|    Oct 19 Fri, 2018 2:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടന്‍ ഇയു പൊതുവിപണി വിടും: പ്രധാനമന്ത്രി തെരേസ മെയ്

Published : 18th January 2017 | Posted By: fsq

 

ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ പൊതുവിപണിയില്‍ തുടരാന്‍ സാധ്യമല്ലെന്നും അതിനര്‍ഥം യൂറോപ്യന്‍ യൂനിയന്‍ വിടുമെന്നല്ലെന്നും പ്രധാനമന്ത്രി തെരേസ മെയ്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്് ഇന്നലെ രാവിലെ ലണ്ടനിലെ ലങ്കാസ്റ്റര്‍ ഹൗസില്‍ ബ്രക്‌സിറ്റ് വിഷയത്തിലെ നിലപാട് വ്യക്തമാക്കുകയായിരുന്നു അവര്‍. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ പൊതുവിപണിയില്‍ നിന്നും രാജ്യം പൂര്‍ണമായും പുറത്തുവരും. പുതിയ ധാരണ രൂപപ്പെടുത്തി യൂനിയനുമായുള്ള വ്യാപാര ബന്ധം തുടരാനും ഇറക്കുമതി തീരുവയില്‍ ഇളവനുവദിക്കുന്ന യൂറോപ്യന്‍ കസ്റ്റംസ് യൂനിയന്റെ ഭാഗമായി നിലനില്‍ക്കാനുമാണ് രാജ്യം ശ്രമിക്കുന്നതന്നും മെയ് വ്യക്തമാക്കി. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കു മുന്നോടിയായുള്ള പന്ത്രണ്ടിന ലക്ഷ്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യൂനിയനുമായി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് ധാരണയിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടിനിടും. യൂനിയന്‍ അംഗരാജ്യങ്ങളില്‍നിന്നുള്ളവരെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ബ്രിട്ടനിലേക്കുള്ള ഇവരുടെ സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. യൂനിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടിഷ് പൗരന്മാര്‍ക്ക് മറ്റിടങ്ങളിലുമുള്ള കുടിയേറ്റ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അയര്‍ലന്‍ഡുമായി മാത്രം പൊതുസഞ്ചാരമേഖല നിലനിര്‍ത്തുന്ന കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കും. യൂനിയന്റെ പ്രവര്‍ത്തനത്തിനായി നല്‍കിവന്ന വന്‍തുകയുടെ സംഭാവനകള്‍ നിര്‍ത്തലാക്കും. എന്നാല്‍ ഇന്റലിജന്‍സ്, പോലിസ് ഇന്‍ഫര്‍മേഷന്‍ കൈമാറ്റം തുടരും.ബ്രക്‌സിറ്റ് ഹിതപരിശോധനാഫലം നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ജോലിയാണ്. യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നതിനര്‍ഥം യൂറോപ്പ് വിടുക എന്നല്ലെന്നും യൂറോപ്പിലെ നിര്‍ണായക ശക്തിയായി ബ്രിട്ടന്‍ തുടരുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss