|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യലഭ്യത ഉറപ്പാക്കാന്‍ ബ്രൂവറികള്‍, കോംപൗണ്ടിങ്, ബ്ലെന്‍ഡിങ്, ബോട്ടലിങ് യൂനിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ലെന്നും മന്ത്രി ടി പി രാമകൃഷണന്‍.
മദ്യ ഉല്‍പാദന യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും അപേക്ഷകള്‍ പരിഗണിക്കുന്നതിനും കാലാനുസൃതമായി മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെഎന്‍ഐ ഖാദറിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ ആധുനിക രീതിയിലുള്ള ടോഡി പാര്‍ലറുകള്‍ ആരംഭിക്കും. നിര്‍ദിഷ്ട ടോഡി ബോര്‍ഡ് രൂപീകരണത്തില്‍ ഇത് ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് വിഭാഗം ബാര്‍ ഹോട്ടലുകളുടെ ദൂരപരിധി 2012 ഏപ്രില്‍ 17ന് ഉണ്ടായിരുന്ന രീതിയില്‍ 50 മീറ്ററായി പുനസ്ഥാപിച്ച് ചട്ടം ഭേദഗതി വരുത്തിയിട്ടുണ്ട്. മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്നു ചിറ്റയം ഗോപകുമാര്‍, മുഹമ്മദ് മുഹ്്‌സിന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മന്ത്രി മറുപടി നല്‍കി. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ത്രീ സ്റ്റാര്‍ പദവിയും അതിന് മുകളിലും സ്റ്റാര്‍ പദവിയുള്ള 121 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 466 ബിയര്‍, വൈന്‍ പാര്‍ലറുകളുണ്ട്. പുറമെ 40 ഹോട്ടലുകള്‍ക്കു കൂടി മദ്യവില്‍പനയ്ക്കുള്ള ലൈസന്‍സ് നല്‍കി. സംസ്ഥാനത്ത് വില്‍പന നടത്തുന്ന 40 ശതമാനം ബിയറും ഏഴ് ശതമാനം വിദേശമദ്യവും അയല്‍സംസ്ഥാനത്തു നിന്നു വരുന്നതാണ്. വി പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി ജോണ്‍ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.
ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ് അധ്യക്ഷയായ സമിതിയാണ് എക്‌സൈസ് മന്ത്രിക്ക് റിപോര്‍ട്ട് നല്‍കിയത്. ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നാലംഗസമിതിയില്‍ എക്‌സൈസ് കമ്മീഷണര്‍ (ഇസിആര്‍ബി), എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.
എക്‌സൈസില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എടിഎം കവര്‍ച്ചകളും സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലിസ് സേനയില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ റീജ്യനല്‍ ഐടി വിങുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കിഫ്ബി ഓഫിസ് പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 30 ലക്ഷം രൂപ വേണ്ടിവരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. നവകേരളം ലോട്ടറിയുടെ വിറ്റുവരവില്‍ 36.10 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കിയിട്ടുള്ള വനഭൂമിയുടെ പാട്ടവാടക നിശ്ചയിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനു മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജു അറിയിച്ചു.
തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയും ലോക്കല്‍ കംപ്ലയിന്‍സ് കമ്മിറ്റിയും രൂപീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നു മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. രാത്രിയില്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തി നല്‍കാത്ത തൊഴിലുടമയ്ക്ക് എതിരേ തൊഴില്‍ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജി എസ് ജയലാല്‍, സി ദിവാകരന്‍, ഗീതാഗോപി, കെ രാജന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss