|    Jun 28 Wed, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭക്ഷ്യധാന്യ നിഷേധം കേന്ദ്രനടപടിക്കെതിരേ എംപിമാര്‍ യോഗം ചേര്‍ന്നു

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം നിഷേധിക്കുന്ന കേന്ദ്രനടപടിക്കെതിരേ എംപിമാര്‍ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ എംപിമാര്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട ധനസഹായത്തില്‍ പകുതി പോലും ലഭിക്കുന്നില്ല. 100 ശതമാനം കേന്ദ്രസഹായം ലഭിച്ചിരുന്ന പല പദ്ധതികളുടെയും തുക പകുതിയായി വെട്ടിക്കുറച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ അംഗങ്ങള്‍ ഒരുമിച്ചു പോരാടണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാവണം. തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പിനു സഹായകമായ വിധത്തില്‍ കേന്ദ്രം നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്ത രണ്ടു ലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. സ്ഥലലഭ്യത കുറവായതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കും. പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമായും നിര്‍മിക്കണമെന്ന നിബന്ധന കൊണ്ടുവരും. എയ്ഡഡ് സ്‌കൂളുകളുടെ പശ്ചാത്തലസൗകര്യവും പഠനനിലവാരവും മെച്ചപ്പെടുത്തും. എംപിമാരെ കൂടാതെ മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക