|    Jan 24 Tue, 2017 12:47 pm
FLASH NEWS

ഭക്തിയുടെ നിറവില്‍ ഹറമുകളിലേക്ക് വിശ്വാസിസഹസ്രങ്ങള്‍ ഒഴുകിയെത്തി

Published : 2nd July 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: കാരുണ്യത്തിന്റെ മാസമേ നിനക്കു സലാം…പാപമോചനത്തിന്റെയും സ്വര്‍ഗപ്രവേശനത്തിന്റെയും മാസമേ നിനക്കു സലാം… വിശ്വാസികളുടെ കരളലിയിപ്പിച്ച് പള്ളിമിംബറുകളില്‍ നിന്ന് ഖത്തീബുമാര്‍ നിറകണ്ണുകളോടെ ഈ വാക്യങ്ങളുരുവിട്ടപ്പോള്‍ അത് പവിത്രമാസമായ റമദാനിനോടുള്ള വിടചൊല്ലലായി. വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ മക്ക മസ്ജിദുല്‍ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് പേരാണ് സംഗമിച്ചത്.
ഇന്നലെ റമദാന്‍ 27ാം രാവ് ആയതിനാല്‍ ആയിരം രാവുകളേക്കാള്‍ ശ്രേഷ്ഠകരമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് എത്തിയ വിശ്വാസികള്‍ ഇഅത്കാഫ് (ഭജന) ഇരുന്ന ശേഷം നാളെ മക്കയില്‍ നടക്കുന്ന ഖത്ത്മുല്‍ ഖുര്‍ആന്‍ ദുആയില്‍ കൂടി പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക. ജുമുഅ നമസ്‌കരിക്കാനെത്തിയ വിശ്വാസികളെ കൊണ്ട് നിറഞ്ഞതോടെ രാവിലെ 8.30ഓടെ മക്ക ഹറം പള്ളിയിലെ മുഴുവന്‍ പ്രവേശന കവാടങ്ങളും അടച്ചിരുന്നു. 27ാം രാവ് ആയതിനാല്‍ ജുമുഅക്ക് ശേഷം അഞ്ചു മണിയോടെ ഹറം പള്ളി നിറയുകയും പ്രവേശനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പള്ളിയുടെ പരിസരവും മുറ്റവും നിറഞ്ഞതിനാല്‍ വഴിവക്കിലും പാതയോരങ്ങളിലുമാണ് വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഹജ്ജ് കഴിഞ്ഞാല്‍ ഹറമില്‍ ഏറ്റവുമധികം പേര്‍ സംഗമിക്കുന്ന 27ാം രാവിലെ നമസ്‌കാരങ്ങളും ലക്ഷക്കണക്കിന് പേര്‍ റോഡുകളിലും സമീപങ്ങളിലെ കെട്ടിടങ്ങളിലുമാണ് പൂര്‍ത്തിയാക്കിയത്.
ഹറം വിപുലീകരണം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ ഇത്തവണ വിദേശ തീര്‍ത്ഥാടകരുടെ റെക്കോഡ് വര്‍ധനയുണ്ടായി. വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അടുത്ത പള്ളികളില്‍ ജുമുഅ നമസ്‌കരിക്കാന്‍ സുരക്ഷാവിഭാഗം വിശ്വാസികളോട് എസ്എംഎസ് മുഖേനെ ആവശ്യപ്പെട്ടു.
മക്കയില്‍ ഹറം ഇമാം ഡോ. ശൈഖ് സാലിഹ് ബിന്‍ മുഹമ്മദ് അല്‍ ത്വാലിബ് ജുമുഅ ഖുത്തുബ നിര്‍വഹിച്ചു. വിശുദ്ധ റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യം മുറുകെപിടിച്ചു ജീവിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഏറ്റവും പുണ്യകരമായ ശേഷിക്കുന്ന ദിനങ്ങള്‍ പ്രയോജനപ്പെടുത്തണം. അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍. കുറഞ്ഞ ജോലിക്കു കൂടുതല്‍ പ്രതിഫലമാണ് ഇതിന്റെ പ്രത്യേകത. ഈ ദിനത്തിന്റെ മഹത്വം നേടിയവര്‍ വലിയ ഭാഗ്യവാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഫിത്‌റ് സകാത്ത് നല്‍കി പാവങ്ങളെ സഹായിക്കാനും അദ്ദേഹം ഉപദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക