|    Jan 22 Sun, 2017 9:30 am
FLASH NEWS

ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കുറ്റസമ്മതം; ഇറാഖ് അധിനിവേശം തെറ്റ്

Published : 26th October 2015 | Posted By: SMR

ലണ്ടന്‍: ഇറാഖ് അധിനിവേശത്തിന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്നും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വളര്‍ച്ചയ്ക്ക് ഇറാഖ് യുദ്ധം കാരണമായെന്നും ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. സദ്ദാം ഹുസയ്‌നെ ഭരണത്തില്‍നിന്നു പുറത്താക്കിയവര്‍ക്ക് ഇന്നത്തെ ഇറാഖിന്റെ അവസ്ഥയില്‍ ഉത്തരവാദിത്തമുണ്ടെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനൊപ്പം 2003ല്‍ ഇറാഖ് അധിനിവേശത്തിനു നേതൃത്വം നല്‍കുകയും യുദ്ധത്തില്‍ അഭിമാനംകൊള്ളുകയും ചെയ്തിരുന്ന ബ്ലെയര്‍ ആദ്യമായാണ് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കുന്നത്.
ഇറാഖില്‍ കൂട്ടനശീകരണായുധങ്ങളുണ്ടെന്ന് തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരങ്ങള്‍ തെറ്റായിരുന്നു. തന്റെ നയങ്ങള്‍ ഇറാഖില്‍ പ്രാവര്‍ത്തികമായില്ല. ആസൂത്രണത്തില്‍ കാര്യമായ പിഴവു സംഭവിച്ചു. താന്‍ യുദ്ധക്കുറ്റം ചെയ്തിട്ടില്ല. എന്നാല്‍, യുദ്ധക്കുറ്റ വിചാരണ നേരിടാന്‍ തയ്യാറാണ്. ഭരണകൂടത്തെ പുറത്താക്കിയാല്‍ ഇറാഖില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും തെറ്റായി. സദ്ദാം ഭരണകൂടം പുറത്താക്കപ്പെട്ടതാണ് ഐഎസിന്റെ വളര്‍ച്ചയ്ക്കു കാരണമെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട്. എന്നാല്‍, 2011ല്‍ തുടങ്ങിയ അറബ് വിപ്ലവവും ഇറാഖിനെ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധത്തിനു ശേഷം എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സഖ്യസേന സഹായിച്ചുവെന്നതില്‍ സംശയമില്ല. സദ്ദാമിനു ശേഷം അധികാരത്തില്‍ വന്ന ഇറാഖ് ഭരണകൂടത്തിന്റെ വിഭാഗീയ നയങ്ങളും ഇറാഖിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണെന്നും ബ്ലെയര്‍ പറഞ്ഞു.
അധിനിവേശം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയര്‍ കുറ്റമേല്‍ക്കുന്നത്. ബ്രിട്ടനില്‍ ഇറാഖ് അധിനിവേശം സംബന്ധിച്ച് അന്വേഷിക്കുന്ന സര്‍ ജോണ്‍ ചില്‍കോട്ട് അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ബ്ലെയറിന്റെ കുറ്റസമ്മതം. അഭിമുഖത്തില്‍ അധിനിവേശത്തെ ന്യായീകരിക്കാനും ബ്ലെയര്‍ ശ്രമിക്കുന്നുണ്ട്. സദ്ദാം ഹുസയ്‌നെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ ക്ഷമചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന അദ്ദേഹം അധിനിവേശം നടന്നില്ലായിരുന്നെങ്കില്‍ സിറിയയുടെ ഇന്നത്തെ അവസ്ഥ ഇറാഖിനുണ്ടാവുമായിരുന്നെന്നും അവകാശപ്പെടുന്നു. ഇറാഖ് അധിനിവേശം തുടങ്ങുന്നതിന് ഒരുവര്‍ഷം മുമ്പു തന്നെ ബ്ലെയറും ബുഷും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ച വൈറ്റ്ഹൗസ് രേഖ കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് ടാബ്ലോയ്ഡ് ദി ഡെയ്‌ലി മെയില്‍ പുറത്തുവിട്ടിരുന്നു. നയതന്ത്ര പരിഹാരത്തിന്റെ മറവില്‍ അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ പിന്തുണയ്ക്കാമെന്ന് ബ്ലെയര്‍ സമ്മതിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍, പ്രസിഡന്റ് ബുഷിന് കൈമാറിയ രേഖ.
അതേസമയം, സദ്ദാമിനെ പുറത്താക്കിയാല്‍ ഇറാഖ് തകരുമെന്ന് യുദ്ധം തുടങ്ങും മുമ്പ് താന്‍ ബ്ലെയറിനെ ഓര്‍മിപ്പിച്ചിരുന്നെന്ന് മുന്‍ ലേബര്‍ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന ഡേവിഡ് ബ്ലങ്കറ്റ് വെളിപ്പെടുത്തി.
ബ്ലെയറിന്റെ അഭിമുഖം പുറത്തുവന്നതോടെ വിവിധ കോണുകളില്‍നിന്നു വിമര്‍ശനമുയര്‍ന്നു. ഇറാഖ് യുദ്ധം ബ്ലെയര്‍ ആസൂത്രണം ചെയ്തതായിരുന്നെന്ന് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്‍ജന്‍ ആരോപിച്ചു.
ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ആണ് ചില്‍കോട്ട് അധ്യക്ഷനായ സമിതിയെ യുദ്ധം സംബന്ധിച്ച് അന്വേഷിക്കാന്‍ ആറുവര്‍ഷം മുമ്പു നിയോഗിച്ചത്. അന്വേഷണം പൂര്‍ത്തിയായെന്നും റിപോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്നും ചില്‍കോട്ട് അറിയിച്ചു. എന്നാല്‍, അന്വേഷണം ഇത്രയും വൈകിയതിനു പിന്നില്‍ ചിലരുടെ കൈകളുണ്ടെന്ന് സ്റ്റര്‍ജന്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. വിമര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ ബ്ലെയര്‍ നേരത്തേ കുറ്റസമ്മതം നടത്തി രൂക്ഷത കുറയ്ക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക