|    Oct 16 Tue, 2018 11:07 am
FLASH NEWS
Home   >  Sports  >  Football  >  

ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വറുതിക്ക്്് അറുതിയാവുമോ?

Published : 2nd December 2017 | Posted By: vishnu vis

കൊച്ചി: മികച്ച കളികാഴ്ചവക്കുന്നവരല്ല, ഗോളടിക്കുന്നവരാണ് ജയിക്കുന്നതെന്ന ഫുട്‌ബോളിന്റെ പ്രാഥമികപാഠം മറന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നു മൂന്നാം നാട്ടങ്കം.   മൂന്നാമത്തെ ഹോംമാച്ചിന് തയ്യാറെടുക്കുമ്പോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ ഉറ്റുനോക്കുന്നതും തങ്ങളുടെ പ്രിയടീമിന്റെ ഗോള്‍വറുതിക്ക് അറുതിയാവുമോയെന്നാണ്.     കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈ എഫ് സിക്കെതിരെയാണ് കേരള ബാസ്‌റ്റേഴ്‌സ് തങ്ങളുടെ മൂന്നാം മല്‍സരത്തിനായി ഇന്നിറങ്ങുന്നത്. ആദ്യ മാച്ചുകളില്‍ എടികെ കൊല്‍ക്കത്തക്കെതിരേയും ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരേയും കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു മല്‍സരത്തിലും ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടതിനാല്‍ രണ്ടു പോയിന്റുകള്‍  നേടാനായി. ഈ രണ്ടു പോയിന്റും ഗോള്‍ വഴങ്ങാതെ സമനില പിടിക്കാനായതും വലിയ നേട്ടമായി കോച്ചും താരങ്ങളും പറയുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി ആരവം  മുഴക്കിയെത്തുന്ന അമ്പതിനായിരത്തിലധികം കാണികള്‍ ടീമിന്റെ പ്രകടനത്തില്‍  തൃപ്തരല്ലെന്നതാണ് വാസ്തവം. ഇന്ന് മുബൈക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും മഞ്ഞപ്പടയുടെ ആരാധകരെ സന്തോഷിപ്പിക്കില്ല. ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഭാഗ്യം കൊണ്ടാണ് പരാജയപ്പെടാതിരുന്നത്. ഇതിന് ബ്ലാസ്റ്റേഴ്‌സ് നന്ദി പറയേണ്ടത് ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂബ്കയോടാണ്. പോള്‍ റെച്ചൂബ്കയുടെ അവിശ്വസനീയ രക്ഷപ്പെടുത്തലുകളായിരുന്നു എടികെയുടെ വിജയം തടഞ്ഞത്. പിന്നീട് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ നടന്ന മല്‍സരത്തിലും ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂബ്ക തന്നെയായിരുന്നു രക്ഷകന്‍. ജംഷഡ്പൂരിനെതിരെ പന്തടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലായി. ഈ മല്‍രത്തില്‍ ബെര്‍ബറ്റോവിനെ പ്ലേ മേക്കറുടെ റോളിലാണ് ഇറക്കിയത്. മികച്ച സ്‌ട്രൈക്കറായ ബെര്‍ബറ്റോവ് മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ അധ്വാനിച്ചു കളിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. അരാത്ത ഇസുമിയും മലയാളി താരം സി കെ വിനീതും പ്രതീക്ഷക്കൊത്തുയരാതിരുന്നതും  ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷയക്ക് മങ്ങലേല്‍പ്പിച്ചു. സ്‌ട്രൈക്കറായി എത്തിയ ഇയാന്‍ ഹ്യൂമിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  മോശം പ്രകടനം കാരണം ക്ഷമനശിച്ച ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൂവിവിളിക്കുകയും ചെയ്തു. ആദ്യ രണ്ട് കളികളിലും പരിക്കുകാരണം ഇറങ്ങാതിരുന്ന ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും പ്രതിരോധനിരതാരം വെസ് ബ്രൗണ്‍ ഇന്ന് മുംബൈ എഫ്‌സിക്കെതിരെ കളിക്കുമെന്നാണ് സൂചന. വെസ് ബ്രൗണ്‍ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കൂടുതല്‍ ഭദ്രമാവുമെന്നാണ് വിലയിരുത്തല്‍. വെസ് ബ്രൗണ്‍  ഇന്നിറങ്ങിയാല്‍ ഒരു വിദേശ കളിക്കാരന്‍ പുറത്തിരിക്കേണ്ടിവരും.  മറുവശത്ത് മുംബൈ സിറ്റിയും തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. മൂന്ന് കളികളില്‍ രണ്ടെണ്ണവും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മൂന്ന് ഗോളടിച്ചു, അഞ്ചെണ്ണം വഴങ്ങി.ആദ്യ കളിയില്‍ ബംഗളൂരു എഫ്‌സിയോട് 2-0ന് തോറ്റുതുടങ്ങിയ മുംബൈ രണ്ടാം മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-1ന് തോല്‍പ്പിച്ചു. എന്നാല്‍ മൂന്നാം കളിയില്‍  പൂനെ സിറ്റിയോട് 2-1ന് തോല്‍ക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരേ വിജയം അനിവാര്യമാണ്. ബ്രസീലിയന്‍ താരങ്ങളാല്‍ സമ്പന്നമാണ് മുംബൈ നിര. എവര്‍ട്ടണ്‍ സാന്റോസ്, തിയാഗോ സാന്റോസ്, ലിയോ കോസ്റ്റ, മാര്‍കോ റൊസാരിയോ, വൈസ് ക്യാപ്റ്റന്‍ ജെര്‍സണ്‍ വിയേര എന്നിവരാണ് ടീമിലെ കാനറി അംഗങ്ങള്‍. പ്രതിരോധത്തില്‍ റുമാനിയന്‍ താരവും ടീം നായകനുമായ ലൂസിയോ ഗോയിന്‍,മധ്യനിരയില്‍ കാമറൂണില്‍ നിന്നുള്ള അചിലെ എമാന, മുന്നേറ്റനിരയില്‍ സ്പാനിഷ് താരം റാഫ ജോര്‍ദയും ഉള്‍പ്പെടുന്നു. ഇത്രയുമൊക്കെ താരങ്ങളുണ്ടെങ്കിലും പന്ത് കൈവശംവച്ചു കളിക്കുന്നതില്‍ മുംബൈ പിന്നിലാണെന്നാണ്് വിലയിരുത്തപ്പെടുന്നത്.അതേപോലെ ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്‌ട്രൈക്കര്‍മാര്‍ പലപ്പോഴും പരാജയപ്പെടുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുംബൈ ഇന്ന് ആഞ്ഞടിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിയര്‍ക്കുമെന്ന കാര്യം ഉറപ്പാണ്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss