|    Oct 22 Sun, 2017 10:21 am
Home   >  Editpage  >  Middlepiece  >  

ബ്രിട്ടിഷ് ഭരണത്തിന്റെ ഗുണപാഠങ്ങള്‍

Published : 21st August 2016 | Posted By: SMR

slug-indraprasthamപശു ചത്താലും മോരിലെ പുളി പോവില്ല എന്നു പറഞ്ഞപോലെയാണ് രാജ്യത്തെ ഭരണാധികാരികളുടെ പോക്ക്. ബ്രിട്ടിഷ് ഭരണം അസഹ്യമായിരുന്നു. നാട്ടുകാരെ അപമാനിച്ചും അടിച്ചും വെടിവച്ചും അവരുടെ സമ്പത്ത് കട്ടുമുടിച്ചുമാണ് വിദേശികള്‍ ഭരിച്ചത്. അതിനെതിരായി നാട്ടിലെ ജനം അതിഗംഭീരമായ പോരാട്ടം നടത്തി. ഒരുപാടുപേര്‍ ജീവത്യാഗം ചെയ്തു. ജാലിയന്‍വാലാബാഗ് മുതലുള്ള കഥകള്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ കഥകളായി.
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കമ്മ്യൂണിസ്റ്റുകള്‍ ഇതല്ല ഒറിജിനല്‍ സാധനം എന്ന് പറഞ്ഞു മാറിനിന്നു. അവര്‍ക്കന്ന് കരിദിനമായാണ് തോന്നിയത്. ഒരുനിലയ്ക്ക് അതില്‍ കാര്യമുണ്ടായിരുന്നു. രാജ്യം വിഭജിക്കപ്പെട്ട ദിനവുമാണ് അന്ന്. ഗാന്ധിജിപോലും ശിഷ്യനായ നെഹ്‌റു അധികാരത്തിലേറുന്നതു കാണാന്‍ ഡല്‍ഹിയില്‍ എത്തിയില്ല. അദ്ദേഹം ദൂരെ നവഖാലിയില്‍ വര്‍ഗീയലഹളകള്‍ക്കിടയില്‍ ജനങ്ങളെ ആശ്വസിപ്പിക്കാനായി നഗ്നപാദനായി സഞ്ചരിക്കുകയായിരുന്നു.
ഗാന്ധിജിയെ രാജ്യത്തിന് വേണ്ടാതായിമാറിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ എതിരാളികളായ സവര്‍ക്കര്‍-ഗോഡ്‌സെ സംഘത്തിനു മാത്രമല്ല അദ്ദേഹം കണ്ണിലെ കരടായത്. സ്വന്തം ശിഷ്യന്മാരില്‍ പലര്‍ക്കും ഗാന്ധിജി അരോചകമായി മാറിത്തുടങ്ങിയിരുന്നു.
ഗാന്ധിജിയോട് കയര്‍ത്തും എന്നാല്‍, ഗാന്ധിയന്‍ തത്ത്വങ്ങളോട് യോജിച്ചും രാഷ്ട്രീയത്തില്‍ വന്ന കൂട്ടരാണ് സോഷ്യലിസ്റ്റുകള്‍. അവര്‍ ലളിതജീവികളായിരുന്നു. രാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും ഒക്കെ സോഷ്യലിസ്റ്റുകളുടെ മഹനീയ നേതാക്കളായിരുന്നു. അവര്‍ക്ക് രാഷ്ട്രീയത്തിലെ മുഖ്യ അജണ്ട കോണ്‍ഗ്രസ് വിരോധമായിരുന്നു. അങ്ങനെ കോണ്‍ഗ്രസ്സിനെതിരേ അവര്‍ വലിയ മുന്നേറ്റമുണ്ടാക്കി. യുപിയിലും ബിഹാറിലും ഭരണം പിടിച്ചു. മുലായം മുതല്‍ ലാലു വരെയും റബ്‌റി മുതല്‍ നിതീഷ്‌കുമാര്‍ വരെയും ഒരുനിര നേതാക്കളുണ്ടായി.
എന്നാല്‍, സമത്വസുന്ദര സോഷ്യലിസ്റ്റ് ഭരണത്തിന്റെ അവസ്ഥ അറിയണമെങ്കില്‍ മുലായം കുടുംബക്കാര്‍ ഭരിക്കുന്ന യുപിയും ലാലു-നിതീഷ് കൂട്ടുകെട്ട് ഭരിക്കുന്ന ബിഹാറും നോക്കിയാല്‍ മതി. യുപിയില്‍ സോഷ്യലിസ്റ്റ് ഭരണ നേട്ടങ്ങളില്‍ സഹികെട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നൂറ്റിക്കുനൂറു സീറ്റിലും ജനം ബിജെപിക്കാര്‍ക്ക് വോട്ട് നല്‍കി വിജയിപ്പിച്ചു. കാരണം, അത്രയേറെ അഴിമതിപൂരിതമായിരുന്നു അഖിലേശ ഭരണം.
ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. എല്ലാ കൂട്ടരും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ പശുവാദികളെയും സോഷ്യലിസ്റ്റുകളെയും കോണ്‍ഗ്രസ്സുകാരെയും ഒക്കെ ജനം അടിച്ചോടിക്കുമെന്നാണു തോന്നുന്നത്. അത്രയേറെ ബോറാണ് അവരുടെ ട്രാക്ക് റിക്കാര്‍ഡ്.
അതേ മട്ടിലാണ് ബിഹാറിലും കാര്യങ്ങളുടെ പോക്ക്. ജനങ്ങള്‍ക്ക് അരിയോ തുണിയോ തൊഴിലോ മെച്ചപ്പെട്ട റോഡുകളോ സാമൂഹിക-സാമ്പത്തിക വികസനമോ ഭദ്രതയോ ഒന്നും മഹത്തായ നിതീഷ് ഭരണത്തില്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുള്ളിക്കാരന്റേത് സിംഗിള്‍ പോയിന്റ് അജണ്ടയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരേ ദേശീയതലത്തില്‍ സംയുക്ത മുന്നണി നേതാവായി രംഗത്തുവരണം.
അതിനുള്ള ഏറ്റവും എളുപ്പവഴി പഴയ ഗാന്ധിയന്‍ ലൈന്‍ തന്നെ. മദ്യവര്‍ജനം എടുത്തുവീശുകയാണ് നിതീഷ്ജി. ഗാന്ധിയന്മാര്‍ക്ക് പരമ സന്തോഷം. സ്ത്രീജനങ്ങള്‍ക്കും സന്തോഷം. പക്ഷേ, കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ നാട്ടിലെങ്ങും മദ്യഷാപ്പുകള്‍ നിരനിരയായി തുറന്നുകൊടുത്ത് നാട്ടുകാരെ മദ്യത്തില്‍ ആറാടിച്ചതും ഇതേ മഹാന്‍ തന്നെയാണ്. ജനം കുറഞ്ഞ ചെലവില്‍ അടിച്ചുവീശി പരമാനന്ദം പുല്‍കി.
അങ്ങനെ ആനന്ദഭരിതനായവനോട് സന്ന്യസിക്കാന്‍ പറഞ്ഞാല്‍ ഏശുമോ? ജനം കള്ളവാറ്റും മറ്റു പരിപാടികളും തുടങ്ങി. ഇപ്പോള്‍ വ്യാജനടിച്ച് ജനം വ്യാപകമായി വടിയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഒരു ഡസന്‍ ജനമാണ് ആനന്ദാതിരേകം കാരണം സ്വര്‍ഗാരോഹണം പൂകിയത്.
നിതീഷ് ഇപ്പോള്‍ പറയുന്നത് ആരെങ്കിലും കുടിച്ചാല്‍ അയാളുടെ കുടുംബം മൊത്തം ജയിലിലാവുമെന്നാണ്. ഗ്രാമത്തില്‍ കള്ളവാറ്റ് പിടിച്ചാല്‍ ആ നാടു മുഴുവന്‍ ഉത്തരവാദികളാവും. ഇതുവരെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത നിയമപരിഷ്‌കാരങ്ങളാണ് ബിഹാറില്‍ അരങ്ങേറുന്നത്. തന്ത കുടിച്ചാല്‍ ഭാര്യയും മക്കളും അഴിയെണ്ണണം!
ഇത് കേട്ടുകേള്‍വിയില്ലാത്തത് എന്നു പറഞ്ഞുകൂടാ. പണ്ട് ബ്രിട്ടിഷ് ഭരണത്തില്‍ ഇങ്ങനെ കൂട്ടപ്പിഴയും കുടുംബത്തിനു മൊത്തം ശിക്ഷയും പതിവുണ്ടായിരുന്നു. ആരാണു പറഞ്ഞത് സ്വതന്ത്ര ഇന്ത്യ ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് യാതൊന്നും പഠിച്ചിട്ടില്ലെന്ന്?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക