|    Dec 17 Mon, 2018 11:12 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യം

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലേക്ക്. ടൂര്‍ണമെന്റിലെ സാധ്യതകള്‍ തുലാസിലായെങ്കിലും പ്രതീക്ഷയുടെ നേര്‍ത്ത പ്രകാശം അണയാതെ കാക്കാന്‍ മഞ്ഞപ്പടയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. പൂനെ സിറ്റി എഫ്‌സിയാണ് എതിരാളികള്‍.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് കിക്കോഫ്. കപ്പടിക്കണം കലിപ്പടക്കണമെന്ന പരസ്യവാക്യവുമായിറങ്ങിയ നാലാം സീസണില്‍ തോറ്റോടിയതോടെ നാടന്‍ പാട്ടിന്റെ ഈണവുമായാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യകൡയില്‍ കെല്‍ക്കത്തയോട് ജയിച്ച് ടൂര്‍ണമെന്റ് തുടങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായി. എന്നാല്‍ പിന്നീടുള്ള ഒമ്പത് കളിയില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ടീമിനായില്ല. അവശ്വസനീയമായ രീതിയിലാണ് ടീം പിന്നാക്കം പോയത്. ഇതുവരെ 10 കളിയില്‍ നിന്ന് മൂന്ന് തോല്‍വിയും ആറ് സമനിലയും ഒരു ജയവുമായി ഒമ്പത് പോയിന്റോടെ ടേബിളില്‍ ഏഴാം സ്ഥാനത്താണ് അവര്‍. ഇനി ബ്ലാസ്റ്റേഴ്‌സിന് അവിശേഷിക്കുന്ന് ഇന്നും കൂടി ചേര്‍ത്ത് എട്ട് മല്‍സരങ്ങളാണ്. എട്ടും ജയിക്കുകയാണെങ്കില്‍ 24 പോയിന്റ് ലഭിക്കും. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാകണമെങ്കില്‍ തോല്‍വി പിണയാതെ സമനില വഴങ്ങാതെ മുന്നോട്ട് പോവേണ്ടതുണ്ട്.
കഴിഞ്ഞ കളിയില്‍ ടീം ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കാഴ്ച്ചവയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഇന്ന് പൂനെയെ തോല്‍പ്പിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അല്‍പ്പം അയവുണ്ടാകും. പിണങ്ങി നിന്ന കാണികള്‍ ഇന്ന് വീണ്ടും മൈതാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എത്രമോശം പ്രകടനമാണെങ്കില്‍ പോലും 30,000 പേര്‍ കളി കാണുവാനെത്തുന്ന മൈതാനത്ത് കഴിഞ്ഞ തവണയെത്തിയത് 8000ത്തില്‍ താഴേ ആളുകളാണ്. ഇന്ന് ആരാധകര്‍ കൂടുതലെത്തുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്നതിന് ജയത്തില്‍ കുറഞ്ഞതൊന്നും മഞ്ഞപ്പട ഉന്നം വയ്ക്കുന്നില്ല.
സന്ദേശ് ജിങ്കന് ക്യാപ്റ്റന്‍ ബാന്‍ഡ് നല്‍കി കഴിഞ്ഞ കളിയില്‍ ഇറക്കിയ ടീമില്‍ നിന്ന് ഇന്ന് കാര്യമായ വ്യത്യാസങ്ങളുണ്ടാകുവാന്‍ സാധ്യതയില്ല. മറുവശത്ത് പൂനെയുടെ കാര്യവും വിഭിന്നമല്ല. ഈ സീസണില്‍ ആകെ ജയിക്കാനായത് ഒരു കളിയില്‍ മാത്രം. രണ്ട് കളികള്‍ സമനിലയില്‍ ആയപ്പോള്‍ ഏഴ് കളി തോല്‍ക്കുകയും ചെയ്തു. 10 കളി പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് ഒമ്പത് പോയിന്റ്. ഇനി ഈ സീസണില്‍ പൂനെയ്ക്ക് കാര്യമായെന്നും ചെയ്യാനില്ല. ശേഷിക്കുന്ന എട്ട് കളിയും ജയിച്ചാല്‍ തന്നെ പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷയുമില്ല. എങ്കിലും അഞ്ചാം സീസണില്‍ ഓര്‍ത്തുവയ്ക്കുവാന്‍ എന്തെങ്കിലുമൊക്കെ വേണമെന്ന നിശ്ചയദാര്‍ഡ്യം മുന്‍നിര്‍ത്തി പൂനൈ ഇറങ്ങുമ്പോള്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് അവരെ പിടിച്ചുകെട്ടണമെങ്കില്‍ മികച്ച കളി പുറത്തെടുക്കുക തന്നെ വേണം.
ഐഎസ്എല്‍ കണ്ട ഏറ്റവും മികച്ച മുന്നേറ്റതാരങ്ങളിലൊരാളായ മാഴ്‌സലിഞ്ഞോ ഉള്‍പ്പെടുന്ന മുന്നേറ്റ നിരയ്ക്ക് ഈ സീസണില്‍ കാര്യമായൊന്നും ചെയ്യുവാന്‍ സാധിച്ചില്ല. ഏത നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒരുപിടി താരങ്ങള്‍ ഇപ്പോഴും പൂനെ സിറ്റി എഫ്‌സി നിരയില്‍ അവിശേഷിക്കുന്നു. അതുകൊണ്ടുതന്നെ തോറ്റ് നില്‍ക്കുന്നവരുടെ കളിയാണെങ്കില്‍ പോലും മികച്ച മല്‍സരം പ്രതീക്ഷിക്കാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss