്‍ നേരിട്ട് മേളയില്‍ പങ്കെടുത്ത് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയും വ്യവസായ സാധ്യതകളും വിശദീകരിക്കുന്നു. കിഴങ്ങുവര്‍ഗങ്ങള്‍, പഴം, പാല്‍, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളില്‍ അധിഷ്ഠിതമായ നാനോ, മൈക്രോ, ലഘു ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് തയ്യാറാക്കിയ സ്റ്റാളുകളില്‍ വയനാട്ടിലെ ചെറുകിട യൂനിറ്റുകള്‍ മുതല്‍ വിപുലമായ  യന്ത്രനിര്‍മാതാക്കള്‍ വരെ അവരവരുടെ ഉല്‍പന്നങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സാറാസ് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടീസ് ചക്കയുടെ വിവിധ ഉല്‍പന്ന നിര്‍മാണത്തിന് വഴികാട്ടുന്ന വിവിധതരം യന്ത്രങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചക്ക പള്‍പ്പ് വേര്‍തിരിക്കല്‍ യന്ത്രം, സെമിസോളിഡ് ഡ്രൈയര്‍, ജ്യൂസ് എക്‌സപെല്ലര്‍ തുടങ്ങിയവ ഇവിടെയുണ്ട്. ചക്കയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മെറ്റല്‍ ഏയ്ജ് മെഷിനറീസിന്റെ പള്‍പ്പര്‍, ഫ്രൂട്ട് മില്‍, കോളിഡ് മില്‍, പൗച്ച് പായ്ക്കിങ്, പിക്കിള്‍ ബ്ലെന്‍ഡര്‍, കെറ്റില്‍, ഡി സ്റ്റോണര്‍ ആസ്പിരേറ്റര്‍, ബേബി ബോയിലര്‍, പൗഡര്‍ റോസ്റ്റര്‍, ഉരുളി റോസ്റ്റര്‍, ഹാമര്‍മില്ല്, ഡ്രം റോസ്റ്റര്‍ എന്നിവയെല്ലാം വ്യവസായ സംരംഭകര്‍ക്കായി ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. പ്രകൃതിയോടിണങ്ങിയ വിവിധ തരം ചണബാഗുകള്‍, ഫയല്‍കീപ്പര്‍ തുടങ്ങിയ ഉല്‍പന്നങ്ങളും മേളയിലുണ്ട. മണ്‍പാത്രങ്ങളുടെ ശേഖരവും കുടുംബശ്രീയുടെ ഉല്‍പന്നങ്ങളും മേളയിലുണ്ട്്. വില്ലേജ് ക്രാഫ്റ്റിന്റെ വിവിധതരം ചക്ക ഉല്‍പന്നങ്ങളും മേളയില്‍ വില്‍പനയ്ക്കുണ്ട്. യന്ത്രപ്രദര്‍ശന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, വാര്‍ഡ് മെംബര്‍ കുട്ടികൃഷ്ണന്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇ സലാഹുദ്ദീന്‍, കാര്‍ഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, വ്യവസായകേന്ദ്രം മാനേജര്‍മാരായ മുഹമ്മദ് കുഞ്ഞ്, ബെനഡിക്ട് വില്യം ജോണ്‍സ്, വി കെ ശ്രീജന്‍, ഉപജില്ലാ വ്യവസായ ഓഫിസര്‍മാരായ ജിജി കുര്യന്‍, കെ രാധാകൃഷ്ണന്‍, പി എസ് കാലാവതി സംബന്ധിച്ചു. ജില്ലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കര്‍ഷകരെയും സംരംഭകരെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss