|    Nov 19 Mon, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രൂവറി അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകയാണ് തനിക്കെതിരായ അന്വേഷണം

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കൈയോടെ പിടിച്ച് റദ്ദാക്കിച്ചതിന്റെ പകതീര്‍ക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് പഴയ ഒരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ തനിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ സ്ഥലം ചിന്താലയ വിദ്യാലയത്തിന് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തന്നെ തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തുന്നതിന്റെ ദുരുദ്ദേശ്യം നാട്ടുകാര്‍ക്കു മനസ്സിലാവും. എതിര്‍ക്കുന്നവരെ കേസില്‍പ്പെടുത്തി അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇതൊന്നുംകൊണ്ട് തന്നെ നിശ്ശബ്ദനാക്കാമെന്നു കരുതേണ്ട. ഇതില്‍ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചുകാണിക്കണം. നിമാനുസൃതമായാണ് ഭൂമി കൈമാറാന്‍ തീരുമാനമെടുത്തത്. നിയമവകുപ്പിന്റെ അംഗീകാരവും അതിനുണ്ടായിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം ഇപ്പോള്‍ അതു കുത്തിപ്പൊക്കി കൊണ്ടുവന്ന് തനിക്കെതിരേ കേസെടുക്കുന്നത് താന്‍ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഓരോന്നായി പുറത്തുകൊണ്ടുവരുന്നതിനാലാണെന്നും ചെന്നിത്തല പറഞ്ഞു. സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്കിനെയും കൈപ്പിടിയിലാക്കി രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പ് ദുരുപയോഗം ചെയ്ത് റിസര്‍വ് ബാങ്കിനെ കൂച്ചുവിലങ്ങിടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss