|    Sep 24 Mon, 2018 11:10 am
Home   >  Sports  >  Football  >  

ബ്രോ…ഇവിടെയാണ് ലോകകപ്പ്…

Published : 11th June 2018 | Posted By: vishnu vis

മുജീബ് പുള്ളിച്ചോല

ദേശവും ഭാഷയും വന്‍കരകളുമല്ല മലപ്പുറത്തുകാര്‍ക്ക് കാല്‍പ്പന്തുകളിയോട് പ്രണയം തോന്നാന്‍ കാരണം, മറിച്ച് പച്ചവിരിച്ച മൈതാനത്ത് രണ്ട് ഗോള്‍ക്കീപ്പര്‍മാര്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ബൂട്ടിട്ട കാലുകള്‍, തുകല്‍പന്തില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ആ കാലുകളോടാണ് പ്രണയം. കാല ചക്രം ഉരുളും തോറും ആ പ്രണയത്തോട് പിരിശം കൂടിയിട്ടെയുള്ളു. ബ്രീട്ടീഷ് സാമ്രാജ്യത്വം ഉപേക്ഷിച്ചുപോയ അപൂര്‍വം നന്‍മകളിലൊന്നാവണം മലപ്പുറത്തുകാരന്റെ ഫുട്‌ബോള്‍ പ്രണയം. വെള്ളക്കാരന്റെ കവാത്തുപറമ്പായിരുന്ന കോട്ടപ്പടി മൈതനാത്തു നിന്നാണു മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആരവത്തിന്‍ വിസില്‍ മുഴക്കം. വ്യായമത്തിനും നേരം പോക്കിനും പന്ത് തട്ടിയിരുന്ന വെള്ളപട്ടാളത്തില്‍ നിന്നാണ് ഈ തുകല്‍ ഗോളം മലപ്പുറത്തുകാരന്റെ കാലില്‍ കുരുങ്ങിയത്. നാട് അടക്കിവാണ ബ്രട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ചു, പക്ഷേ മലപ്പുറത്തുകാര്‍ കാല്‍പ്പന്തുകളിയോടുള്ള മുഹബ്ബത് ഇവിടെ പിടിച്ചുവച്ചു.
ഉരുളുന്ന പന്ത് മലപ്പുറത്തുകാര്‍ക്ക് കരളിനു തുല്യമാണെന്നാണു വയ്പ്പ്. കാല്‍പ്പന്തെന്ന വിസ്മയ ഗോളത്തെ മാന്ത്രിക കാലുകള്‍ കൊണ്ട് കീഴ്‌പ്പെടുത്തി അദ്ഭുതം സൃഷ്ടിച്ച അനേകര്‍ക്ക് ജന്‍മം നല്‍കിയ നാടാണ് മലപ്പുറം. മലമുകളില്‍ മയങ്ങുന്ന മലപ്പുറത്തിന്റെ കളി ആവേശം മലയോളം വരും, ആ ആവേശമാണ് മൈലുകള്‍ ദൂരമുള്ള ലോക ഫുട്‌ബോളിന്റെ കാര്‍ണിവല്‍ നടക്കുന്ന അങ്ങ് റഷ്യയിലേക്ക് സഞ്ചരിക്കുന്നത്.

ചങ്കാണ് ബ്രസീല്‍; ചങ്കിടിപ്പാണ് അര്‍ജന്റീന


അര്‍ജന്റീനക്കോ ബ്രസീലിനോ ഏറ്റവും കൂടുതല്‍ ആരാധകരന്ന് ചോദിച്ചാല്‍ അതിന് ഉത്തരം കണ്ടെത്താന്‍ ഇത്തിരി ബുദ്ധിമുട്ടും. രണ്ടു കൂട്ടരുടെയും ആരാധകര്‍ കട്ടക്ക് കട്ടയാണ്. കാലില്‍ പന്ത്‌കൊണ്ട് ആര് ചിത്രം വരക്കുന്നുവോ അവരെ  ‘ഇശ്ഖ്’ വക്കുക എന്നാണു മലപ്പുറത്തുകാരന്റെ രീതിശാസ്ത്രം. അര്‍ജന്റിന, ബ്രസീല്‍ എന്നിവര്‍ക്കു മാത്രമല്ല കട്ട ഫാന്‍സുകള്‍ ഉള്ളത്. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഹോളണ്ട്, ഉറുഗ്വേ എന്നിവര്‍ക്കെല്ലാം  ഇവിടെ ആരാധകരുണ്ട്. ഇവരുടെയൊക്കെ പതാകളും തെരുവകളില്‍ തൂങ്ങിയിട്ടുണ്ട്. എങ്കിലും ബഹുഭൂരിഭാഗം ഫാന്‍സുകാരെയും ബ്രസീല്‍ അര്‍ജന്റിന പകുത്തെടുത്തിരിക്കുന്നു. ചിലര്‍ അര്‍ജന്റീന ബ്രസീല്‍ ആരധകരായി അജീവനാന്തം മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരാണ്. ആറും ഏഴും ഗോളുകള്‍ക്കൊന്നും തങ്ങളുടെ പ്രിയ ടീം തോറ്റാലും  ന്യായങ്ങള്‍ നിരത്തി അവര്‍ സ്വന്തം ടീമിനെ വിജയിപ്പിച്ചിരിക്കും. ഇത്തരക്കാരുടെ സങ്കടം കണ്ടാല്‍ പിന്നെ ജയം കണ്ടെത്തിയ ടീമിനോട് ‘ങ്ങള് തോറ്റാ മതീനീ’ എന്നല്ലാതെ എന്തു പറയും. കഴിഞ്ഞ ലോകകപ്പിന് ഇറ്റലിക്ക് നിരവധി ആരാധകരുണ്ടായിരുന്നു. ഈ ലോകകപ്പിന് ഇറ്റലിയില്ലാത്തതിനാല്‍ അവര്‍ ഏത് രാജ്യത്ത് ചേക്കേറിയെന്നാണ് അറിയാത്ത്. ബ്രസീല്‍ അര്‍ജന്റിന പോര് വന്നാല്‍ അന്ന് കളി കമ്പക്കാരുടെ ഹാലിളകും. കയ്യടിച്ചും കൂക്കിവിളിച്ചും കളി ആവേശം അതിര് വിടും, ഇതൊക്കെ കാല്‍പന്ത് കളിയോടുള്ള മലപ്പുറത്തുകാരന്റെ പ്രണയമാണ്. കട്ട ഫാന്‍സുകള്‍ക്കപ്പുറം കളിയുടെ ജയപരാജയങ്ങള്‍ക്കനുസരിച്ച് ഫാന്‍സ് മാറുന്ന കളി ആസ്വാദകരുമുണ്ടിവിടെ. അവര്‍ കളിയെ വ്യക്തമായി നിരീക്ഷിച്ച് ടീമിന്റെ ശക്തി തിരിച്ചറിഞ്ഞ് കാല്‍പ്പന്തുകളിയോടോപ്പം കൂടുന്നവരാണ്. മലപ്പുറത്തെ ആവേശം പരമാവധി മുതലെടുക്കാന്‍ കച്ചവടക്കാരും സജീവമാണ്. ലോകകപ്പ് പതാകളും ജഴ്‌സികളും മാത്രമല്ല ബാഗ്, കുട, ചെരുപ്പ് തുവാല, തൊപ്പി, വിസില്‍ പന്ത് തുടങ്ങിയവല്ലാം ചൂടപ്പം പോെലയാണു വില്‍പ്പന. ലോകകപ്പ് സ്‌പെഷ്യല്‍ കടകള്‍ വരെ തുറന്നിട്ടുണ്ട്. എല്ലാ വില്‍പ്പനയിലും മുന്നില്‍ ബ്രസീല്‍ അര്‍ജന്റീന പതാകകളും ജഴ്‌സികളുമാണ്. ഇഷ്ട ടീമിന്റെ ജഴ്‌സി അണിഞ്ഞാണു കളി കാണാന്‍ ടെലിവിഷന് മുമ്പിലേക്കെത്തുക.

അന്നം തന്ന സൗദിക്കുമുണ്ട് ആരാധകര്‍

മലപ്പുറത്തുകാരന്റെ പ്രധാന പ്രവാസം സൗദിയിലേക്കാണ്. അതിനാല്‍ തന്നെ ലോക ഫുട്‌ബോളില്‍ സൗദി അറേബ്യ പോരിനിറങ്ങുമ്പോള്‍ ആര്‍പ്പുവിളികളും പ്രാര്‍ഥനകളുമായി സൗദിക്ക് പിന്നാലെയും ആരാധകരുണ്ടാവും. ഇത് കളിയുടെ ചേല് കണ്ടിട്ടല്ല, അന്നം തന്ന രാജ്യത്തോടുള്ള കടപ്പാട് മാത്രം. ഇതിനകം തന്നെ സൗദിയുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. സൗദിയിലെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളും സൗദിയില്‍ നിന്ന് നാട്ടിലെത്തിയവരും ചേര്‍ന്നാണ് കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും പതാകകളും സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ തന്നെ വാഹനങ്ങളിലുമൊക്കെയായി സൗദിയുടെ ലോഗോയും പതാകയും മലപ്പുറത്തുകാര്‍ വയ്ക്കാറുണ്ട്. മലപ്പുറത്തെ ഈ മുന്നേറ്റത്തിന് കാരണക്കാരായ സൗദിയെ എങ്ങനെ ഇഷ്ടം വക്കാതിരിക്കുമെന്നാണ് ഒരു സൗദി ആരാധകന്റെ ചോദ്യം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ജൂണ്‍ 14ന് ആതിഥേയരും ഏഷ്യന്‍ ശക്തിയായ സൗദ്യ അറേബ്യയും തമ്മില്‍ ഉദ്ഘാടന മല്‍സരത്തില്‍ പോര് തീര്‍ക്കുമ്പോള്‍ മലപ്പുറവും സൗദിക്കൊപ്പം അവേശം തീര്‍ക്കും.

ജ്യേഷ്ഠന്‍ ചുമരിന് മഞ്ഞയടിച്ചു; അനിയന്‍ അതുക്കും മേലെ…

ഫുട്‌ബോള്‍ ലോകകപ്പ് അടുത്തതോടെ മലപ്പുറത്തിന്റെ മുക്കും മൂലയും വിവിധ രാജ്യങ്ങളുടെ ‘കോളനി’കള്‍ ആയി മാറിയിരിക്കുകയാണ്. പോരാട്ടവീര്യം തുളുമ്പുന്ന വാക്കുകളും ചിത്രങ്ങളുമായി ഒന്നിനടുത്ത് ഒന്നായി മതിലുകളിലും ബാനറുകളും ബോര്‍ഡുകളുമായി കളിക്കാര്‍ക്കൊപ്പം ഇവരുമുണ്ട്. എടവണ്ണ വടശ്ശേരി വികെ പടിയിലെ ലോകകപ്പ് ആരവം ശരിക്കും ഒരു ഒന്നൊന്നൊരയായിപ്പോയി. ജ്യേഷ്ഠന്‍ തന്റെ ഇഷ്ട ടീമായ ബ്രസീലിന്റെ മഞ്ഞക്കളര്‍ ചുമരിന് അടിച്ചപ്പോള്‍ അര്‍ജന്റീനക്കാരനായ അനിയന്‍ വിട്ട് കൊടുത്തില്ല, ഓടിന് നീലയും വെള്ളയും പെയിന്റ് അടിച്ച് കട്ട മറുപടി നല്‍കി. ഇതൊക്ക് ചെറുത്, ഇതിലും വലുതാണ് മലപ്പുറത്തെ കളിയാവേശം.ജില്ലയുടെ ഓരോ മുക്കും മൂലയും കളിവേശത്തിന്റെ കട്ടൗട്ടുകളും കമാനങ്ങളുമായി ഫള്ക്‌സ് മയം തീര്‍ത്തിരിക്കുകയാണ്. ആരാധകര്‍ തമ്മിലുള്ള ആരോഗ്യകരമായ മല്‍സരത്തിനും ഫഌക്‌സ് ബോര്‍ഡ് വേദിയാകുന്നു. ഉരുളക്കുപ്പേരി കണക്കെ മറുപടി നല്‍കുന്ന ഫഌക്‌സ് ബോര്‍ഡ് യുദ്ധം രസകരമാണ്.അതിലൊന്ന് ഇങ്ങനെയാണ് – ‘വിപ്ലവ നായകന്‍ ചെഗുവേരയുടെ നാട്ടില്‍ നിന്നു കാരിരുമ്പിന്റെ കരുത്തും ചീറ്റപ്പുലിയുടെ വേഗതയും കുറുക്കന്റെ കൗശലവുമായി ലയണല്‍ മെസിയും സംഘവും എത്തുന്നത് പുതുചരിത്രം കുറിക്കാന്‍ തന്നെയാണെന്ന് അര്‍ജന്റീനയുടെ ആരാധകര്‍ ആണയിടുമ്പോള്‍ റഷ്യന്‍ സുന്ദരിയുടെ കൊട്ടാര കവാടം വരെ നെയ്മര്‍ എന്തിനത്തെിയോ.. അതും കൊണ്ടേ മടങ്ങൂ.. വാഴുന്ന മണ്ണിനും വണങ്ങുന്ന ഫാന്‍സിനും നെയ്മര്‍ കൊടുത്ത വാക്കാണിതെന്ന് ബ്രസീല്‍ ആരാധകര്‍ ആത്മവിശ്വാസത്തോടെ പറയുന്നു’. ഫളക്‌സ് ബോര്‍ഡ് യുദ്ധം മാത്രമല്ല, ഫാന്‍സ് റാലികള്‍, ഫാന്‍സ് സംഗമം ലോകകപ്പിന്റെ മുന്നോടിയായി മലപ്പുറത്ത് നടന്നു. അര്‍ജന്റിന, ബ്രസീല്‍ ഫാന്‍സ് റാലി മലപ്പുറം കുന്നുമ്മല്ലില്‍ അതിഗംഭീരമായാണ് നടന്നത്. ഫഌക്‌സിന് പുറമെ കോണ്‍ക്രീറ്റ് മാതൃകകളും ഉയര്‍ന്നിട്ടുണ്ട്. ആതിഥേയരായ റഷ്യ കഴിഞ്ഞാല്‍ ലോകകപ്പ് ഏറ്റവുമധികം ആഘോമാക്കുന്നവര്‍ മലപ്പുറത്തുകാരായിരിക്കുമെന്ന് പറയുന്നതില്‍ അതിശയോക്തിയുണ്ടാവില്ല. ലോക ഫുട്‌ബോള്‍ റഷ്യയിലേക്ക് ചുരുങ്ങുമ്പോള്‍ മലപ്പുറുത്തുകാര്‍ക്ക് വലിയ പെരുന്നാളിന്റെ ആഘോഷമാണ്. ‘അത്ര കണ്ട് മുഹബ്ബത്താണു ഭായ് മ്മക്ക് ഈ ഫുട്‌ബോള്‍’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss