|    Nov 19 Sun, 2017 11:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രെക്‌സിറ്റ് : ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള വന്‍ അവസരങ്ങള്‍

Published : 13th August 2017 | Posted By: fsq

 

കൊച്ചി: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വഴിപിരിയല്‍ (ബ്രെക്‌സിറ്റ്) ഇന്ത്യക്കു വലിയ അവസരങ്ങളാണു തുറന്നിട്ടിരിക്കുന്നതെന്ന് ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി. കേരള മാനേജ്‌മെ ന്റ് അസോസിയേഷന്റെ (കെഎംഎ) യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ബിസിനസ് യാത്ര, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കു ചെലവ് ഗണ്യമായി കുറയും. ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്തി എന്ന നിലയില്‍ ബ്രിട്ടനിലേക്ക് കുടിയേറ്റം അടിയന്തരാവശ്യമാണ്. ഇതിനകം ബ്രിട്ടന്‍ നല്‍കിയ വിസകളില്‍ 66 ശതമാനവും ഇന്ത്യക്കാര്‍ക്കാണ്. വിദ്യാര്‍ഥികളടക്കം കൂടുതല്‍ ആളുകള്‍ക്ക് അവിടെ ഇനിയും അവസരങ്ങളുണ്ട്. തുല്യര്‍ തമ്മിലുള്ള പങ്കാളിത്തമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ളതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യാസന്ദര്‍ശനവേളയില്‍ പറഞ്ഞതു ശ്രദ്ധേയമാണെന്നും ഭരത് ജോഷി ചൂണ്ടിക്കാട്ടി. ഗവേഷണം, പരിസ്ഥിതിസൗഹൃദ ഊര്‍ജം, വ്യാപാരം എന്നിവയാണ് ബ്രിട്ടന്‍ ഇന്ത്യയില്‍ മുഖ്യമായും ലക്ഷ്യമിടുന്ന മേഖലകള്‍. ഇരുരാജ്യങ്ങളുടെയും ശാസ്ത്ര കണ്ടുപിടിത്ത സഹകരണത്തില്‍ പിന്തുണ നല്‍കാന്‍ ന്യൂട്ടന്‍-ഭാഭ ഫണ്ടിന്റെ ആവശ്യകത ഏറെയാണ്. ലണ്ടനിലെ പ്രശസ്തമായ തേംസ് നദി ശുദ്ധീകരിക്കുന്ന മാതൃക ഗംഗാ ശുദ്ധീകരണത്തില്‍ ഇന്ത്യക്കു സ്വീകരിക്കാവുന്നതാണ്. ഇന്ത്യയില്‍ കേരളത്തിലടക്കം നടപ്പാക്കാനിരിക്കുന്ന വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ ബ്രിട്ടിഷ് ഹൈക്കമ്മീഷന്‍ സന്നദ്ധമാണെന്നും ജോഷി വ്യക്തമാക്കി. 2019 മെയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുവരുന്നതോടെ യൂറോപ്യന്‍ കമ്പോളത്തില്‍ നിന്നു പുറത്തേക്കു പോവേണ്ടിവരും. അതോടെ തൊട്ടടുത്ത കമ്പോളങ്ങളുമായി പുതിയ ധാരണകളും വ്യവസ്ഥകളും ഉണ്ടാക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ ഇന്റര്‍പോള്‍ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരണം തുടരുമെങ്കിലും, ബ്രിട്ടനില്‍ ചെറിയ അസ്വസ്ഥതകള്‍ക്കു സാധ്യത കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക