|    May 29 Mon, 2017 3:18 pm
FLASH NEWS

ഭക്തിസാന്ദ്രമായി മമ്പുറം സ്വലാത്ത് മജ്‌ലിസ്

Published : 7th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: ആത്മീയ നിര്‍വൃതി തേടി മമ്പുറത്തേക്കൊഴുകിയെത്തിയ വിശ്വാസികള്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് മഖാമിലെ സ്വലാത്ത് മജ്‌ലിസ്. നേര്‍ച്ചയോടനുബന്ധിച്ചുള്ള വ്യാഴാഴ്ചത്തെ സ്വലാത്ത് മജ്‌ലിസിനെതുടര്‍ന്ന് മഖാമും പരിസരവും വൈകീട്ടു തന്നെ തീര്‍ത്ഥാടക നിബിഡമായിരുന്നു. കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസി സഞ്ചയത്തെ നിയന്ത്രിക്കാനും ഗതാഗത സൗകര്യമൊരുക്കാനും വോളന്റിയര്‍മാര്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് പുതിയ പാലം തുറന്നുനല്‍കിയത് ആശ്വാസകരമായി. മലബാറിലെ വിശ്വാസി സമൂഹത്തിന്റെ പ്രധാന ആത്മീയ സംഗമമാണ് വ്യാഴാഴ്ച തോറും മഖാമില്‍ നടന്നുവരുന്ന സ്വലാത്ത് സദസ്സ്. മമ്പുറം അലവി തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രിയുടെ മരണാനന്തരം മമ്പുറം തങ്ങളുടെ കാര്‍മികത്വത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കമിട്ട ആത്മീയ സദസ്സ്് ഇതുവരെ മുടങ്ങിയിട്ടില്ലെന്നതാണ് പ്രദേശ വാസികളുടെ അനുഭവ സാക്ഷ്യം. കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ്. പ്രസിഡന്റുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ സ്വലാത്ത് മജ്‌ലിസിനു നേതൃത്വം നല്‍കി. ഇന്നത്തെ മതപ്രഭാഷണം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും. നാളെ മഖാമില്‍ പ്രാര്‍ഥനാ സമ്മേളനം നടക്കും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ അനുഗ്രഹഭാഷണം നടത്തും. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ദിഖ്‌റ് ദുഅയ്ക്ക് നേതൃത്വം നല്‍കും. ഫള്ല്‍ തങ്ങള്‍ മേല്‍മുറി, വി പി അബ്ദുല്ലക്കോയ തങ്ങള്‍, എ മരക്കാര്‍ മുസ്‌ല്യാര്‍, കാളാവ് സൈദലവി മുസ്‌ല്യാര്‍, സൈതാലിക്കുട്ടി ഫൈസി കോറാട് സംബന്ധിക്കും. 9ന് രാവിലെ 9.30 മുതല്‍ അന്നദാനം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമസ്ത ജനറല്‍ സെക്രട്ടറി  ആലിക്കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ മജ്‌ലിസോടെ 178ാ മത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day