|    Aug 20 Sun, 2017 9:04 pm
FLASH NEWS

ഭക്ഷ്യധാന്യങ്ങള്‍ യഥാസമയം റേഷന്‍ കടകളില്‍ എത്തുന്നില്ല; റേഷന്‍ വിതരണം അവതാളത്തില്‍

Published : 2nd August 2017 | Posted By: fsq

 

വടകര: താലൂക്കിലെ റേഷന്‍ വിതരണം ഡോര്‍ഡെലിവറി സംവിധാനത്തിലായതോടെ റേഷന്‍ വ്യാപാരികളും കാര്‍ഡുടമകളും ദുരിതത്തിലായി. മെയ് മാസം മുതലാണ് ഡോര്‍ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ റേഷന്‍ വിതരണം കൃത്യമായി നടക്കാത്ത സ്ഥിതിയായിരിക്കുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വില്യാപ്പള്ളി ഡിപ്പോയില്‍ നിന്നും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലയാട്, വടകര, നാദാപുരം റോഡ് എന്നീ സബ്ഡിപ്പോകളില്‍ നിന്നാണ് റേഷനരിയും ഗോതമ്പും വിതരണത്തിന് എത്തുന്നത്. 260 ലോഡ് ഭക്ഷ്യധാന്യങ്ങള്‍ ഒരു മാസം താലൂക്കിലെ റേഷന്‍ കടകള്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, വിവിധ ഇനങ്ങളിലുള്ള അരി റേഷന്‍ ഒരു ഡിപ്പോവില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഒരേസമയം റേഷന്‍ വ്യാപാരികള്‍ക്ക് വിതരണത്തിന് ലഭിക്കാത്തത് പ്രയാസത്തിലാക്കുകയാണ്. ഇത് കാരണം പല റേഷന്‍ കടകളിലും പച്ചരി മാത്രമായും പുഴുങ്ങലരിയും മാത്രമായി ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇത് കാര്‍ഡുടമകള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. നിലവില്‍ പല റേഷന്‍ കടകളിലും സ്റ്റോക്ക് എത്തുന്നത് മാസം അവസാനിക്കുമ്പോഴാണ്. കാര്‍ഡുടമകളുടെ പ്രയാസങ്ങളോടൊപ്പം വ്യാപാരികള്‍ക്കും ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് പുറമെയാണ് വിതരണത്തിന് എത്തുന്ന റേഷന്‍ സാധനങ്ങളിലെ തൂക്കക്കുറവ് വ്യാപാരികള്‍ക്ക് നഷ്ടവും ഉണ്ടാക്കുന്നു. നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന കമ്മീഷന്‍ കഴിഞ്ഞ ആറുമാസമായി ലഭിക്കുന്നില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 350 കാര്‍ഡുകളുള്ള ഷോപ്പിന് പതിനാറായിരം രൂപയും അതിന് മുകളില്‍ കാര്‍ഡ് വര്‍ധനവിന് അനുസരിച്ചുള്ള തുകയുടെ വര്‍ധനവും ലഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആറുമാസം പിന്നിട്ടിട്ടും ഈ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ കട നടത്തികൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് റേഷന്‍ റീട്ടെയില്‍ ഡിലേഴ്‌സ് അസോസിയേഷന്‍ വടകര താലൂക്ക് കമ്മിറ്റി ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാത്തപക്ഷം സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ടി കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ പി ബാബു, കെസി ഗംഗാധരന്‍, ശശി ഏറാമല, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക