|    Dec 15 Sat, 2018 5:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്

Published : 8th December 2018 | Posted By: kasim kzm

ദില്‍ഷാദ് മുഹമ്മദ്

കൊച്ചി: കാണികളുടെ പണിമുടക്കും അലസതയുടെ വിരസതയും സമ്മാനിച്ച മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പൂനെ കൊച്ചിയില്‍ ആദ്യമായി തോല്‍പ്പിച്ചു. നിരന്തരം അവസരങ്ങള്‍ പാഴാക്കി ബ്ലാസ്‌റ്റേഴ്‌സ് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. ആദ്യപകുതിയില്‍ മാര്‍സലീനോ നേടിയ ഒരു ഗോളിനാണ് പൂനെ വിജയം നേടിയത്. കളി മറന്ന് വെറുതെ പന്ത് തട്ടികളിച്ച ബഌസ്‌റ്റേഴ്‌സ് താരങ്ങളില്‍ സഹല്‍ അബ്ദുള്‍ സമദും ഗോളി ധീരജും മാത്രമാണ് ആത്മാര്‍ത്ഥത കാണിച്ചത്.
മല്‍സരം കഴിഞ്ഞതോടെ കൂകിവിളികളുടെ അകമ്പടിയോടെയാണ് കാണികള്‍ ബഌസ്‌റ്റേഴ്‌സ് താരങ്ങളെ വരവേറ്റത്. പോയിന്റ് നിലയില്‍ അടിത്തട്ടില്‍ ആരടിയുമെന്ന ചോദ്യത്തിനുളള ഉത്തരം വ്യക്തമാക്കുന്ന പ്രകടനമാണ് താരതമ്യേനെ സീസണില്‍ ഫോമിലല്ലാത്ത പൂനെയ്‌ക്കെതിരെ കേരള ബഌസ്‌റ്റേഴ്‌സ് താരങ്ങള്‍ പുറത്തെടുത്തത്. വ്യക്തമായ പരിശീലനം ലഭിക്കാത്ത ടീമിന്റെ തരത്തിലേക്ക് താഴ്ന്ന പ്രകടനം കോച്ച് ഡേവിഡ് ജെയിംസിന്റെ ഭാവിയും തീരുമാനിക്കും. വ്യക്തമായ ലൈനപ് പോലും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോച്ചിന്റേത്. ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമായി ബഌസ്‌റ്റേഴ്‌സ് മാറി.
പൂനെയുടെ
കളിയും ഗോളുമായി ആദ്യപകുതി
മല്‍സരത്തിന്റെ തുടക്കം തന്നെ പൂനെയുടെ മുന്നേറ്റമാണ് കണ്ടത്. രണ്ടാം മിനുറ്റില്‍ കേരള പകുതിയിലേക്ക് പന്തുമായി കുതിച്ചെത്തിയ മലയാളി താരം ആഷിഖ് കുരുനിയന്‍ തൊടുത്ത ഷോട്ട് പക്ഷേ വലയുടെ പുറത്തേക്കാണ് പോയത്.
അഞ്ചാം മിനുറ്റില്‍ പൂനെ ബോക്‌സിലേക്ക് പന്തുമായെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച് ലിന്‍ഡൂംഗലിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കുന്നതില്‍ താരം അമ്പേ പരാജയപ്പെട്ടു. ഏഴാം മിനുറ്റില്‍ കേരളം രക്ഷപെട്ട നിമിഷം. പൂനെ സൂപ്പര്‍ താരം മാഴ്‌സലീന്യോ പന്തുമായി കേരളാ ബോക്‌സിലേക്ക് കുതിച്ചെത്തുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ ധീരജ് മാത്രം. തകര്‍പ്പന്‍ രക്ഷപെടുത്തലിലൂടെ ധീരനായ ധീരജ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. തൊട്ടടുത്ത മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സും മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും സ്റ്റൊയനോവിച്ചിന്റെ ഷോട്ട് പുറത്തേക്ക്.
പതിമൂന്നാം മിനുറ്റില്‍ സഹലിന്റെ ഗോള്‍ ശ്രമം. ഇത്തവണയും പന്ത് പക്ഷേ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. ഇരുപതാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിക്കൊണ്ട് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. കേരളാ പ്രതിരോധത്തെ സുന്ദരമായി കബളിപ്പിച്ച് ആഷിഖ് കുരുനിയന്‍ നല്‍കിയ പാസില്‍ നിന്ന് പൂനെ സൂപ്പര്‍ താരം മാഴ്‌സലീന്യോയാണ് വല കുലുക്കിയത്. പൂനെ ഒരു ഗോളിന് മുന്നില്‍. തിരിച്ചടിക്കുമെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കളി മിസ്പാസുകളുടെ സമ്മേളനമായി മാറിയതോടെ മത്സരം വിരസമായി. മുപ്പതാം മിനുറ്റില്‍ ബോക്‌സിന് വെളിയില്‍ നിന്ന് സ്റ്റൊയനോവിച്ച് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലും ഏറെ അകലേക്കാണ് പന്ത് പോയത്. ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന മുന്നേറ്റങ്ങളില്‍ പലതും ഭാവനാശൂന്യമായ പാസുകളില്‍ അവസാനിച്ചു. മുപ്പത്തിയെട്ടാം മിനുറ്റിലെ ലിന്‍ഡൂംഗലിന്റെ ഹെഡറും, നാല്‍പ്പത്തിരണ്ടാം മിനുറ്റില്‍ സ്റ്റൊയനോവിച്ചും ലിന്‍ഡൂംഗലും ചേര്‍ന്ന് നടത്തിയ ആക്രമണവും കേരളത്തിന് സമനില ഗോള്‍ സമ്മാനിച്ചില്ല. ഒടുവില്‍ നിരാശയുടെ ആദ്യപകുതി.
വിനീത് വന്നിട്ടും
രക്ഷയില്ല
രണ്ടാം പകുതിയില്‍ ഗോളടിക്കുമെന്ന മഹിമയുളള ബഌസ്‌റ്റേഴ്‌സ് ആദ്യ പകുതിയില്‍ നിരാശപ്പെടുത്തിയ ലിന്‍ഡൂംഗലിന് പകരം സി കെ വിനീതിനെ കളത്തിലിറക്കിയാണ് രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുറ്റില്‍ കേരളത്തിന്റെ മുന്നേറ്റം. നര്‍സാരി നല്‍കിയ ക്രോസ് ബോക്‌സിനകത്ത് നിയന്ത്രിച്ച് സ്റ്റൊയനോവിച്ച് ഷോട്ടുതിര്‍ത്തെങ്കിലും പൂനെ ഗോള്‍കീപ്പര്‍ അനായാസം അത് കൈപ്പിടിയിലൊതുക്കി. അന്‍പത്തിയൊന്നാം മിനുറ്റില്‍ വീണ്ടും കേരളത്തിന്റെ മുന്നേറ്റം. പെക്കൂസണും, സ്റ്റൊയനോവിച്ചും ചേര്‍ന്ന് നടത്തിയ മുന്നേറ്റം പക്ഷേ ഗോളിലെത്തിയില്ല. അന്‍പത്തിരണ്ടാം മിനുറ്റില്‍ മാഴ്‌സലീന്യോയ്ക്ക് പകരം പൂനെ മാര്‍ക്കോ സ്റ്റാങ്കോവിച്ചിനെ കളത്തിലിറക്കി.
65ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച പന്തില്‍ നിന്ന് സഹലിന്റെ തകര്‍പ്പന്‍ ഹെഡര്‍. പക്ഷേ ലക്ഷ്യം അകലെയായിരുന്നു. ആദ്യ പകുതിയിലെപ്പോലെ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ മിസ് പാസ് കളിക്ക് കുറവുണ്ടായില്ല. ഇതിനിടയില്‍ പൂനെയുടെ ഒന്ന് രണ്ട് മികച്ച മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് വില്ലനായി.
74ാം മിനുറ്റില്‍ പെക്കൂസണെ പിന്‍ വലിച്ച ബ്ലാസ്റ്റേഴ്‌സ് മലയാളി താരം കെ പ്രശാന്തിനെ കളത്തില്‍ കൊണ്ട് വന്നു. തൊട്ടടുത്ത മിനുറ്റില്‍ പൂനെ ബോക്‌സില്‍ കേരളം ആക്രമണവുമായെത്തി. ബോക്‌സിനുള്ളില്‍ നിന്ന് സഹല്‍ തൊടുത്ത മികച്ചൊരു ഷോട്ട് പക്ഷേ പൂനെ പ്രതിരോധം രക്ഷപെടുത്തി. അതില്‍ നിന്ന് ലഭിച്ച കോര്‍ണറില്‍ സി കെ വിനീത് ഹെഡര്‍ ഗോളിന് ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. 86ാം മിനുറ്റില്‍ കെ പ്രശാന്ത് ഗോളിലേക്ക് തകര്‍പ്പന്‍ ഷോട്ട് തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ പൂനെയ്ക്ക് രക്ഷകനായി. പിന്നാലെ നര്‍സാരി നടത്തിയ ഗോള്‍ശ്രമം പോസ്റ്റിന് മുകളിലൂടെ പറന്നു.
മത്സരം അവസാന സമയത്തിലേക്കെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പലതവണ ആക്രമണങ്ങളുമായി പൂനെ ഗോള്‍ മുഖം വിറപ്പിച്ചു. എന്നാല്‍ പൂനെ ഗോളിക്ക് ഒരു മികച്ച പരിശീലനത്തിനുളള അവസരം ഒരുക്കല്‍ മാത്രമായിരുന്നു അതെല്ലാം. കൊച്ചിയില്‍ 8659 പേരാണ് ഇന്നലെ കളി കാണാന്‍ എത്തിയത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ഏത് വമ്പന്‍മാരെയും കാണികള്‍ കൈവിടുമെന്ന മുന്നറിയിപ്പാണ് ഇത് സൂചിപ്പിക്കുന്നത്. 11 കളികളില്‍ ഒരു വിജയവും നാല് തോല്‍വിയും ആറ് സമനിലയുമായി ഏഴാം സ്ഥാനത്താണ് ബഌസ്‌റ്റേഴ്‌സ്. പ്ലേ ഓഫ് സാധ്യതകളും ഇപ്പോള്‍ മങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss