|    Oct 23 Mon, 2017 6:18 am
Home   >  Todays Paper  >  page 9  >  

ബ്രിട്ടന്റെ തീവ്രവാദവിരുദ്ധ നിയമം കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാവുന്നു

Published : 14th July 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടന്റെ തീവ്രവാദവിരുദ്ധ നിയമം കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാവുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ കാരണം ക്ലാസ്‌റൂമുകളില്‍ കുട്ടികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്നു പിന്നോട്ടുപോവാന്‍ നിര്‍ബന്ധിതരാകേണ്ടിവരുന്നുവെന്നും മനുഷ്യാവകാശ സംഘടനയായ റൈറ്റ്‌സ് വാച്ച് യുകെ അറിയിച്ചു. പ്രിവന്റ് (തടയുക) എന്ന പേരിലറിയപ്പെടുന്ന പദ്ധതി കാരണം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വാക്കുകള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായി മുദ്രകുത്തുമോയെന്നു ഭയപ്പെടേണ്ടിവരുന്നതായി റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ യാസ്മിന്‍ അഹമ്മദ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് പ്രിവന്റ് ഇല്ലാതാക്കുന്നതെന്നും ഒരു വിഭാഗം വിദ്യാര്‍ഥികളെ ഭയത്തില്‍ തളച്ചിടുന്ന പദ്ദതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതലാണ് ബ്രിട്ടനിലെ സ്‌കൂളുകളില്‍ പ്രിവന്റ് പദ്ദതി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. വിദ്യാര്‍ഥികള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോവാതിരിക്കുന്നതിനായുള്ള നിയമപരമായ ചുമതലകള്‍ അധ്യാപകര്‍ക്കു നല്‍കുന്നുവെന്നായിരുന്നു പ്രിവന്റിനെക്കുറിച്ചുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്റെ വിശദീകരണം.
ഇത്തരം പ്രസ്ഥാനങ്ങളിലേക്കു പോവാന്‍ സാധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നതും അവരുടെ കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതും അധ്യാപകരുടെ ചുമതലയില്‍പ്പെട്ടതാണെന്നും പ്രിവന്റുമായി ബന്ധപ്പെട്ട നിയമത്തില്‍ പറയുന്നു. ബ്രിട്ടനിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരേ നിയമം വംശീയമായി ഉപയോഗിക്കപ്പെടുന്നതായി തുടക്കത്തില്‍ തന്നെ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തീവ്രവാദികളെന്ന മുദ്രകുത്തല്‍ ഭയന്ന് ബ്രിട്ടനിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്വയം സെന്‍സറിങ് നടത്തി സംസാരിക്കേണ്ടി വരുന്നതായി റൈറ്റ്‌സ് വാച്ച് യുകെയുടെ റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തീവ്രവാദ വിരുദ്ധ സുരക്ഷാ ബില്ല് 2015ന്റെ ഭാഗമായാണ് പ്രിവന്റ് പദ്ധതി നടപ്പാക്കിയത്.
കിന്റര്‍ ഗാര്‍ഡനിലെ മുസ്‌ലിം വിദ്യാര്‍ഥികളെപ്പോലും നിരീക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നുവെന്ന് വിമര്‍ശനം നേരിടുന്ന നിയമം കൊണ്ടുവരുന്നതില്‍ നിയുക്ത പ്രധാനമന്ത്രിയും കണ്‍സെര്‍വേറ്റീവ് നേതാവുമായ തെരേസ മെയ് പ്രധാന പങ്കുവഹിച്ചിരുന്നു. ഇസ്‌ലാം വിരുദ്ധതയ്ക്ക് അനുമതി നല്‍കുന്നുവെന്നും ഭീകരവാദത്തെ മുസ്‌ലിംകള്‍ കാരണമുണ്ടാവുന്ന പ്രശ്‌നമായി അവതരിപ്പിക്കുന്നുവെന്നും നിയമത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക