|    May 23 Tue, 2017 10:50 am
FLASH NEWS

ഭക്ഷണവില നിയന്ത്രണം; ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന

Published : 28th November 2015 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. ഡിസംബര്‍ 10നു മുമ്പ് ഒരുദിവസം ഹോട്ടലുകള്‍ അടച്ചിട്ട് സൂചനാസമരവും പ്രശ്‌നപരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സമരവും നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
വ്യാപാര രംഗത്തെ ഇതര സംഘടനകളുമായി കൂടിയാലോചിച്ച് സൂചനാ പണിമുടക്ക് തിയ്യതി ഇന്നു പ്രഖ്യാപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മോഹന്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടിഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലനിയന്ത്രണത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കരട് ബില്ല് മാറ്റങ്ങള്‍ വരുത്താതെ നിയമമാക്കിയാല്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഇവര്‍ പറഞ്ഞു.
വില ഏകീകരണം ഉള്‍പ്പെടെ സംഘടനയ്ക്ക് സ്വീകാര്യമല്ലാത്ത നിരവധി വ്യവസ്ഥകളടങ്ങിയ വിലനിയന്ത്രണ ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിലാണ് അസോസിയേഷന്‍ സമരത്തിലേക്ക് പോവുന്നത്. പൊതുജനങ്ങളുടെ ഇഷ്ടാനുസരണം അവരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശത്തിന്‍മേലുള്ള കൈകടത്തലാണ് ഈ നിയമനിര്‍മാണം. വിവിധ ദേശങ്ങളിലെ രുചിഭേദങ്ങളുടെ തനിമ ഇല്ലാതാക്കാന്‍ വില ഏകീകരണം ഇടയാക്കും. വില നിശ്ചയിക്കാനുള്ള അവകാശം വിദഗ്ധരടങ്ങുന്ന കമ്മിറ്റിക്ക് വിട്ടുകൊടുക്കണമെന്ന ബില്ലിലെ നിര്‍ദേശം അംഗീകരിക്കില്ല. കേരളത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളെയാണ് ഈ നിയമം ബാധിക്കുക. നക്ഷത്ര ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നിയമം ബാധകമാവില്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. തമിഴ്‌നാടിനെയും കര്‍ണാടകയെയും അപേക്ഷിച്ച് ഹോട്ടല്‍ ഭക്ഷണത്തിന് കേരളത്തില്‍ വില കുറവാണ്. എന്നാല്‍, ഹോട്ടല്‍ നടത്തിപ്പിനുള്ള ചെലവ് മൂന്നുവര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരുടെ ദിവസക്കൂലി 250 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എണ്ണൂറും ആയിരവുമാണ്. സാധനസാമഗ്രികളുടെ വിലയിലും വാടകയിലും ഉണ്ടായിട്ടുള്ള വര്‍ധന എന്നിവ കണക്കിലെടുക്കുമ്പോള്‍ ഹോട്ടല്‍ വ്യവസായത്തിലെ മുതല്‍മുടക്കില്‍ നൂറുശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day