|    Oct 18 Thu, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രൂവറികള്‍ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം: എസ്ഡിപിഐ

Published : 4th October 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയത്തിനു ശേഷം കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ നീക്കം ദുരൂഹവും സംശയാസ്പദവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചായക്കട തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കുന്നതിനോടാണ് മദ്യനിര്‍മാണശാല തുടങ്ങുന്നതിനെ മന്ത്രി ഇ പി ജയരാജന്‍ ഉപമിച്ചത്.
ഈ നില തുടര്‍ന്നാല്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പകരം മദ്യത്തെ ആശ്രയിക്കേണ്ട അവസ്ഥവരും. ആപല്‍ക്കരമായ ഈ നയത്തില്‍ നിന്ന് കേരളസര്‍ക്കാര്‍ പിന്‍മാറണം. വരള്‍ച്ചാ സാധ്യതാ പ്രദേശമായ പാലക്കാട് ജില്ലയിലെ എലപ്പള്ളിയില്‍ ദിനംപ്രതി അഞ്ച് ലക്ഷം ഹെക്ടോ ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയത്. നിലവില്‍ അഞ്ച് ഡിസ്റ്റ്‌ലറികളും ഒരു ബിയര്‍ ഫാക്ടറിയും 13 കുപ്പിവെള്ള ഫാക്ടറികളും പാലക്കാട്ടുണ്ട്.
പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അതുണ്ടാക്കുന്ന സാമൂഹികാഘാതവും കൂടി പരിഗണിച്ചാണ് കോംപൗണ്ടിങ്, ബെന്‍ഡിങ്, ബോട്ട്‌ലിങ് യൂനിറ്റുകള്‍ സ്ഥാപിക്കാനുള്ള 110 അപേക്ഷകള്‍ നിരസിച്ച് 1999ല്‍ ഒരുത്തരവുണ്ടായത്. ആ ഉത്തരവ് രഹസ്യമായി തിരുത്തിയതില്‍ ദുരൂഹതയുണ്ട്. 1999ലെ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്കു മാത്രം ബാധകമെന്ന വാദം ബാലിശമാണ്. പുതിയ അപേക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന വ്യാഖ്യാനം നാലുപേര്‍ മാത്രമറിഞ്ഞത് എങ്ങിനെയാണ്? ഇപ്പോള്‍ അനുമതി നേടിയ ശ്രീചക്രാ ഡിസ്റ്റ്‌ലറീസ് 1999ല്‍ നിഷേധിക്കപ്പെട്ട കമ്പനികളിലുള്‍പ്പെട്ടതാണ്. കൃത്യമായ സ്ഥലവും കെട്ടിടവും ചൂണ്ടിക്കാട്ടാതെയാണ് തൃശൂരില്‍ വിദേശമദ്യ നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. കൊച്ചി ഇന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമിയുടെ രേഖ സമ്പാദിച്ചത് വെറും 48 മണിക്കൂര്‍ കൊണ്ടാണ്. ഇത് ലഭിച്ചത് പ്രമുഖ സിപിഎം നേതാവിന്റെ മകന്‍ പ്രൊജക്റ്റ് മാനേജരായ സ്ഥാപനത്തിനാണെന്നതും അഴിമതിക്കുള്ള സാധ്യതയായി പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളും പ്രകോപനപരമായ പ്രസ്താവനകളും സംശയം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സിപിഎം ഒട്ടകപക്ഷി നയം സ്വീകരിച്ചിട്ട് കാര്യമില്ല. അഴിമതി ഇല്ലെന്നാണ് വാദമെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം. നാലു കമ്പനികള്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ (സംസ്ഥാന സമിതിയംഗം) പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss