|    Oct 16 Tue, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭക്ഷണത്തിന് ജിഎസ്ടി സ്‌പെഷ്യല്‍ കൊള്ളവില

Published : 24th September 2017 | Posted By: fsq

 

നിഖില്‍  ബാലകൃഷ്ണന്‍

ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനത്തെ ഹോട്ടലുകളിലെ വില ക്രമാതീതമായി ഉയരുവാന്‍ കാരണമായി. ചരക്കുസേവന നികുതിയിലൂടെ പച്ചക്കറി, അരി, മല്‍സ്യ-മാംസങ്ങളുടെ വില കുറയുമെന്ന് ധനമന്ത്രി ഹോട്ടല്‍ ഉടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും അസംസ്‌കൃത വസ്തുക്കളുടെ വില കുറയാത്തതിനാല്‍ ഭക്ഷണപദാര്‍ഥങ്ങളുടെ വില കൂടുന്നതിനത് കാരണമായി. ഇങ്ങനെ വില കൂടിയതിനൊപ്പം ജിഎസ്ടി കൂടി ഈടാക്കുന്നതോടെ വിലയിലുണ്ടായ മാറ്റം അവിശ്വസനീയമാണ്. ജിഎസ്ടിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 5000 ഹോട്ടലുകളാണു സംസ്ഥാനത്തുള്ളത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു പിഴയീടാക്കിത്തുടങ്ങിയിട്ടുമുണ്ട്. ഒരു ഉച്ചയൂണിന് 60 രൂപ ഈടാക്കുന്ന ഹോട്ടലാണെങ്കില്‍ ബില്ല് വരുമ്പോള്‍ ജിഎസ്ടിയുള്‍പ്പെടെ 67 രൂപ 50 പൈസ നല്‍കേണ്ടതുണ്ട്. ബി ല്‍ തുക കൂടുന്നതിനനുസരിച്ച് ജിഎസ്ടിയും ഉയരും. ചിക്കന്‍ കിലോയ്ക്ക് 80 രൂപയാക്കുമെന്ന് പലകുറി ആവര്‍ത്തിച്ച ധനമന്ത്രി പിന്നീട് ചിക്കന് വില ഉയര്‍ന്നപ്പോള്‍ മൗനംപാലിക്കുകയും ചെയ്തു. ജിഎസ്ടി വന്നിട്ടും സംസ്ഥാനത്തെ ഒരു ഹോട്ടലില്‍ പോലും ചിക്കന്‍ വിഭവങ്ങളുടെ വില കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നതാണു വാസ്തവം. അതേസമയം രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകളില്‍ ജിഎസ്ടിയില്‍ വരുന്ന അധിക തുക ഈടാക്കുന്നുമില്ല. ആളുകള്‍ ഇത്തരത്തിലുള്ള ഹോട്ടലുകളില്‍ അധികമായി കയറുന്നതോടെ രജിസ്റ്റര്‍ ചെയ്ത ഹോട്ടലുടമകളാണ് വട്ടംചുറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കി കൂടുതല്‍ സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ ഹോട്ടലുകളെയും ജിഎസ്ടിയില്‍ നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തി കൂടുതല്‍ മുന്നൊരുക്കത്തോടെ പിന്നീട് നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജിഎസ്ടിയുടെ മറവില്‍ അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരേ പിഴചുമത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പണം നഷ്ടമായ ഉപഭോക്താവിന് ഇത് എങ്ങനെ തിരിച്ചുനല്‍കുമെന്ന് മാത്രം വ്യക്തതയില്ല. കൊച്ചി പോലുള്ള നഗരങ്ങളില്‍ ഹോട്ടലുകളില്‍ ഫുള്‍ ചിക്കന്‍ ഷവായയ്ക്ക് നികുതി ഉള്‍പ്പെടെ 375 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ജിഎസ്ടിക്ക് പിന്നാലെ വില 435ല്‍ എത്തി. 100 രൂപയ്ക്ക് ഊണ് നല്‍കിയ ഹോട്ടലുകളില്‍ 15 ശതമാനം ജിഎസ്ടിയാണെന്ന ന്യായം നിരത്തി ചിലര്‍ 115 രൂപ ഈടാക്കുന്നുണ്ട്. എസി റെസ്റ്റോറന്റില്‍ ഫുള്‍ ചിക്കന് 350 രൂപയാണ് വില. 56 രൂപ നികുതികൂടി ചേര്‍ത്ത റേറ്റാണ് ഇത്. ഈ 56 രൂപ കുറച്ച് 294 രൂപയ്ക്ക് മേല്‍ 5 ശതമാനം കൂടി ജിഎസ്ടി ചേര്‍ത്ത് 308.70 രൂപയ്ക്ക് ഫുള്‍ ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണ്. കൃത്യമായ ജിഎസ്ടി നടപ്പാക്കിയിരുന്നുവെങ്കില്‍ ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാവേണ്ടതാണ്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതിനാല്‍ 350 രൂപയ്ക്ക് മേല്‍ ജിഎസ്ടി കൂടി ചേര്‍ത്ത് 367 രൂപയ്ക്കാണ് ഇപ്പോള്‍ ഫുള്‍ ചിക്കന്‍ വില്‍ക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് ബില്ല് ലഭിക്കുമ്പോള്‍ അതില്‍ ജിഎസ്ടി നമ്പര്‍ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ നമ്പര്‍ ഇല്ലാത്ത ബില്ലുകള്‍ വ്യാജമാണ്. ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ പക്ഷേ, പൊതുജനങ്ങള്‍ക്കു നല്‍കുന്നില്ല. പൊതുവില്‍ ഹോട്ടലുകള്‍ കൊടിയ പ്രതിസന്ധിയിലാണ് കൃത്യതയില്ലാത്ത ജിഎസ്ടി സമ്പ്രദായംമൂലം എത്തിപ്പെട്ടത്. ഈ വിഷമസന്ധികളില്‍ നിന്നു തടിയൂരാന്‍ എന്തു ഫലപ്രദമായ നിര്‍ദേശമാണു വില്‍പനനികുതി വിഭാഗത്തിനുള്ളതെന്നും കുതന്ത്രങ്ങളറിയാത്ത ഹോട്ടലുകാര്‍ ചോദിക്കുന്നു.നാളെ: ജിഎസ്ടി മുതലെടുത്ത് സിമന്റ് കമ്പനികള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss