|    Sep 25 Mon, 2017 5:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബ്രൗണ്‍ഷുഗറും 4000 കിലോ പുകയില ഉല്‍പന്നങ്ങളും പിടികൂടി

Published : 18th July 2016 | Posted By: SMR

ആലുവ: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, അങ്കമാലി മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ബ്രൗണ്‍ഷുഗറും 4000 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. അര കിലോ കഞ്ചാവ്, മൂന്ന് ഗ്രാം ബ്രൗണ്‍ഷുഗര്‍, അഞ്ച് ലിറ്റര്‍ വിദേശമദ്യം എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് 31 പേര്‍ അറസ്റ്റിലായി.
പിടിയിലായവരില്‍ രണ്ട് പേര്‍ ഒഴികെയുള്ളവരെല്ലാം ഇതര സംസ്ഥാനക്കാരാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചര മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ 100ഓളം എക്‌സൈസ് ഉദ്യോഗസ്ഥര്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഇതര സംസ്ഥാനക്കാരുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ഓപറേഷന്‍ ഭായ് എന്ന പേരില്‍ റെയ്ഡ് നടത്തിയത്. സഹായത്തിനായി പോലിസ് സംഘവും ഉണ്ടായിരുന്നു. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങളില്‍ അധികവും പെരുമ്പാവൂര്‍ കണ്ടത്തറ, വല്ലം, ആലുവ കുട്ടമശ്ശേരി എന്നിവിടങ്ങളിലെ ഗോഡൗണില്‍ നിന്നുള്ളവയാണ്. പുകയില ഉല്‍പന്നങ്ങളുമായി 21 പേരും കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നിവയുമായി ഏഴ് പേരും അളവില്‍ അധികം വിദേശമദ്യവുമായി മൂന്ന് പേരുമാണ് പിടിയിലായത്.
ബ്രൗണ്‍ഷുഗറും മദ്യവും കഞ്ചാവും കണ്ടെത്തിയത് കണ്ടത്തറയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ്. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങളില്‍ ഏറെയും ബംഗാളില്‍ നിന്നുള്ള ബീഡിയാണ്. കേന്ദ്രസര്‍ക്കാര്‍ നിയമനുസരിച്ച് ബിഡികളുടെ കവറിന് പുറത്ത് 85 ശതമാനം സ്ഥലത്ത് നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചേര്‍ക്കണമെന്നാണ് ചട്ടം. ഇതുലംഘിച്ച് പായ്ക്ക് ചെയ്തതിനാലാണ് ബീഡികള്‍ പിടിച്ചെടുത്തത്. കഞ്ചാവ് 500 ഗ്രാമും ബ്രൗണ്‍ഷുഗര്‍ മൂന്ന് ഗ്രാമുമാണ് പിടിച്ചെടുത്തത്. കഞ്ചാവും ബ്രൗണ്‍ഷുഗറും ബീഡിയും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ബംഗാളില്‍ നിന്നു ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലെത്തിക്കുന്നതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. ഇതര സംസ്ഥാനക്കാരായ നിര്‍മാണ തൊഴിലാളികള്‍ക്കിടയിലാണ് ഇവ വിറ്റഴിച്ചിരുന്നത്. റെയ്ഡ് നടക്കുന്നതിനിടെ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് രണ്ട് മലയാളികളും കുടുങ്ങിയത്. പെരുമ്പാവൂര്‍ സ്വദേശി സാലു (38), സലാം (24) എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇവരില്‍ നിന്ന് 100 ഗ്രാം വീതം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇരുവര്‍ക്കെതിരേയും വേറെയും കഞ്ചാവ് കേസുകളുണ്ട്.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി സന്തോഷ്, ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ നാരായണന്‍കുട്ടി, അസി. കമ്മീഷണര്‍ എ എസ് രഞ്ജിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി എല്‍ ജോസ് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക